പൃഥ്വിരാജിനൊപ്പമുള്ള കല്യാണി പ്രിയദർശന്റെ പഴയകാല ചിത്രമെന്ന രീതിയിൽ പ്രചരിക്കുന്ന വൈറല്‍ ഫോട്ടോയിലെ വാസ്തവം

പൃഥ്വിരാജിനൊപ്പമുള്ള കല്യാണി പ്രിയദർശന്റെ പഴയകാല ചിത്രമെന്ന രീതിയിൽ പ്രചരിക്കുന്ന ചിത്രത്തിന് പിന്നിലെ വാസ്തവം വെളിപ്പെടുത്തി പ്രൊഡക്‌ഷൻ കൺട്രോളറും പൃഥ്വിരാജിന്റെ കുടുംബ സുഹൃത്തുമായ സിദ്ധു പനയ്ക്കൽ. ചിത്രത്തിൽ പൃഥ്വിരാജിന്റെ കൂടെയുള്ളത് കല്യാണി അല്ലെന്നും തന്റെ മകൻ അരുൺ സിദ്ധാർത്ഥനാണെന്നും സിദ്ധു പനക്കൽ വ്യക്തമാക്കി.
അരുണിന്റെ കല്യാണനിശ്ചയം കഴിഞ്ഞ വേളയിൽ അരുൺ, പൃഥ്വിരാജിന്റെയും ഇന്ദ്രജിത്തിന്റെയും മല്ലിക സുകുമാരന്റെയും കൂടെ നിൽക്കുന്ന പഴയ കാല ചിത്രങ്ങൾ സിദ്ധു ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്തിരുന്നു. ഈ ചിത്രമാണ് പിന്നീട് കല്യാണിയോടൊപ്പം പൃഥ്വിരാജ് എന്ന പേരിൽ പ്രചരിച്ചത്.

‘‘പ്രിയപ്പെട്ട ഫെയ്സ്ബുക്ക് സുഹൃത്തുക്കളെ, എന്റെ മൂത്ത മകൻ അരുണിന്റെ കല്യാണനിശ്ചയം കഴിഞ്ഞപ്പോൾ, അവൻ ചെറുപ്പത്തിൽ മല്ലിക ചേച്ചിയുടെയും, ഇന്ദ്രജിത്തിന്റെയും, പൃഥ്വിരാജിന്റെയും കൂടെ നിൽക്കുന്ന ഫോട്ടോയും അതിനോടൊപ്പം തന്നെ അവൻ ഇപ്പോൾ മല്ലിക ചേച്ചിയുടെയും ഇന്ദ്രജിത്തിന്റെ കൂടെ നിൽക്കുന്ന ഫോട്ടോയും ചേർത്ത് എഫ്ബിയിൽ ഒരു പോസ്റ്റ് ഇട്ടിരുന്നു.
ആ ഫോട്ടോകളിൽ പൃഥ്വിരാജിന്റെ കൂടെ അവൻ ചെറുപ്പത്തിൽ നിൽക്കുന്ന ഫോട്ടോ എടുത്ത്, അത് ഡയറക്ടർ പ്രിയദർശൻ സാറിന്റെ മകൾ കല്യാണിയാണ് എന്ന് പറഞ്ഞുകൊണ്ട് ട്രോളുകൾ ഇറങ്ങുകയും അത് വൈറലാവുകയും ചെയ്തു. പൃഥ്വിരാജിന്റെ കൂടെ നിൽക്കുന്നത് കല്യാണി പ്രിയദർശൻ അല്ല. എന്റെ മകൻ അരുൺ സിദ്ധാർത്ഥനാണ്.’’–സിദ്ധു പനയ്ക്കലിന്റെ വാക്കുകൾ. കല്യാണി നായികയായെത്തുന്ന ‘ലോക’ സിനിമ വലിയ വിജയമായി പ്രദർശനം തുടരുന്നതിനിടെയാണ് പൃഥ്വിരാജിനൊപ്പമുള്ള കല്യാണിയുടെ പഴയകാല ഫോട്ടോ എന്ന രീതിയിൽ ഈ ഫോട്ടോ വ്യാപകമായി പ്രചരിച്ചത്. ‘‘പൃഥ്വിരാജിനൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്യുന്ന കണ്ണട വച്ച, മുടി ബോയ് കട്ട് അടിച്ച ഒരു കുഞ്ഞു പെൺകുട്ടി. ആ പെൺകുട്ടി ഇന്ന് തെന്നിന്ത്യയ്ക്ക് സുപരിചിതയായ നായികയാണ്. അടുത്തിടെ 200 കോടി ക്ലബ്ബിൽ ഇടം നേടിയ ഒരു ചിത്രത്തിലെ നായിക. ആളെ മനസ്സിലായോ?’’ എന്ന അടിക്കുറിപ്പോടെയായിരുന്നു സമൂഹ മാധ്യമങ്ങളിലെ പ്രചാരണം. വളരെവേഗം ചിത്രങ്ങൾ വൈറലാവുകയും ചെയ്തു. പല ചാനലുകളും ഇതു വാര്‍ത്തയുമാക്കിയിരുന്നു