Cinema

ആ ചിരി മാഞ്ഞിട്ട് മൂന്നാണ്ട്; ഇന്നസെന്റ് എന്ന വിസ്മയം ഇന്നും മായാതെ!

ലയാളത്തിന്റെ പ്രിയനടൻ ഇന്നസെന്റ് വിടവാങ്ങിയിട്ട് ഇന്ന് മൂന്ന് വർഷം തികയുന്നു. അഞ്ച് പതിറ്റാണ്ടിലേറെക്കാലം വെള്ളിത്തിരയിൽ ചിരിയും ചിന്തയും പടർത്തിയ ആ അതുല്യപ്രതിഭ മടങ്ങിയെങ്കിലും അദ്ദേഹം സൃഷ്ടിച്ച വിടവ് ഇന്നും നികത്തപ്പെടാതെ ശേഷിക്കുന്നു. ഇരിങ്ങാലക്കുടക്കാരന്റെ തനതായ നാടൻ ശൈലിയും സവിശേഷമായ സംഭാഷണ രീതിയുമാണ് ഇന്നസെന്റിനെ മലയാളികളുടെ ഹൃദയത്തോട് ചേർത്തുവെച്ചത്.

ചിരിയുടെയും ഭാവങ്ങളുടെയും അഞ്ച് പതിറ്റാണ്ട്

മാന്നാർ മത്തായി സ്പീക്കിങ്, റാംജിറാവു സ്പീക്കിങ്, കല്യാണരാമൻ, മനസിനക്കരെ, ചന്ദ്രലേഖ തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളികളെ വയററിയിച്ച് ചിരിപ്പിച്ച അദ്ദേഹം, ദേവാസുരം, രാവണപ്രഭു, കാബൂളിവാല തുടങ്ങിയ സിനിമകളിലൂടെ പ്രേക്ഷകരെ ഈറനണിയിക്കുകയും ചെയ്തു. ഹാസ്യത്തിനൊപ്പം തന്നെ മികച്ച വില്ലൻ വേഷങ്ങളും സ്വാഭാവികമായ സ്വഭാവനടൻ വേഷങ്ങളും അദ്ദേഹത്തിന്റെ കൈകളിൽ ഭദ്രമായിരുന്നു. പൊൻമുട്ടയിടുന്ന താറാവിലെ പണിക്കരും മഴവിൽക്കാവടിയിലെ ശങ്കരൻകുട്ടി മേനോനും ഇന്നും മലയാളിക്ക് ഗൃഹാതുരമായ ഓർമ്മകളാണ്.

ഇരിങ്ങാലക്കുടയിൽ നിന്ന് പാർലമെന്റിലേക്ക്

എട്ടാം ക്ലാസിൽ പഠനം നിർത്തി ബിസിനസിലും രാഷ്ട്രീയത്തിലും ചുവടുവെച്ച അദ്ദേഹം നിർമ്മാതാവായാണ് സിനിമാരംഗത്ത് എത്തുന്നത്. പിന്നീട് മലയാള സിനിമയിലെ ഹാസ്യസാമ്രാട്ടായി മാറിയ ഇന്നസെന്റ് ജനപ്രതിനിധി എന്ന നിലയിലും തിളങ്ങി. ചാലക്കുടി മണ്ഡലത്തെ പ്രതിനിധീകരിച്ച് ലോക്സഭയിലെത്തിയ അദ്ദേഹം 15 വർഷത്തോളം മലയാള താരസംഘടനയായ ‘അമ്മ’യുടെ പ്രസിഡന്റായും സേവനമനുഷ്ഠിച്ചു. തെക്കേത്തല വറീതിന്റെയും മർഗലീത്തയുടെയും മകനായി ജനിച്ച് ലോകമലയാളികളുടെ പ്രിയപ്പെട്ട ‘ഇന്നസെന്റ്’ ആയി മാറിയ ആ ജീവിതം ഇന്നും സിനിമാപ്രേമികൾക്ക് വലിയൊരു ആവേശമാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button