മണിക്കുട്ടനും മലയാളി സംഘവും പാകിസ്ഥാൻ അതിർത്തിയിൽ കുടുങ്ങി

പാകിസ്ഥാൻ ഷെല്ലാക്രമണത്തിൽ ജയ്‌സാൽമീറിൽ പ്രതിസന്ധിയിലായ സിനിമാ താരങ്ങളിൽ മലയാളി നടൻ മണിക്കുട്ടനുമുണ്ടെന്ന വാർത്തകളിൽ വ്യക്തത വരുത്തി താരം. പാക് അതിർത്തിയിൽ കുടുങ്ങി എന്ന് പ്രചരിക്കപ്പെടുന്ന മണിക്കുട്ടൻ താനല്ലെന്ന് നടൻ തന്റെ സമൂഹമാദ്ധ്യമ അക്കൗണ്ട് വഴി അറിയിച്ചു. താനിപ്പോൾ ഒരു സ്റ്റേജ് ഷോയുമായി ബന്ധപ്പെട്ട് ന്യൂയോർക്കിലാണെന്നാണ് മണിക്കുട്ടൻ അറിയിച്ചത്.
ഈ വാർത്തയിൽ പറഞ്ഞ മണിക്കുട്ടൻ ഞാനല്ല. പ്രിയമുള്ളവരേ സിനി സ്റ്റാർ നൈറ്റ് 2025 പ്രോഗ്രാമുമായി ബന്ധപ്പെട്ട് ശ്വേതാ മേനോൻ, രാഹുൽ മാധവ്, മാളവിക, ശ്രീനാഥ്, രേഷ്‌മ രാഘവേന്ദ്ര, മഹേഷ് കുഞ്ഞുമോൻ, അനൂപ് കോവളം എന്നിവരോടൊപ്പം ഞാൻ ഇപ്പോൾ ന്യൂയോർക്കിലാണ്. ഒരു ചാനലിൽ വന്ന ഫേക്ക് ന്യൂസുമായി ബന്ധപ്പെട്ടാണ് ഈ പോസ്റ്റിടുന്നത്. കൃത്യമായ ന്യൂസ് വ്യക്തതയോടെ പ്രചരിപ്പിക്കുമെന്ന് വിശ്വസിക്കുന്നു. നല്ല രീതിയിലുള്ള ഇന്ത്യൻ പ്രതിരോധം തുടരട്ടെ, എത്രയും വേഗം ശാന്തമാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു’,
എന്നാണ് മണിക്കുട്ടൻ സമൂഹമാദ്ധ്യമങ്ങളിൽ കുറിച്ചത്. ന്യൂയോർക്കിലെ പരിപാടിയുടെ പോസ്റ്ററും പങ്കെടുക്കുന്ന മറ്റ് താരങ്ങൾക്കൊപ്പമുള്ള ചിത്രവും മണിക്കുട്ടൻ പങ്കുവച്ചിട്ടുണ്ട്.പാക് ഷെല്ലാക്രമണത്തെത്തുടർന്ന് ജയ്‌സാൽമീറിൽ മലയാള സിനിമാ ഷൂട്ടിംഗ് സംഘം പ്രതിസന്ധിയിലായിരുന്നു. 200പേരടങ്ങുന്ന സംഘമാണ് ഷൂട്ടിംഗ് നിർത്തിവച്ച് കേരളത്തിലേക്ക് മടങ്ങിയത്. മലയാളത്തിലെ ആദ്യ വാമ്പയർ ആക്ഷൻ മൂവി എന്ന വിശേഷണത്തിലെത്തുന്ന ‘ഹാഫ്’ എന്ന ചിത്രത്തിലെ അഭിനേതാക്കൾ ഉൾപ്പെടെയുള്ള സംഘമാണ് കേരളത്തിലേക്ക് തിരിച്ചത്.