Cinema

ഇനി ‘ഹാഷിര്‍ ഗാരു’; വാഴ 2 തെലുങ്ക് ട്രെയ്‍ലര്‍ എത്തി

ശ്രദ്ധിക്കപ്പെടുന്ന മലയാള സിനിമകള്‍ മൊഴിമാറ്റി എത്തിയാല്‍ മിക്കപ്പോഴും നന്നായി സ്വീകരിക്കുന്നവരാണ് തെലുങ്ക് പ്രേക്ഷകര്‍. പ്രേമലുവും ലോകയുമൊക്കെ അത്തരത്തില്‍ അവിടെ ശ്രദ്ധ നേടിയിട്ടുണ്ട്. ഇവിടെ ഏതെങ്കിലും ചിത്രങ്ങള്‍ വമ്പന്‍ വിജയം നേടിയാല്‍ തെലുങ്ക് ഡബ്ബിംഗ് പതിപ്പുകള്‍ തിയറ്ററുകളില്‍ എത്തുന്നത് ഇപ്പോള്‍ സാധാരണവുമാണ്. ഇപ്പോഴിതാ അക്കൂട്ടത്തിലേക്ക് മറ്റൊരു ചിത്രം കൂടി എത്തുകയാണ്. നവാ​ഗതരുമായി എത്തി വിസ്മയ വിജയം നേടി മുന്നേറുന്ന വാഴ 2 ആണ് തെലുങ്കിലേക്ക് എത്താന്‍ ഒരുങ്ങുന്നത്. ഉടന്‍ തിയറ്ററുകളിലെത്തുന്ന തെലുങ്ക് മൊഴിമാറ്റ പതിപ്പിന്‍റെ ട്രെയ്‍ലര്‍ അണിയറക്കാര്‍ പുറത്തുവിട്ടു.

തിങ്ക് മ്യൂസിക് തെലുങ്ക്, ഷൈന്‍ സ്ക്രീന്‍സ് എന്നിവരുടെ യുട്യൂബ് ചാനലുകളിലൂടെയാണ് ട്രെയ്‍ലര്‍ എത്തിയിരിക്കുന്നത്. മികച്ച പ്രതികരണമാണ് ട്രെയ്‍ലറിന് ലഭിക്കുന്നത്. അതേസമയം ചിത്രം ആ​ഗോള ബോക്സ് ഓഫീസില്‍ നിന്ന് 200 കോടിയും മറികടന്ന് കുതിപ്പ് തുടരുകയാണ്. കേരളത്തില്‍ നിന്ന് മാത്രം 100 കോടിയിലേറെ ​ഗ്രോസും ചിത്രം ഇതിനകം നേടി. മലയാളത്തിലെ അടുത്ത ഇന്‍ഡസ്ട്രി ഹിറ്റ് ആകുമോ ചിത്രം എന്നതാണ് സിനിമാലോകം ആകാംക്ഷയോടെ നോക്കുന്നത്. ലോകയാണ് നിലവില്‍ മലയാളത്തിലെ ഇന്‍ഡസ്ട്രി ​ഹിറ്റ്. 300 കോടി ക്ലബ്ബില്‍ ഇടംപിടിച്ച ഒരേയൊരു മലയാള ചിത്രവും ലോക തന്നെ.

വിപിന്‍ ദാസിന്‍റെ തിരക്കഥയില്‍ നവാ​ഗതനായ സവിന്‍ സ ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.‌ ഹാഷിർ, അലൻ ബിൻ സിറാജ്, അജിൻ ജോയ്, വിനായക് തുടങ്ങിയ ഒരുപറ്റം യുവതാരങ്ങൾക്കൊപ്പം സുധീഷ്, വിജയ് ബാബു, അജു വർഗീസ്, അരുൺ, അൽഫോൻസ് പുത്രൻ, വിനോദ് കെടാമംഗലം, അമീൻ, നിഹാൽ, അഞ്ചൽ മറിയ തുടങ്ങിയ താരങ്ങളും അഭിനയിച്ചിരിക്കുന്ന ചിത്രമാണ് ഇത്.

ഹ്യൂമറിൽ തുടങ്ങി ഇമോഷണൽ ഡ്രാമയിലൂടെ കടന്ന് ശുഭപര്യവസായിയാണ് ചിത്രം അവസാനിക്കുന്നത്. നിറയെ പൊട്ടിച്ചിരികളുമായി കഥ പറഞ്ഞ് പോകുന്ന ഫസ്റ്റ് ഹാഫും, ജീവിതത്തിന്റെ റിയാലിറ്റി വരച്ചു കാണിക്കുന്ന സെക്കന്റ് ഹാഫുമാണ് ചിത്രത്തിന്‍റേത്. ഛായാഗ്രഹണം- അഖിൽ ലൈലാസുരൻ, എഡിറ്റർ – കണ്ണൻ മോഹൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ – കനിഷ്ക ഗോപി ഷെട്ടി, പ്രൊഡക്ഷൻ കൺട്രോളർ – റിന്നി ദിവാകർ, കല – ബാബു പിള്ള, മേക്കപ്പ് – സുധി സുരേന്ദ്രൻ, കോസ്റ്റ്യൂംസ് – അശ്വതി ജയകുമാർ.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button