News

ജിം പരിശീലനത്തിന് പിന്നാലെ കുഴഞ്ഞുവീണ 23കാരനെ പക്ഷാഘാതത്തിൽ നിന്ന് രക്ഷിച്ച് അമ്മ

മുംബയ്: ജിം പരിശീലനത്തിന് പിന്നാലെ കുഴഞ്ഞുവീണ 23കാരനെ പക്ഷാഘാതത്തിൽ നിന്ന് രക്ഷിച്ച് അമ്മ. നാഗ്‌പൂർ സ്വദേശിയായ ഓം ഭോയർ എന്ന യുവാവാണ് നഴ്‌സായ അമ്മയുടെ കൃത്യമായ ഇടപെടൽ മൂലം ജീവിതത്തിലേയ്ക്ക് തിരികെയെത്തിയത്.

മണിക്കൂറുകളോളം ജിമ്മിൽ ചെലവഴിച്ച യുവാവ് ഡെഡ്‌ലിഫ്റ്റ് ചെയ്യുന്നതിന്റെ റീലും സമൂഹമാദ്ധ്യമത്തിൽ പോസ്റ്റു ചെയ്തിരുന്നു. തുടർന്ന് വീട്ടിലെത്തിയ ഓം കുഴഞ്ഞുവീഴുകയായിരുന്നു. മകന് തലച്ചോറിലെ രക്തസ്രാവം മൂലം പക്ഷാഘാതമുണ്ടാകാനുള്ള സാദ്ധ്യത മനസിലാക്കിയ അമ്മ ഉടൻ തന്നെ ആശുപത്രിയിലെത്തിക്കുകയായിരുന്നു.

ബോധരഹിതനായി നാല് മണിക്കൂറിനുള്ളിൽ ആശുപത്രിയിലെത്തിച്ചാൽ പക്ഷാഘാതത്തിൽ നിന്ന് രക്ഷപ്പെടുത്താനാവും. ഇതിനെ ഗോൾഡൻ അവർ എന്നാണ് വിശേഷിപ്പിക്കുന്നത്.പരിശോധനയിൽ ഓമിന്റെ തലച്ചോറിൽ രക്തം കട്ട പിടിച്ചതായി കണ്ടെത്തുകയും ഇത് നീക്കം ചെയ്യുകയും ചെയ്തു.തുടർന്ന് ദിവസങ്ങളോളം ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞ യുവാവ് ആരോഗ്യവാനായി തിരികെയെത്തിയിരിക്കുകയാണ്.ശാരീരിക ശേഷിക്ക് അപ്പുറമോ വിദഗ്ദ്ധ മേൽനോട്ടമില്ലാതെയോ അമിതമായി വ്യായാമം ചെയ്യുന്നതിന്റെ ദൂഷ്യഫലമായാണ് യുവാവിന് തലച്ചോറിൽ രക്തസ്രാവത്തിന് കാരണമായത്.

തലച്ചോറിലെ രക്തക്കുഴൽ പൊട്ടി ചുറ്റുമുള്ള ഭാഗങ്ങളിലേക്ക് രക്തം ഒഴുകുന്നതാണ് ഹെമറാജിക് സ്ട്രോക്ക്. തലച്ചോറിന്റെ പ്രസക്ത ഭാഗങ്ങളും ബന്ധപ്പെട്ട ശരീരഭാഗങ്ങളും തമ്മിലുള്ള ബന്ധം വിച്ഛേദിക്കപ്പെടുന്നതിന് ഇത് കാരണമാകും. കൂടാതെ പക്ഷാഘാതത്തിലേക്കും നയിക്കുന്നു. സമയബന്ധിതമായ ചികിത്സയിലൂടെ തലച്ചോറിൽ രക്തം കട്ട പിടിച്ചത് നീക്കം ചെയ്യാൻ കഴിയും. ഇത് പക്ഷാഘാതത്തിന്റെ ഫലങ്ങൾ ലഘൂകരിക്കുകയും സുഖം പ്രാപിക്കാനുള്ള സാദ്ധ്യത വർദ്ധിപ്പിക്കുകയും ചെയ്യും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button