Uncategorized

അച്ഛൻ മരിച്ച് കിടക്കുമ്പോള്‍ പുറത്ത് ആളുകള്‍ ആര്‍പ്പുവിളിക്കാനും വിസിലടിക്കാനും തുടങ്ങി; പൃഥ്വിരാജ്

എമ്പുരാൻ പ്രൊമോഷന്‍ തിരക്കുകളിലാണ് പൃഥ്വിരാജ്. അത്തരത്തില്‍ തമിഴിലെ ചില മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖത്തിലൂടെ തന്റെ ജീവിതത്തെ കുറിച്ചും സിനിമയെ കുറിച്ചുമൊക്കെ പൃഥ്വി സംസാരിച്ചു. ഒപ്പം അന്തരിച്ച നടനും തന്റെ പിതാവുമായ സുകുമാരനെ പറ്റിയും നടന്‍ പറഞ്ഞിരുന്നു. പിതാവിന്റെ വിയോഗമുണ്ടായ സമയത്ത് തനിക്കുണ്ടായ വലിയൊരു വേദനയെ പറ്റിയാണ് ബിഹൈന്‍ഡ്‌വുഡ്‌സ് ടിവിയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പൃഥ്വിരാജ് വെളിപ്പെടുത്തിയിരിക്കുന്നത്.

വളരെ സാധാരണമായൊരു കുട്ടിക്കാലം തന്നെയായിരുന്നു എനിക്ക്. അതുപോലൊരു ബാല്യം തന്നതിന് ഞാനെന്റെ മാതാപിതാക്കളോട് നന്ദി പറയുകയാണ്. ഞാന്‍ സിനിമയുമായി ബന്ധപ്പെട്ട് അല്ല വളര്‍ന്നത്. അന്ന് മൊബൈല്‍ ഫോണും സോഷ്യല്‍ മീഡിയയും ഇല്ലാത്തത് കൊണ്ട് കാര്യങ്ങള്‍ എളുപ്പമായിരുന്നു. വലിയൊരു താരത്തിന്റെ മക്കളാണെന്ന ബോധ്യത്തിലായിരുന്നില്ല ഞങ്ങള്‍ വളര്‍ന്ന് വന്നത്.

അന്നത്തെ കാലത്ത് ഒരു സെലിബ്രിറ്റി മരിച്ചിട്ടുണ്ടെങ്കില്‍ എല്ലാ ആളുകള്‍ക്കും കാണാനുള്ള അവസരം ഒരുക്കും. പൊതുവായൊരു സ്ഥലത്ത് പൊതുദര്‍ശനം ഉണ്ടാവുമായിരുന്നു. ഞാനേറ്റവും വെറുക്കുന്ന കാര്യമാണത്. എനിക്കത് ഒട്ടും ഇഷ്ടമല്ല. കാരണം മരിച്ച ആളുടെ കുടുംബവും അവിടെയുണ്ടാവും. അവരുടെ ഹൃദയം തകര്‍ന്നിരിക്കുന്ന സമയമാണത്. എന്നെ സംബന്ധിച്ചിടത്തോളം, സെലിബ്രിറ്റികളുടെ മരണവീട്ടിലേക്ക് ആരാധകരെ പ്രവേശിപ്പിക്കുന്നതിനോട് എനിക്ക് യോജിപ്പില്ല. കാരണം എനിക്കുണ്ടായത് വളരെ മോശമായ അനുഭവമാണ്.

എന്റെ അച്ഛന്‍ മരിച്ചതിന് ശേഷം അദ്ദേഹത്തിന്റെ മൃതദേഹം വീട്ടില്‍ പൊതുദര്‍ശനത്തിന് വെച്ചിരുന്നു. അദ്ദേഹത്ത അവസാനമായി കാണാന്‍ മലയാള സിനിമയിലെ നിരവധി താരങ്ങളും പ്രമുഖരുമൊക്കെ എത്തിയിരുന്നു. ഞങ്ങളുടെ കുടുംബം ആകെ തകര്‍ന്നിരിക്കുകയാണ്. പുറത്ത് നില്‍ക്കുന്ന ആളുകള്‍ നോക്കുമ്പോള്‍ വലിയ താരങ്ങളൊക്കെ കാറി്ല്‍ വന്നിറങ്ങുകയാണ്.

