News

മൂന്ന് ദിവസത്തെ ബാങ്ക് പണിമുടക്ക് അവസാന നിമിഷം മാറ്റിവച്ചു; ഞായറാഴ്ച രാത്രി 9.30ന് സംഭവിച്ചതെന്ത്?

ന്യൂഡൽഹി: ഇന്ന് മുതൽ ആരംഭിക്കേണ്ടിയിരുന്ന മൂന്ന് ദിവസത്തെ ബാങ്ക് പണിമുടക്ക് ഇന്നലെ രാത്രിയാണ് പെട്ടെന്ന് മാറ്റിവച്ചത്. ബാങ്ക് ജീവനക്കാരുടെ സംയുക്ത സംഘടനയായ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻ (യുഎഫ്ബിയു)​ നടത്താനിരുന്ന പണിമുടക്കാണ് അവസാനനിമിഷം മാറ്റിവച്ചത്. ശനിയാഴ്ച പൂർണ അവധി നൽകി ആഴ്ചയിൽ അഞ്ചുദിവസത്തെ ബാങ്കിംഗ് നടപ്പിലാക്കുക എന്നതായിരുന്നു യുഎഫ്ബിയുടെ പ്രധാന ആവശ്യം.

ഞായറാഴ്ച രാത്രി ഇന്ത്യൻ ബാങ്ക്സ് അസോസിയേഷനും (ഐബിഎ) ബാങ്ക് യൂണിയനുകളും തമ്മിൽ നടത്തിയ ചർച്ചയിൽ പ്രധാന ആവശ്യങ്ങൾക്ക് അനുകൂലമായ ഉറപ്പുകൾ ലഭിച്ചു. അഞ്ച് ദിവസത്തെ പ്രവൃത്തിവാരം പരിശോധിക്കുന്നതിനായി ഒരു സമിതി രൂപീകരിക്കാമെന്ന ധാരണയിലെത്തി. ഈ സമിതിയിൽ ഇരുപക്ഷത്തെയും പ്രതിനിധികൾ ഉൾപ്പെടുന്നു.

ഇത് അംഗീകരിച്ചാണ് പണിമുടക്ക് മാറ്റിവച്ചതെന്നാണ് യുഎഫ്ബിയുടെ പ്രസ്താവനയിൽ പറയുന്നത്.സ്കെയിൽ IVന് മുകളിലുള്ള ഓഫീസർമാരുടെ ‘പെർഫോമൻസ് ലിങ്ക്ഡ് ഇൻസെന്റീവ് (പിഎൽഐ)​’ സ്കീമുമായി ബന്ധപ്പെട്ട ആശങ്കകളും യൂണിയനുകൾ ഉന്നയിച്ചിരുന്നു. പിഎൽഐ പദ്ധതി തൽക്കാലത്തേക്ക് മരവിപ്പിക്കാൻ തീരുമാനിച്ചതായി ധനമന്ത്രാലയം നേരത്തെ അറിയിച്ചിരുന്നു.

പുതിയ ചർച്ചകളുടെ പശ്ചാത്തലത്തിൽ പിഎൽഐ സ്കീമിൽ മാറ്റങ്ങൾ വരുത്തുന്നതുമായി ബന്ധപ്പെട്ട് ഐബിഎയുമായി ചർച്ചകൾ ആരംഭിച്ചു.യൂണിയനുകളും അസോസിയേഷനുകളും ഉന്നയിക്കുന്ന ആശങ്കകൾ പരിഗണിച്ച ശേഷം ഇക്കാര്യം സർക്കാരിനെ അറിയിക്കുമെന്നും യുഎഫ്ബിയു വ്യക്തമാക്കി.ശനിയാഴ്ച അവധിയെന്ന ആവശ്യത്തിന് പുറമെ 2024 മാർച്ച് എട്ടിലെ ചർച്ചകളുടെ മിനിട്സിൽ പറയുന്ന മറ്റ് വിഷയങ്ങളും വേഗത്തിൽ പരിഹരിക്കാൻ ഐബിഎയും യുഎഫ്ബിയും ധാരണയിലെത്തി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button