വീണ്ടും ക്യാമറയ്ക്ക് മുന്നിൽ; വെള്ളിത്തിരയിലേക്ക് സംവൃത സുനിലിന്റെ തിരിച്ചുവരവ്

മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരിയായ നടി സംവൃത സുനിൽ നീണ്ട ഇടവേളയ്ക്ക് ശേഷം വീണ്ടും വെള്ളിത്തിരയിലേക്ക് തിരിച്ചെത്തുന്നു. പ്രകൃതിഭംഗി നിറഞ്ഞ ഇടുക്കിയിലെ ലൊക്കേഷനിൽ വെച്ച് ആരംഭിച്ച പുതിയ ചിത്രത്തിന്റെ ചിത്രീകരണത്തിലാണ് സംവൃത ഇപ്പോൾ പങ്കുചേർന്നിരിക്കുന്നത്. ലൊക്കേഷനിൽ എത്തിയ സംവൃതയുടെ വീഡിയോകളും ചിത്രങ്ങളും സോഷ്യൽ മീഡിയയുടെ ശ്രദ്ധ കവരുകയാണ്.
സംവിധായകരായ ദിലീഷ് പോത്തൻ, അൽഫോൻസ് പുത്രൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ‘തങ്കം’ എന്ന ചിത്രത്തിന് ശേഷം സഹീദ് അറാഫത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലൂടെയാണ് സംവൃതയുടെ റീ-എൻട്രി. 2012-ൽ എൻജിനീയറായ അഖിൽ രാജുമായുള്ള വിവാഹത്തോടെ സിനിമയിൽ നിന്ന് പൂർണ്ണമായി മാറിനിന്ന താരം, 2019-ൽ ബിജു മേനോന്റെ നായികയായി ‘സത്യം പറഞ്ഞാ വിശ്വസിക്കുവോ’ എന്ന ചിത്രത്തിലൂടെ തിരിച്ചെത്തിയിരുന്നു. ഏഴു വർഷങ്ങൾക്കിപ്പുറം വീണ്ടുമൊരിക്കൽ കൂടി ക്യാമറയ്ക്ക് മുന്നിലെത്തുകയാണ് സംവൃത.
നവരസ ഫിലിംസ്, സ്റ്റോൺ ബഞ്ച് സ്റ്റുഡിയോസ് എന്നിവയുടെ ബാനറിൽ ശ്രീജിത്ത് കെ.എസ്., കാർത്തികേയൻ എസ്. എന്നിവർ സംയുക്തമായാണ് ഈ ചിത്രം നിർമ്മിക്കുന്നത്. അജി പീറ്റർ തങ്കം രചന നിർവ്വഹിക്കുന്ന ചിത്രത്തിന് ക്യാമറ ചലിപ്പിക്കുന്നത് സുനിൽ കെ.എസ്. ആണ്. സംവിധായകനും സംഗീതജ്ഞനുമായ ജോൺ പോൾ ജോർജാണ് ചിത്രത്തിന്റെ സംഗീത വിഭാഗം കൈകാര്യം ചെയ്യുന്നത്.
വിവാഹശേഷം ഭർത്താവ് അഖിൽ രാജിനും മക്കളായ അഗസ്ത്യയ്ക്കും രുദ്രയ്ക്കുമൊപ്പം അമേരിക്കയിലാണ് സംവൃത സ്ഥിരതാമസമാക്കിയിരിക്കുന്നത്. തന്റെ പുതിയ സിനിമയുടെ ചിത്രീകരണത്തിനായി നാട്ടിലെത്തിയതാണ് നടി.
2004-ൽ ലാൽ ജോസ് സംവിധാനം ചെയ്ത ദിലീപ് ചിത്രം ‘രസികനി’ലൂടെ മലയാള സിനിമയിൽ നായികയായി അരങ്ങേറ്റം കുറിച്ച സംവൃത, തുടർന്ന് ‘അറബിക്കഥ’, ‘ചോക്ലേറ്റ്’, ‘റോബിൻഹുഡ്’, ‘മാണിക്യക്കല്ല്’, ‘അയാളും ഞാനും തമ്മിൽ’ തുടങ്ങിയ ഒട്ടനവധി സൂപ്പർഹിറ്റ് സിനിമകളിലൂടെ മലയാളികളുടെ മനസ്സിൽ തന്റേതായ ഒരിടം ഉറപ്പിച്ചു.



