‘എല്ലാം തുടങ്ങിയത് ഇൻസ്റ്റഗ്രാമിലെ ആ കമന്റിലൂടെ’; ശോഭിതയുമായി പ്രണയത്തിലാവാനുള്ള കാരണം വെളിപ്പെടുത്തി നാഗചെെതന്യ

സിനിമാ മേഖലയിൽ ഏറെ ചർച്ചയായ വിവാഹമാണ് തെലുങ്ക് നടൻ നാഗചെെതന്യയുടെയും നടി ശോഭിത ധൂലിപാലയുടെയും. കഴിഞ്ഞ ഡിസംബർ നാലിനാണ് ഇരുവരും വിവാഹിതരായത്. വർഷങ്ങളോളം പ്രണയിച്ചശേഷമാണ് ഇരുവരും വിവാഹം കഴിച്ചത്. ഇപ്പോഴിതാ തന്റെ പ്രണയം ആരംഭിച്ചതിനെക്കുറിച്ച് തുറന്നുപറയുകയാണ് നാഗചെെതന്യ. ജഗപതി ബാബുവിന്റെ ടോക്ക് ഷോയായ ‘ജയമ്മു നിശ്ചയമ്മു രാ’യിൽ അതിഥിയായി എത്തിയപ്പോഴാണ് തന്റെ പ്രണയകഥ നടൻ വെളിപ്പെടുത്തിയത്.
ശോഭിതയെ താൻ ഇൻസ്റ്റഗ്രാം വഴിയാണ് പരിചയപ്പെട്ടതെന്നാണ് നാഗചെെതന്യ പറഞ്ഞത്.’ഞങ്ങൾ ഇൻസ്റ്റഗ്രാമിലാണ് ആദ്യമായി പരിചയപ്പെടുന്നത്. എന്റെ പങ്കാളിയെ അവിടെ വച്ച് കണ്ടുമുട്ടുമെന്ന് ഞാൻ ഒരിക്കലും കരുതിയിരുന്നില്ല. അവളുടെ വർക്കുകളെക്കുറിച്ച് എനിക്ക് അറിയാമായിരുന്നു. ഒരുദിവസം ഞാൻ ക്ലൗഡ് കിച്ചൺ ഷോയെക്കുറിച്ച് ഒരു പോസ്റ്റ് പങ്കുവച്ചിരുന്നു. ആ പോസ്റ്റിന് ശോഭിത ഒരു ഇമോജി കമന്റ് ചെയ്തു. അങ്ങനെയാണ് ഞാൻ അവളുമായി ചാറ്റ് ചെയ്യാൻ തുടങ്ങുന്നത്. അതിനുശേഷം ഞങ്ങൾ കണ്ടുമുട്ടി’- നടൻ വ്യക്തമാക്കി.
2017ൽ നാഗചൈതന്യ നടി സാമന്തയുമായി വിവാഹിതനായിരുന്നു. എന്നാൽ നാല് വർഷത്തെ ദാമ്പത്യത്തിന് ശേഷം 2021ൽ ഇരുവരും വേർപിരിഞ്ഞു. അതിനുശേഷമാണ് നാഗചെെതന്യയുടെയും ശോഭിതയും പ്രണയത്തിലാകുന്നത്. ബോളിവുഡ് താരമായ ശോഭിത ധുലീപാല മലയാളത്തിനും ഏറെ പരിചിതയാണ്. ഗീതുമോഹൻദാസ് സംവിധാനം ചെയ്ത മൂത്തോൻ എന്ന ചിത്രത്തിലൂടെയാണ് ശോഭിത മലയാളത്തിലേക്ക് എത്തുന്നത്. ദുൽഖർ സൽമാൻ ചിത്രം കുറുപ്പിൽ ശാരദ എന്ന നായിക കഥാപാത്രമായി എത്തി മികച്ച പ്രകടനം കാഴ്ചവച്ചിരുന്നു.