‘വീണ്ടും ഒരു തിരിച്ചുവരവ് ബിഗ് ബോസിലേക്ക്’അഖിൽ മാരാർ

ബിഗ് ബോസ് മലയാളം സീസണുകളിൽ ഒട്ടനവധി മികച്ച മത്സരാർത്ഥികൾ വന്നിട്ടുണ്ട്. അക്കൂട്ടത്തിൽ ഏറ്റവും മികച്ചവരിൽ ഒരാളാണ് അഖിൽ മാരാർ. നെഗറ്റീവുകളുമായി ഷോയ്ക്ക് ഉള്ളിൽ കയറി അവസാനം ഒട്ടേറെ ആരാധകരെയും ബിഗ് ബോസ് വിജയി എന്ന പട്ടവും നേടി പുറത്തിറങ്ങിയ അഖിൽ മാരാർ തന്റെ ഓരോരോ ആഗ്രഹങ്ങളെല്ലാം നിറവേറ്റി മുന്നോട്ട് പോകുകയാണ്. അക്കൂട്ടത്തിലൊന്നാണ് മുള്ളൻകൊല്ലി എന്ന സിനിമ. അഖിൽ ആദ്യമായി നായകനായി എത്തുന്ന ഈ സിനിമയുടെ പ്രമോഷന്റെ ഭാഗമായി വീണ്ടും ബിഗ് ബോസ് വീടിന് ഉള്ളിൽ കയറിക്കുകയാണ് അഖിൽ. ഒപ്പം അഭിഷേകും സെറീനയും ഉണ്ട്.
കൺഫഷൻ റൂം വഴിയാണ് അഖിൽ മാരാരെ ബിഗ് ബോസ് സ്വാഗതം ചെയ്തത്. ‘ബിഗ് ബോസ് എന്ന പ്ലാറ്റ്ഫോം ജീവിതത്തിൽ വലിയ മാറ്റം ഉണ്ടാക്കി. സത്യസന്ധമായി പറയുകയാണെങ്കിൽ കുചേലൻ ശ്രീകൃഷ്ണനെ കണ്ടിട്ട് തിരിച്ചു വന്ന അതേ കഥ ജീവിതത്തിൽ പ്രാവർത്തികമായത് പോലെ’ ആണ് തനിക്ക് തനിക്ക് തോന്നുന്നതെന്നായിരുന്നു ബിഗ് ബോസിനോടായി അഖിൽ പറഞ്ഞത്.
വീക്കിലി ടാസ്കുമായി ആയാണ് അഖിൽ വീടിന് ഉള്ളിൽ കയറിയത്. അഖിലിനെ കണ്ടതും എല്ലാ മത്സരാർത്ഥികളും ആവേശത്തോടെ കെട്ടിപിടിക്കുകയും സ്നേഹം പങ്കിടുകയും ചെയ്തു. ബിഗ് ബോസ് മലയാളം സീസൺ 5 വിജയി അഖിൽ മാരാർക്ക് സീസൺ 7ലേക്ക് സ്വാഗതം എന്നാണ് ബിഗ് ബോസ് പറഞ്ഞത്. പിന്നാലെ അഖിൽ ടാസ്ക് വായിച്ചു.
നൂദില ചെരുപ്പ് ഫാക്ടറി എന്നാണ് ടാസ്കിന്റെ പേര്. രണ്ട് ദിവസമായാണ് ടാസ്ക് നടക്കുക. ഇത് വായിക്കുന്നതിന് മുന്നോടിയായി, ഓരോ ടാസ്കിലും ഗെയിമിലേക്ക് നയിക്കുന്ന വഴികൾ ബിഗ് ബോസ് തന്നെ ഒളിപ്പിച്ച് വച്ചേക്കുമെന്ന് വിശ്വസിക്കുന്ന ആളാണ് താനെന്നും ശ്രദ്ധയോടും ബുദ്ധി ഉപയോഗിച്ചും ടാസ്ക് ചെയ്യണമെന്നും അഖിൽ മത്സരാർത്ഥികളോടായി പറഞ്ഞു.
പിന്നാലെ ആയിരുന്നു മുല്ലൻ കൊല്ലിയെ കുറിച്ച് അഖിൽ പറഞ്ഞത്. ഞാനും ലക്ഷ്മയും(നിലവിലെ മത്സരാർത്ഥി) സെറീന, അഭിഷേക് എന്നിവരാണ് മുല്ലൻകൊല്ലിയിലെ അഭിനേതാക്കളെന്നും സെപ്റ്റംബർ 12ന് ചിത്രം തിയറ്ററുകളിലേക്ക് എത്തുമെന്നും അഖിൽ പറഞ്ഞു. പിന്നാലെ സിനിമയുടെ ട്രെയിലർ പ്രദർശിപ്പിക്കുകയും ചെയ്തു. ഒന്നും അല്ലാതിരുന്ന എന്നെ എന്തെങ്കിലും ആക്കി മാറ്റിയത് ബിഗ് ബോസ് ആണെന്നും ജീവിതത്തിലെ അടുത്ത തുടക്കവും ഇവിടെ നിന്നായതിൽ സന്തോഷമെന്നും അതിന് അവസരമൊരുക്കിയ ബിഗ് ബോസ് ക്രൂവിന് നന്ദി അറിയിക്കുന്നുവെന്നും അഖിൽ പറഞ്ഞു. ശേഷം മൂവരും എല്ലാവരോടും യാത്ര പറഞ്ഞ് പുറത്തേക്ക് പോയി.