Cinema

ലാലേട്ടന്റെ ആ തലോടലിൽ എനിക്കൊരു അച്ഛന്റെ കരുതൽ ഫീൽ ചെയ്തു

സത്യൻ അന്തിക്കാട് മോഹൻലാൽ കോംബോയിൽ പുറത്തിറങ്ങുന്ന ഏറ്റവും പുതിയ ചിത്രമായ ‘ഹൃദയപൂർവ്വ’ത്തിന് വേണ്ടി പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് മലയാള സിനിമാപ്രേമികൾ. പത്ത് വർഷങ്ങൾക്ക് ശേഷമാണ് ഇരുവരും ഒരുമിച്ച് ഒരു സിനിമ ചെയ്യുന്നത്. സിനിമയിലെ മറ്റൊരു പ്രധാന ഘടകമെന്ന് പറയുന്നത് മോഹൻലാൽ- സംഗീത് പ്രതാപ് കോംബോ വരുന്നു എന്നുള്ളതാണ്. നേരത്തെ തരുൺ മൂർത്തിയുടെ തുടരും എന്ന ചിത്രത്തിൽ ഇരുവരുടെയും കോമ്പിനേഷൻ സീനുകൾ ഉണ്ടായിരുന്നു. ഇപ്പോഴിതാ സിനിമയുടെ സെറ്റിൽ വെച്ച് മോഹൻലാൽ നൽകിയ കരുതലിന്റെ കുറിച്ചും സ്നേഹത്തെ കുറിച്ചും മൂവിവേൾഡ് മീഡിയക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയാണ് സംഗീത് പ്രതാപ്.

മോഹൻലാൽ ഇങ്ങോട്ട് വന്ന് കമ്പിനിയാവുകയായിരുന്നുവെന്നും, ഷൂട്ടിന്റെ ഇടക്ക് തനിക്ക് പനി വന്നപ്പോൾ ഒരച്ഛന്റെ സ്നേഹത്തോടെയും കരുതലോടെയും തന്നെ വന്ന് തലോടിയതിനെ കുറിച്ചുമൊക്കെ സംഗീത് പറയുന്നു. “ഒരുദിവസം ഷൂട്ട് തീരാന്‍ ഒരുപാട് വൈകിയിരുന്നു.അപ്പോൾ എനിക്ക് നല്ല വിശപ്പ് തോന്നി, ‘ലാലേട്ടാ, എനിക്ക് നല്ലവണ്ണം വിശക്കുന്നുണ്ട്. ഇതെപ്പോഴാണ് തീരുന്നതെന്ന് ഞാൻ ചോദിച്ചു. ‘മോനേ, എനിക്കും വിശക്കുന്നുണ്ട്’ എന്നാണ് പുള്ളി പറഞ്ഞത്.

പാക്കപ്പ് പറഞ്ഞതിന് ശേഷം ഞാന്‍ റൂമിലേക്ക് പോകാന്‍ നിന്നപ്പോൾ ഒരു അസിസ്റ്റന്റ് വന്നിട്ട് ലാലേട്ടന്റെ കാരവനിലേക്ക് വിളിക്കുന്നുണ്ടെന്ന് പറഞ്ഞു. ഞാന്‍ ചെന്ന് നോക്കിയപ്പോള്‍ എനിക്കുള്ള ഫുഡ് കാരവനിലേക്ക് വരുത്തിയിരിരുന്നു. ഷൂട്ടിന്റെ ഇടക്ക് ഒരു ദിവസം എനിക്ക് പനി വന്നു, പീരുമേട്ടിലായിരുന്നു ഷൂട്ട്. അവിടത്തെ ഒരു ഡോക്ടര്‍ വന്നിട്ട് എന്നെ പരിശോധിച്ച് ഇന്‍ജക്ഷനൊക്കെ തന്നു. ലാലേട്ടന്റെ റൂമിലായിരുന്നു ഞാന്‍ കിടന്നത്.