മോഹന്‍ലാല്‍, മമ്മൂട്ടി തുടങ്ങിയ താരങ്ങളെ കണ്ടപ്പോള്‍ വീടിന് പുറത്ത് നിന്ന ആരാധകര്‍ ആര്‍പ്പുവിളിക്കുകയും കൈയടിക്കുകയും വിസില്‍ മുഴക്കുകയും ചെയ്തു. ഞാനടക്കമുള്ളവരെല്ലാം കേട്ട് കൊണ്ടിരിക്കുകയാണ്. എന്റെ അച്ഛനിവിടെ മരിച്ച് കിടക്കുകയാണ്. അപ്പോഴാണ് ആളുകള്‍ അങ്ങനൊരു പ്രവൃത്തി ചെയ്യുന്നത്. അതിപ്പോഴും എനിക്ക് നല്ലത് പോലെ ഓര്‍മ്മയുണ്ട്. അതൊരിക്കലും എന്റെ നല്ല ഓര്‍മ്മയല്ല. അന്ന് കൈയടിക്കുകയും ചിരിക്കുകയും ചെയ്ത ആരാധകര്‍ക്ക് ഞങ്ങളുടെ വലിയ വേദനയെ കുറിച്ച് അറിയില്ല. ആ ആരാധകരൊന്നും എന്റെ മാനസികാവസ്ഥയെ കുറിച്ചും കുടുംബത്തിന്റെ മാനസികാവസ്ഥയെ കുറിച്ചുമൊന്നും ചിന്തിച്ചിട്ടില്ല.

ചെറുപ്പം മുതലേ ആരുടെയെങ്കിലും മുന്നില്‍ കരയുക എന്നത് എനിക്കേറ്റവും ബുദ്ധിമുട്ടുള്ള കാര്യമാണ്. ക്യാമറയുടെ മുന്നില്‍ എനിക്കത് എളുപ്പമാണ്. യഥാര്‍ഥ ജീവിതത്തില്‍ എനിക്കേറ്റവും ബുദ്ധിമുട്ട് കരയാനാണ്. അങ്ങനെയുള്ള എന്നെ ആളുകള്‍ തകര്‍ത്തൊരു നിമിഷമാണത്. ഉള്ളിലുള്ള വേദന പുറത്ത് കാണിക്കാന്‍ എനിക്കന്ന് സാധിച്ചിരുന്നില്ല. അന്ന് നടന്ന സംഭവത്തെ കുറിച്ച് പിന്നീട് നടന്‍ മനോജ് കെ ജയനാണ് വെളിപ്പെടുത്തുന്നതെന്നും അച്ഛനുമായി അടുത്ത സൗഹൃദമുള്ള ആളാണെന്നും’ പൃഥ്വിരാജ് പറയുന്നു.

ഒരു കാലത്ത് മലയാള സിനിമയിലെ നിറസാന്നിധ്യമായിരുന്നു നടന്‍ സുകുമാരന്‍. നായകനായും വില്ലനായിട്ടുമൊക്കെ നിരവധി സിനിമകളില്‍ സുകുമാരന്‍ അഭിനയിച്ചിരുന്നു. പിന്നീട് നടി മല്ലിക സുകുമാരനെ വിവാഹം കഴിക്കുകയും ചെയ്തു. ഈ ബന്ധത്തില്‍ ജനിച്ച മക്കളാണ് ഇന്ദ്രജിത്ത് സുകുമാരനും പൃഥ്വിരാജ് സുകുമാരനും. ഇരുവരും സിനിമയിലേക്ക് എത്തി. എന്നാല്‍ പൃഥ്വിരാജ് പത്താം ക്ലാസില്‍ പഠിക്കുന്ന സമയത്താണ് സുകുമാരന്‍ മരണപ്പെടുന്നത്. 1997 ജൂണ്‍ 16 ന് ഹൃദയാഘാതം മൂലമായിരുന്നു നടന്റെ മരണം.

Leave a Reply

Your email address will not be published. Required fields are marked *

Back to top button