പോലീസ് കൂടുതൽ ജനകീയമാകും; പോലീസ് കംപ്ലയിന്റ് അതോറിറ്റിക്ക് പുതുജീവൻ

തിരുവനന്തപുരം: പോലീസിനെ കൂടുതൽ ജനകീയവും ഉത്തരവാദിത്തപരവുമാക്കുന്നതിനായി പോലീസ് കംപ്ലയിന്റ് അതോറിറ്റിയുടെ പ്രവർത്തനം ശക്തിപ്പെടുത്താൻ ആഭ്യന്തര വകുപ്പ് നടപടികൾ ആരംഭിച്ചു. ജനകീയ പദ്ധതികളായ ‘തൂഫാൻ – ദി നാർക്കോ ഹണ്ട്’, ‘പ്രോജക്ട് സീറോ’ എന്നിവയ്ക്ക് പിന്നാലെയാണ് ഈ നീക്കം.
അതോറിറ്റിയുടെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി സ്വതന്ത്ര ചീഫ് ഇൻവെസ്റ്റിഗേഷൻ ഓഫീസറെ ഉടൻ നിയമിക്കാൻ സർക്കാർ തയ്യാറെടുക്കുകയാണ്. പോലീസുകാർക്കെതിരായ പരാതികൾ പോലീസുകാർ തന്നെ അന്വേഷിക്കുന്നതിലുള്ള സുതാര്യതാ പ്രശ്നങ്ങൾ പരിഹരിക്കുകയാണ് ലക്ഷ്യം. ഇതുസംബന്ധിച്ച് കേരള ഹൈക്കോടതിയുടെ നിർദേശവും നിലവിലുണ്ട്.
യു.ഡി.എഫ് ഭരണകാലത്ത് ജസ്റ്റിസ് കെ. നാരായണക്കുറുപ്പ് അധ്യക്ഷനായിരുന്നപ്പോൾ പോലീസ് കംപ്ലയിന്റ് അതോറിറ്റി സജീവമായി ഇടപെട്ടിരുന്നു. ലോക്കപ്പ് മർദനങ്ങൾ, മനുഷ്യാവകാശ ലംഘനങ്ങൾ തുടങ്ങിയ പരാതികളിൽ അന്വേഷണം നടത്തുകയും പോലീസ് സ്റ്റേഷനുകളിൽ അതോറിറ്റിയെക്കുറിച്ചുള്ള വിവരങ്ങൾ പ്രദർശിപ്പിക്കുന്നത് നിർബന്ധമാക്കുകയും ചെയ്തിരുന്നു.
അതേസമയം, കഴിഞ്ഞ വർഷങ്ങളിൽ അതോറിറ്റിയുടെ പ്രവർത്തനം പരിമിതമായിരുന്നുവെന്ന വിമർശനം ഉയർന്നിരുന്നു. ഇതിന് പരിഹാരമായാണ് ഘടനാപരമായ മാറ്റങ്ങൾ സർക്കാർ പരിഗണിക്കുന്നത്.
ജില്ലാ പോലീസ് കംപ്ലയിന്റ് അതോറിറ്റികളുടെ പ്രവർത്തനം വേഗത്തിലാക്കുന്നതിനായി സംസ്ഥാനത്തെ നോർത്ത് സോൺ, സൗത്ത് സോൺ എന്നിങ്ങനെ വിഭജിച്ച് വിരമിച്ച സെലക്ഷൻ ഗ്രേഡ് ജില്ലാ ജഡ്ജിമാരെ ചെയർപേഴ്സൺമാരായി നിയമിക്കാനും നടപടികൾ പുരോഗമിക്കുകയാണ്. ഇതിലൂടെ കേസുകൾ കൂടുതൽ വേഗത്തിൽ പരിഗണിക്കാനാകുമെന്നാണ് പ്രതീക്ഷ.
എന്നാൽ നിലവിൽ അതോറിറ്റിക്ക് അന്വേഷണവും ശുപാർശയും നൽകാനുള്ള അധികാരമാണ് ഉള്ളത്. കുറ്റക്കാരെന്ന് കണ്ടെത്തുന്ന ഉദ്യോഗസ്ഥർക്കെതിരെ നേരിട്ട് ശിക്ഷാനടപടി സ്വീകരിക്കാനുള്ള അധികാരം ഇപ്പോഴും ലഭിച്ചിട്ടില്ല. അന്തിമ നടപടികൾക്കായി സർക്കാർ അനുമതി ആവശ്യമാണ്.
രാജ്യത്തെ കസ്റ്റഡി മരണങ്ങളെക്കുറിച്ചുള്ള കണക്കുകളും ആശങ്ക ഉയർത്തുന്നതാണ്. എൻ.സി.ആർ.ബി.യും എൻ.എച്ച്.ആർ.സി.യും പുറത്തുവിട്ട വിവരങ്ങൾ പ്രകാരം കഴിഞ്ഞ വർഷങ്ങളിൽ രാജ്യത്ത് നൂറുകണക്കിന് പോലീസ് കസ്റ്റഡി മരണങ്ങളും ആയിരക്കണക്കിന് ജുഡീഷ്യൽ കസ്റ്റഡി മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കേരളത്തിലും കഴിഞ്ഞ വർഷങ്ങളിൽ കസ്റ്റഡി മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ട സാഹചര്യത്തിൽ പോലീസ് കംപ്ലയിന്റ് അതോറിറ്റിയുടെ പ്രാധാന്യം വർധിച്ചിരിക്കുകയാണ്.
പോലീസിനോടുള്ള ജനങ്ങളുടെ വിശ്വാസം ശക്തിപ്പെടുത്തുകയും പരാതികൾക്ക് വേഗത്തിൽ പരിഹാരം ഉറപ്പാക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ പരിഷ്കാരങ്ങൾ നടപ്പാക്കുന്നത്.



