‘ഇനി ഒന്നിച്ച് അഭിനയിക്കാനാവില്ല’; സംയുക്തയ്‌ക്കൊപ്പമുള്ള അഭിനയത്തിലെ ‘രഹസ്യ പ്രതിസന്ധി’ വെളിപ്പെടുത്തി ബിജു മേനോൻ

മഴ, മേഘമൽഹാർ, മധുരനൊമ്പരക്കാറ്റ് തുടങ്ങിയ ചുരുക്കം ചിത്രങ്ങളിലൂടെ മലയാളികളുടെ പ്രിയങ്കരരായി മാറിയ താരജോഡിയാണ് ബിജു മേനോനും സംയുക്ത വർമ്മയും. 2002-ലെ വിവാഹശേഷം അഭിനയരംഗത്തുനിന്നും വിട്ടുനിൽക്കുന്ന സംയുക്ത വീണ്ടും ഒന്നിച്ച് സിനിമയിൽ തിരിച്ചെത്തുമോയെന്ന ആരാധകരുടെ ചോദ്യത്തിന് ഒരു അഭിമുഖത്തിൽ ബിജു മേനോൻ മറുപടി നൽകി. ‘അവറാച്ചൻ ആൻഡ് സൺസ്’ സിനിമയുടെ പ്രൊമോഷന്റെ ഭാഗമായായിരുന്നു പ്രതികരണം.
ഇനി തങ്ങൾ ഒരുമിച്ച് സിനിമയിൽ അഭിനയിക്കാൻ സാധ്യതയില്ലെന്ന് ബിജു മേനോൻ വ്യക്തമാക്കി. നമ്മൾ അടുത്തറിയുന്തോറും ഒരുമിച്ച് അഭിനയിക്കാൻ ബുദ്ധിമുട്ടാണെന്നും, കല്യാണത്തിന് മുൻപ് ചെയ്ത ‘മേഘമൽഹാറിലെ’ സീരിയസ് രംഗങ്ങളിൽ പോലും ഇരുവരും അഭിനയിക്കുമ്പോൾ വില്ലനായെത്തിയത് ചിരിയായിരുന്നുവെന്നും അദ്ദേഹം ഓർമിപ്പിച്ചു.
സത്യൻ അന്തിക്കാടിന്റെ ‘വീണ്ടും ചില വീട്ടുകാര്യങ്ങൾ’ വഴി സിനിമയിലെത്തി 18 ചിത്രങ്ങളിൽ അഭിനയിച്ച സംയുക്ത ‘കുബേരനിലാണ്’ ഒടുവിലായി വേഷമിട്ടത്. മഴ, മധുരനൊമ്പരക്കാറ്റ്, വീണ്ടും ചില വീട്ടുകാര്യങ്ങൾ, സ്വയംവരപ്പന്തൽ തുടങ്ങിയവയിലൂടെ രണ്ടുതവണ മികച്ച നടിക്കുള്ള സംസ്ഥാന പുരസ്‌കാരവും സ്വന്തമാക്കിയിട്ടുണ്ട്.



