Cinema

പ്രേക്ഷകര്‍ കാത്തിരുന്ന കൂട്ടുകെട്ടില്‍ മമ്മൂട്ടി ചിത്രം വരുന്നു

സിനിമാപ്രേമികള്‍ ആഗ്രഹിക്കുന്ന ചില ആക്റ്റര്‍- ഡയറക്ടര്‍ കൂട്ടുകെട്ടുകളുണ്ട്. മുന്‍പ് ഒരുമിച്ചപ്പോള്‍ വിസ്മയം സൃഷ്ടിച്ചിട്ടുള്ളവരും ഇതുവരെ ഒരുമിക്കാത്തവരും അക്കൂട്ടത്തിലുണ്ട്. ഇതില്‍ ആദ്യം പറഞ്ഞ ഗണത്തിലുള്ള ഒരു കോമ്പോ നീണ്ട ഇടവേളയ്ക്ക് ശേഷം വീണ്ടും ഒന്നിക്കാന്‍ ഒരുങ്ങുന്നു എന്നാണ് പുതിയ റിപ്പോര്‍ട്ട്. മറ്റാരുമല്ല, മമ്മൂട്ടിയും അന്‍വര്‍ റഷീദും ആണ് അത്. മാര്‍ക്കോ നിര്‍മ്മാതാക്കളായ ക്യൂബ്സ് എന്‍റര്‍ടെയ്ന്‍‍മെന്‍റ്സ് ആയിരിക്കും ഈ ചിത്രത്തിന്‍റെ നിര്‍മ്മാണം എന്നാണ് അറിയുന്നത്. ബെന്നി പി നായരമ്പലത്തിന്‍റേതായിരിക്കും തിരക്കഥ. ചിത്രത്തിന്‍റെ പ്രഖ്യാപനം വൈകാതെ സംഭവിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

മലയാളത്തിലെ പല പ്രശസ്ത സംവിധായകരുടെയും ആദ്യ ചിത്രത്തില്‍ മമ്മൂട്ടി ആയിരുന്നു നായകന്‍. അന്‍വര്‍ റഷീദും മമ്മൂട്ടി ചിത്രത്തിലൂടെ രംഗത്തെത്തിയ ആള്‍ തന്നെ. 2005 ല്‍ പുറത്തെത്തി തിയറ്ററുകളില്‍ ആഘോഷമൊരുക്കിയ രാജമാണിക്യം ആയിരുന്നു ആ ചിത്രം. പിന്നീട് ഒരു ചിത്രം കൂടിയേ ഈ കൂട്ടുകെട്ടില്‍ പുറത്തെത്തിയിട്ടുള്ളൂ. 2008 ല്‍ എത്തിയ അണ്ണന്‍ തമ്പി ആയിരുന്നു അത്. മമ്മൂട്ടി ഇരട്ട വേഷത്തിലെത്തിയ ചിത്രവും പ്രേക്ഷകരെ നന്നായി രസിപ്പിച്ച ചിത്രമാണ്. അണ്ണന്‍ തമ്പിയുടെ രചന ബെന്നി പി നായരമ്പലത്തിന്‍റേത് ആയിരുന്നു. ബെന്നി പി നായരമ്പലത്തിന്‍റെ തിരക്കഥയില്‍ പോപ്പുലര്‍ സിനിമയുടെ അന്‍വര്‍ റഷീദ് വീണ്ടും ആക്ഷന്‍ പറയുമ്പോള്‍ പ്രേക്ഷകരുടെ പ്രതീക്ഷയും ഉയരെയാണ്.

ഈ ടീമില്‍ നിന്ന് പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്ന തരത്തിലുള്ള കളര്‍ഫുള്‍ എന്‍റര്‍ടെയ്നര്‍ തന്നെയായിരിക്കും ചിത്രമെന്നാണ് വിവരം. ഈ വര്‍ഷം അവസാനമായിരിക്കും ഈ ചിത്രം ആരംഭിക്കുക എന്നാണ് പുറത്തെത്തിയിരിക്കുന്ന റിപ്പോര്‍ട്ടുകള്‍. അതേസമയം യുവസംവിധായകരില്‍ ശ്രദ്ധേയനായ ഖാലിദ് റഹ്‍മാന്‍റെ സംവിധാനത്തിലും ഒരു മമ്മൂട്ടി ചിത്രം വരാനുണ്ട്. നിലവില്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അഭിനയിച്ചുകൊണ്ടിരിക്കുകയാണ് മമ്മൂട്ടി. പദയാത്ര എന്ന് പേരിട്ടിരിക്കുന്ന ചിത്രം നീണ്ട ഇടവേളയ്ക്ക് ശേഷം മമ്മൂട്ടിയും അടൂരും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ്.

രണ്ട് പതിറ്റാണ്ട് നീണ്ട കരിയറില്‍ അഞ്ച് ഫീച്ചര്‍ ചിത്രങ്ങള്‍ മാത്രം സംവിധാനം ചെയ്തിട്ടുള്ള സംവിധായകനാണ് അന്‍വര്‍ റഷീദ്. എന്നാല്‍ അവയില്‍ മിക്കതും എന്‍റര്‍ടെയ്ന്‍മെന്‍റ് എന്നതിന്‍റെ റീഡിഫൈന്‍ ചെയ്ത സിനിമകളായതിനാല്‍ ഏറ്റവും പുതിയ തലമുറ സിനിമാപ്രേമികള്‍ക്ക് പോലും പ്രിയങ്കരനാണ് അന്‍വര്‍ റഷീദ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button