രമേഷ് പിഷാരടിയെന്ന രാഷ്ട്രീയക്കാരനെ എങ്ങനെ വിലയിരുത്തുന്നു? മറുപടിയുമായി കുഞ്ചാക്കോ ബോബൻ

കൊച്ചി: രാഷ്ട്രീയക്കാരൻ എന്ന നിലയിൽ രമേഷ് പിഷാരടിയെ എങ്ങനെ വിലയിരുത്തുന്നു, രാഷ്ട്രീയത്തിലിറങ്ങാൻ താത്പര്യമുണ്ടോ തുടങ്ങിയ ചോദ്യങ്ങൾക്ക് മറുപടിയുമായി നടൻ കുഞ്ചാക്കോ ബോബൻ. . പിഷു നല്ല ജനപ്രതിനിധിയാകാൻ യോഗ്യതയുള്ള ആളാണെന്ന് കുഞ്ചാക്കോ ബോബൻ പറഞ്ഞു. പിഷുവിനെ നല്ല തമാശ പറയുന്നയാൾ എന്ന നിലയ്ക്കാണ് മലയാളികൾക്ക് കൂടുതൽ പരിചയം.
അതിനപ്പുറമുള്ള രമേഷ് പിഷാരടി ലോകത്തെ പറ്റി അറിവുള്ള , സമൂഹത്തെപ്പറ്റി അറിയാൻ ആഗ്രഹമുള്ള ഒരാളാണെന്ന് കുഞ്ചാക്കോ ബോബൻ പറയുന്നു. തന്‍റെ ഭാര്യ പ്രിയയുമായി പിഷാരടി പൊളിറ്റിക്സ് സംസാരിക്കും. ഇവർ തമ്മിലുള്ള സംവാദം നല്ല രസമാണെന്ന് കുഞ്ചാക്കോ ബോബൻ പറയുന്നു. കലാകാരൻ എന്ന ലേബലിൽ ഇലക്ഷന് ഇറങ്ങിയ ആളല്ല പിഷാരടി. തന്‍റെ പ്രചാരണത്തിന് വരണമെന്ന് താൻ നിർബന്ധം പിടിക്കില്ലെന്നും പിഷാരടി പറഞ്ഞിരുന്നുവെന്ന് കുഞ്ചാക്കോ ബോബൻ
രമേഷ് പിഷാരടിക്ക് ചെറിയ ലൈറ്റടിച്ചാൽ പോലും മൈഗ്രെയ്ൻ വരുന്നയാളാണ്. അങ്ങനെയൊരാൾ പാലക്കാടൻ ചൂടിൽ കുട പോലുമില്ലാതെ പ്രചാരണം നടത്തി. വിളിച്ചപ്പോൾ നല്ല തലേവദനയുണ്ടെന്ന് പറഞ്ഞു. ഏത് പാർട്ടിയോ വിശ്വാസമോ എന്തിനപ്പുറം മനുഷ്യനായി നല്ല കാര്യങ്ങൾ ചെയ്യണമെന്ന് വിശ്വസിക്കുന്ന ഒരാളാണ് താനെന്ന് കുഞ്ചാക്കോ ബോബൻ പറഞ്ഞു. രാഷ്ട്രീയത്തിലിറങ്ങുമോ എന്ന ചോദ്യത്തിനും കുഞ്ചാക്കോ ബോബൻ മറുപടി നൽകി-
“അതിനുള്ള തയ്യാറെടുപ്പുകൾ വേണ്ടിവരും. സിനിമയിലേക്ക് വരണമെന്ന് ആഗ്രഹിച്ച് വന്നയാളല്ല ഞാൻ. പിന്നീട് സിനിമയ്ക്ക് വേണ്ടിയുള്ള തയ്യാറെടുപ്പുകൾ വേണ്ടിവന്നു. രാഷ്ട്രീയത്തിലേക്ക് വരണമെങ്കിൽ എനിക്ക് അതിനുള്ള ആഗ്രഹം ഉണ്ടാവണം. ഞാനതിന് കേപ്പബിൾ ആവണം. അതിനുള്ള തയ്യാറെടുപ്പും അധ്വാനവും ശ്രമവും ആത്മാർത്ഥമായി ഉണ്ടാവണം. അങ്ങനെയൊരു അവസ്ഥ വന്നാൽ ഞാനെന്നല്ല ആരാണെങ്കിലും ചെയ്യും”.
തുടർഭരണം ആണെങ്കിലും തുടരാത്ത ഭരണമാണെങ്കിലും നല്ല ഭരണം ഉണ്ടാവണമെന്നാണ് വോട്ട് ചെയ്ത് കുഞ്ചാക്കോ ബോബൻ പറഞ്ഞത്. വോട്ടവകാശം ഉത്തരവാദിത്വത്തോട് കൂടി നിർവഹിക്കേണ്ടതാണെന്നും കുഞ്ചാക്കോ ബോബൻ പറഞ്ഞു. ജയിക്കുന്നവർക്ക് നാടിനെ നല്ല രീതിയിൽ സേവിക്കാൻ കഴിയണം. കേരളത്തിൽ നല്ല ഭരണമുണ്ടാവണം. സിനിമ മേഖലയിൽ നിന്ന് ഒരുപാട് പേർ രാഷ്ട്രീയത്തിലേക്ക് വരുന്നു. രമേഷ് പിഷാരടിക്ക് വ്യക്തിപരമായി വിജയാശംസകൾ നേരുന്നുവെന്നും നല്ല വ്യക്തിത്വങ്ങൾ ജയിച്ചു വരട്ടെയെന്നും കുഞ്ചാക്കോ ബോബൻ പറഞ്ഞിരുന്നു.



