എന്റെ ഇക്കയാണ് എല്ലാം; പ്രണയാർദ്രമായ കുറിപ്പുമായി ഷംന കാസിം

മൂന്നാം വിവാഹ വാർഷികദിനത്തിൽ ഭര്‍ത്താവ് ഷാനിദ് ആസിഫ് അലിക്ക് പ്രണയാർദ്രമായ കുറിപ്പുമായി ഷംന കാസിം. കുറിപ്പിനൊപ്പം മനോഹരമായ വിഡിയോയും നടി പങ്കുവച്ചു. ഹാപ്പി നിക്കാഹ് ആനിവേഴ്സറി ഇക്കാ… എന്ന ആശംസയോടെയാണ് ഷംനയുടെ കുറിപ്പ് ആരംഭിക്കുന്നത്. ‘‘മൂന്നു വർഷം പുഞ്ചിരിയിലും കൊടുങ്കാറ്റിലും ഒന്നിച്ചു വളർന്നു.
നമ്മൾ തമ്മിൽ വഴക്കുകൾ ഉണ്ടായിട്ടുണ്ട്, ചിലപ്പോൾ എന്റെ ചെറിയ ദേഷ്യങ്ങൾ പോലും വല്ലാതെ ബാധിച്ചിട്ടുണ്ട്. അതിൽ വളരെ വിഷമവുമുണ്ട്. പക്ഷേ, നിരാശയുടെ ഓരോ നിമിഷത്തിനും പിന്നിൽ, നിങ്ങളെ അനന്തമായി സ്നേഹിക്കുന്ന ഒരു ഹൃദയം ഉണ്ടെന്ന് ദയവായി അറിയുക. നീ എന്റെ ഇക്കയാണ്, എന്റെ പങ്കാളിയാണ്, എന്റെ സമാധാനമാണ്, എന്റെ കുഴപ്പങ്ങളാണ്–ഇതെല്ലാം ചേരുന്നതാണ് നമ്മൾ. എല്ലാ ഉയർച്ചയിലും താഴ്ചയിലും, നീ എന്റെ ലോകമായിരുന്നു.
നിങ്ങളുടെ ക്ഷമയ്ക്കും സ്നേഹത്തിനും, എന്നിലുള്ള പ്രതീക്ഷകൾക്കും നന്ദി. ഇനിയുമുണ്ട് സ്നേഹത്തിന്റെയും ചിരിയുടെയും തിരിച്ചറിവിന്റെയും ഒരുപാട് വർഷങ്ങൾ. എന്തു വന്നാലും, ഞാൻ എപ്പോഴും നിന്നെ തിരഞ്ഞെടുക്കും, എല്ലാ ദിവസവും. സ്നേഹം മാത്രം ഇക്കാ, എന്നും എപ്പോഴും.’’–ഷംന കാസിമിന്റെ വാക്കുകൾ. 2023 ഒക്ടോബറിലായിരുന്നു ഷംനയുടെ വിവാഹം. ജെബിഎസ് ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ സ്ഥാപകനും സിഇഒയുമായ ഷാനിദ് ആസിഫ് അലിയാണ് ഷംനയുടെ ഭര്‍ത്താവ്.
കണ്ണൂർ സ്വദേശിയായ ഷംന റിയാലിറ്റി ഷോയിലൂടെയാണ് ശ്രദ്ധേയയാകുന്നത്. മഞ്ഞു പോലൊരു പെൺകുട്ടി എന്ന ചിത്രത്തിലൂടെ 2004ൽ അഭിനയത്തിൽ അരങ്ങേറ്റം. ശ്രീ മഹാലക്ഷ്മി എന്ന തെലുങ്ക് ചിത്രത്തിലൂടെ അന്യഭാഷയിലും സാന്നിധ്യം ഉറപ്പിച്ചു. മുനിയാണ്ടി വിളങ്ങിയാൽ മൂൺട്രാമാണ്ട് എന്ന ചിത്രത്തിൽ നായികയായി തമിഴകത്തും തിളങ്ങി. ഇപ്പോൾ തെലുങ്ക്, തമിഴ്, കന്നഡ സിനിമകളിൽ സജീവമാണ് താരം. തെലുങ്ക് ചിത്രം ‘ഭിമ’യിലാണ് നടി അവസാനം പ്രത്യക്ഷപ്പെട്ടത്.