എനിക്ക് ആ സമയത്ത് ഷൂട്ടുണ്ടായിരുന്നില്ല. കുറച്ച് കഴിഞ്ഞപ്പോള്‍ ലാലേട്ടന്‍ എന്റെ അടുത്ത് വന്നിരുന്ന് എന്നെ തലോടി. എന്നെ അങ്ങനെയാണ് അദ്ദേഹം കെയര്‍ ചെയ്തത്, കുട്ടിക്കാലം തൊട്ട് ആരാധിക്കുന്ന മനുഷ്യന്റെ ആ തലോടലില്‍ എനിക്ക് ഒരു അച്ഛന്റെ കരുതല്‍ ഫീല്‍ ചെയ്തു. ‘ലാല്‍ ഇതുപോലെ ആരെയെങ്കിലും നോക്കിയിട്ടുണ്ടെങ്കില്‍ അത് ആന്റണിയെയാണ്’ എന്ന് സത്യനങ്കിള്‍ പറഞ്ഞത് ഞാന്‍ ഒരിക്കലും മറക്കില്ല.” സംഗീത് പറയുന്നു.

അതേസമയം അഖിൽ സത്യന്റെ കഥയ്ക്ക് സോനു ടി.പിയാണ് ഹൃദയപൂർവ്വത്തിന്റെ തിരക്കഥ രചിക്കുന്നത്. മാളവിക മോഹനൻ ആണ് ചിത്രത്തിൽ മോഹൻലാലിന്റെ നായികയായെത്തുന്നത്. കൂടാതെ സംഗീത്പ്രതാപ്, സംഗീത, സിദ്ധിഖ്, ലാലു അലക്സ്, ജനാർദ്ദനൻ, ബാബുരാജ് തുടങ്ങീ മികച്ച താരനിരയും ചിത്രത്തിൽ അണിനിരക്കുന്നു. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിക്കുന്ന ചിത്രത്തിൽ ജസ്റ്റിൻ പ്രഭാകരൻ ആണ് സംഗീതം നൽകുന്നത്.

സന്ദീപ് ബാലകൃഷ്ണൻ എന്ന കഥാപാത്രമായാണ് ചിത്രത്തിൽ മോഹൻലാൽ എത്തുന്നത്. അതിഥി വേഷങ്ങളിൽ ബേസിൽ ജോസഫ്, മീര ജാസ്മിൻ എന്നിവരും ചിത്രത്തിൽ എത്തുന്നുണ്ട്. മലയാളികൾക്ക് എല്ലാകാലത്തും മികച്ച സിനിമകൾ സമ്മാനിച്ച കൂട്ടുകെട്ടാണ് മോഹൻലാൽ- സത്യൻ അന്തിക്കാട് കോംബോ.

ടി.പി ബാലഗോപാലൻ എംഎ, ഗാന്ധിനഗർ സെക്കന്റ് സ്ട്രീറ്റ്, സന്മനസ്സുള്ളവർക്ക് സമാധാനം, നാടോടികാറ്റ്, പട്ടണപ്രവേശം, വരവേൽപ്, പിൻഗാമി, രസതന്ത്രം, ഇന്നത്തെ ചിന്താവിഷയം, സ്നേഹവീട്, എന്നും എപ്പോഴും തുടങ്ങീ മികച്ച സിനിമകളാണ് ഈ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയിട്ടുള്ളത്. ഏറ്റവും പുതിയ ചിത്രമായ ‘ഹൃദയപൂർവ്വം’ ഓണം റിലീസായി തിയേറ്ററുകളിൽ എത്തുകയാണ്. കുടുംബപ്രേക്ഷകരെ ഇപ്പോഴും തൃപ്തിപ്പെടുത്തുന്ന മോഹൻലാൽ- സത്യൻ അന്തിക്കാട് കൂട്ടുകെട്ട് പുതിയ ചിത്രത്തിലും പ്രേക്ഷകഹൃദയം കീഴടക്കുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button