“രാമനായി രൺബീർ കപൂറിന് കൈയടി, സീതയായി സായ് പല്ലവിയോട് വിയോജിപ്പ്; ‘രാമായണ’യെക്കുറിച്ച് തനിഷ മുഖർജി”

‘രാമായണ’ സിനിമയിൽ സീതയായി സായ് പല്ലവി ചേരുന്നില്ലെന്ന വിമർശനവുമായി നടി തനിഷ മുഖർജി. സായ് പല്ലവിയെ സീതയായി കാണുമ്പോൾ സിനിമയുടെ ദൃശ്യാനുഭവവുമായുള്ള ബന്ധം വിച്ഛേദിക്കപ്പെടുന്നതുപോലെ തോന്നിയെന്ന് തനിഷ എക്സിൽ കുറിച്ചു. ചിത്രം കണ്ടതിന് ശേഷം മൂന്ന് കുറിപ്പുകളായാണ് താരം തന്റെ അഭിപ്രായങ്ങൾ പങ്കുവെച്ചത്. രൺബീർ കപൂറിന്റെ ശ്രീരാമനെ വാനോളം പുകഴ്ത്തിയ തനിഷ, രാവണനായി എത്തിയ യഷിന്റെ പ്രകടനത്തെക്കുറിച്ച് സമ്മിശ്ര പ്രതികരണമാണ് രേഖപ്പെടുത്തിയത്.
താൻ സിനിമ കാണാൻ അല്പം വൈകിയെങ്കിലും ഒടുവിൽ കണ്ടുവെന്നും, മാധ്യമങ്ങൾ നൽകുന്ന ചില വിവരങ്ങൾ തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും തനിഷ വ്യക്തമാക്കി. ചിത്രത്തിൽ നിറയെ ‘രാമൻ’ തന്നെയാണെന്നും രൺബീർ കപൂർ ഗംഭീര പ്രകടനമാണ് കാഴ്ചവച്ചതെന്നും താരം പറഞ്ഞു. ‘അനിമൽ’ എന്ന ചിത്രത്തിലെ പ്രകടനം കണ്ട് ശ്രീരാമന്റെ വേഷത്തിൽ രൺബീറിനെ ഉൾക്കൊള്ളാൻ കഴിയുമോ എന്ന് സംശയമുണ്ടായിരുന്നുവെങ്കിലും, അദ്ദേഹം തികച്ചും അനുയോജ്യനായിരുന്നുവെന്ന് തനിഷ കൂട്ടിച്ചേർത്തു. വനവാസ വേദനയും, കൈകേയിയുടെ തീരുമാനത്തിലുണ്ടായ ആഘാതവും, സീതയോടും ലക്ഷ്മണനോടുമുള്ള സ്നേഹവും കരുതലുമെല്ലാം സ്വാഭാവികമായി പ്രേക്ഷകരിലേക്ക് എത്തിക്കാൻ രൺബീറിന് സാധിച്ചുവെന്നും, അദ്ദേഹം രാമനായി അഭിനയിക്കുകയല്ല, ജീവിക്കുകയായിരുന്നുവെന്നും താരം പ്രശംസിച്ചു.
സായ് പല്ലവി മികച്ച നടിയാണെന്നതിൽ സംശയമില്ലെങ്കിലും, സീത എന്ന കഥാപാത്രത്തിന് അവർ ഒട്ടും ചേരുന്നില്ലെന്ന് തോന്നിയതായി തനിഷ കുറിച്ചു. എങ്കിലും സിനിമയിലെ ദൃശ്യങ്ങളും കഥയും അഭിനയവുമെല്ലാം അതിമനോഹരമാണെന്നും തീർച്ചയായും കണ്ടിരിക്കേണ്ട ചിത്രമാണിതെന്നും താരം വ്യക്തമാക്കി.
രാവണനായി എത്തിയ യഷിന്റെ പ്രകടനത്തിൽ പ്രതീക്ഷകൾക്കപ്പുറം ചില കാര്യങ്ങൾ മികച്ചുനിന്നെങ്കിലും പൂർണ്ണതയിലെത്തിയില്ലെന്നാണ് തനിഷയുടെ വിലയിരുത്തൽ. ശരീരഭാഷയും ആക്ഷൻ രംഗങ്ങളും ഗർവുമെല്ലാം ഗംഭീരമായിരുന്നെങ്കിലും, കഥാപാത്രത്തിന്റെ ആഴത്തിലുള്ള മാനങ്ങൾ പൂർണ്ണമായി ഉൾക്കൊള്ളാൻ കഴിഞ്ഞില്ലെന്ന് താരം ചൂണ്ടിക്കാണിച്ചു. രാവണൻ കേവലം ശക്തിയും അഹങ്കാരവും മാത്രമായിരുന്നില്ലെന്നും, പണ്ഡിതനും തന്ത്രശാലിയും ആഴചിന്തയുള്ളവനുമായിരുന്നുവെന്നും തനിഷ ഓർമ്മിപ്പിച്ചു. രൺബീറിനൊപ്പം നിൽക്കാൻ യഷിന് സാധിച്ചുവെന്നും, രാവണന്റെ ശക്തിയെ വെള്ളിത്തിരയിൽ എത്തിക്കുക എന്ന ശ്രമകരമായ ദൗത്യത്തിൽ അദ്ദേഹം മികച്ച പ്രകടനം തന്നെയാണ് കാഴ്ചവച്ചതെന്നും തനിഷ കൂട്ടിച്ചേർത്തു.



