
കൊച്ചി: ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കേസിൽ നടൻ ശ്രീനാഥ് ഭാസിയെ ചോദ്യം ചെയ്യാൻ വിളിച്ചുവരുത്തും. അടുത്ത ആഴ്ച ചോദ്യം ചെയ്യലിന് ഹാജരാക്കാൻ നോട്ടീസ് നൽകിയേക്കുമെന്നാണ് വിവരം. കേസിൽ ശ്രീനാഥ് ഭാസി മുൻകൂർ ജാമ്യാപേക്ഷയുമായി കോടതിയെ സമീപിച്ചിരുന്നു. എന്നാൽ പിന്നീട് ഇത് പിൻവലിക്കുകയും ചെയ്തു.
തന്നോട് കഞ്ചാവ് വേണോ എന്ന് ചോദിക്കുകയും അതിനോട് പ്രതികരിക്കുകയും ചെയ്തതായി ശ്രീനാഥ് ഭാസി ഹർജിയിൽ പറഞ്ഞിരുന്നു. ഇത് കഞ്ചാവ് ഇടപാട് നടന്നതിന്റെ സൂചനയായി അന്വേഷണ സംഘം വിലയിരുത്തുന്നു. ആദ്യം ശ്രീനാഥ് ഭാസിയെ ചോദ്യം ചെയ്ത ശേഷമായിരിക്കും ഷൈൻ ടോം ചാക്കോയെ വിളിപ്പിക്കുക.ആലപ്പുഴയിലെ ഹൈബ്രിഡ് കഞ്ചാവുമായി യുവതി ഉൾപ്പെടെ രണ്ട് പേർ പിടിയിലായ കേസിൽ അന്വേഷണം എക്‌സൈസ് അസിസ്റ്റന്റ് കമ്മീഷണർക്ക് കൈമാറിയിരുന്നു. ഈ കേസിൽ പ്രതികളുടെ ഫോൺ പരിശോധിച്ചപ്പോഴാണ് ചില സിനിമ താരങ്ങളുമായി ബന്ധപ്പെട്ട സൂചന ലഭിക്കുന്നത്.
ഈ താരങ്ങളെ വിളിച്ച് വരുത്തുമെന്നും നോട്ടീസ് കൊടുത്ത് ചോദ്യം ചെയ്യുമെന്നും എക്‌സൈസ് അറിയിച്ചിരുന്നു.പിന്നാലെയാണ് അറസ്റ്റ് ഭയമുണ്ടെന്നും തടയണമെന്നും കാണിച്ച് ശ്രീനാഥ് ഭാസി കോടതിയെ സമീപിച്ചത്. എക്‌സൈസ് അസിസ്റ്റന്റ് കമ്മീഷണർ ആർ അശോക് കുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം. കോടികൾ വിലമതിക്കുന്ന ഹൈബ്രിഡ് കഞ്ചാവ് ആണ് ആലപ്പുഴയിൽ പിടിച്ചെടുത്തത്. കൂടാതെ കേരളത്തിലേക്ക് ലഹരി എത്തിക്കുന്ന സംഘത്തിലെ പ്രധാന കണ്ണിയായ കണ്ണൂർ സ്വദേശിനി തസ്ലീമ സുൽത്താനും പിടിയിലായി. ഇവർ രണ്ട് സിനിമാ താരങ്ങളുടെ പേരുകളാണ് വെളിപ്പെടുത്തിയതെന്ന് മുൻപ് ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണർ എസ് വിനോദ് കുമാർ മാദ്ധ്യമങ്ങളോട് പറഞ്ഞിരുന്നു.