‘നടിപ്പ് അറക്കി’! മമിത ബൈജുവിന്റെ പ്രകടനത്തെ വാനോളം പുകഴ്ത്തി എസ്.ജെ. സൂര്യ; താരത്തിന്റെ വാക്കുകൾ വൈറൽ!

മലയാള സിനിമയിലൂടെയെത്തി ഇപ്പോൾ ദക്ഷിണേന്ത്യൻ സിനിമകളിൽ നായികയായി തിളങ്ങുന്ന നടിയാണ് മമിത ബൈജു. തമിഴില് സൂര്യയ്ക്കും വിജയ്ക്കുമൊപ്പം അഭിനയിച്ച സിനിമകള് 300 ഉം 200 കോടികള് നേടി വന് ഹിറ്റായതിന് ശേഷമാണ് ബെത്ലഹേം കുടുംബ യൂണിറ്റിലൂടെ മമിത വീണ്ടും മലയാളത്തിലേക്ക് തിരികെ വരുന്നത്. അതാകട്ടെ സൂപ്പർഹിറ്റും.
ഇപ്പോഴിതാ താരത്തെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ് സംവിധായകനും നടനുമായ എസ്ജെ സൂര്യ. ‘നടിപ്പ് അറക്കി’ എന്നാണ് മമിതയെ സൂര്യ വിശേഷിപ്പിച്ചത്. ഇന്ത്യാഗ്ലിറ്റ്സിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘നടിപ്പ് അറക്കൻ’ എന്ന വിശേഷണത്തിന് അർഹനാണ് താങ്കൾ, എന്നാൽ നടിപ്പ് അറക്കിയായ ഒരു നടിയുടെ പേര് പറയാമോ എന്ന അവതാരകന്റെ ചോദ്യത്തിന് മറുപടിയായാണ് സൂര്യ മമിതയുടെ പേര് പറഞ്ഞത്.
ഈ അടുത്തക്കാലത്തായി നമ്മുടെ മമിത ബൈജു മികച്ച അഭിനയമാണ് കാഴ്ചവയ്ക്കുന്നതെന്ന് പ്രശംസിച്ച സൂര്യ നോർത്തിൽ ആണെങ്കിൽ ആലിയ ഭട്ടായിരിക്കും തന്റെ ഉത്തരമെന്നും കൂട്ടിച്ചേർത്തു. അതേസമയം, ബെത്ലഹേം കുടുംബ യൂണിറ്റാണ് മമിതയുടേതായി ഒടുവിൽ പുറത്തിറങ്ങിയ സിനിമ.നിവിന് പോളി നായകനായ ചിത്രം 300 കോടിയിലധികം നേടിയ മലയാളത്തിലെ ഏറ്റവും വലിയ ഹിറ്റായി മാറിയിരുന്നു. കേരളത്തില് നിന്ന് മാത്രം 150 കോടിയലധികം കളക്ഷനാണ് ചിത്രം നേടിയത്. ഹലോ ഡിയര് ആണ് മമിതയുടെ പുതിയ സിനിമ. സംഗീത് പ്രതാപ് നായകനാകുന്ന സിനിമയുടെ സംവിധാനം ഡിനോയ് പൗലോസ് ആണ്.



