Cinema

‘അന്ന് ദിലീപേട്ടന് പകരം അഭിനയിച്ചു, അവർ എന്നെ ബാഡ് ടച്ച് ചെയ്തു

ആദ്യകാലങ്ങശിൽ കോമഡി വേഷങ്ങളിലൂടെ മലയാളികൾക്ക് സുപരിചിതനായി മാറിയ നടനാണ് വിജീഷ്. 2002ൽ ഒരുകൂട്ടം പുതുമുഖതാരങ്ങളെ പ്രധാന കഥാപാത്രങ്ങളാക്കി കമൽ സംവിധാനം ചെയ്ത നമ്മൾ എന്ന ചിത്രത്തിലും വിജീഷുണ്ടായിരുന്നു. ചിത്രത്തിൽ നൂലുണ്ടയെന്ന കോമഡി വേഷത്തെയാണ് വിജീഷ് അവതരിപ്പിച്ചത്.

അതിനുശേഷം സ്വപ്നക്കൂട്, ചക്രം, നരൻ തുടങ്ങിയ ചിത്രങ്ങളിലും വിജീഷ് പ്രധാന വേഷങ്ങളിലെത്തിയിരുന്നു. എന്നാൽ 2006ൽ റിലീസ് ചെയ്ത ക്ലാസ്‌മേറ്റ്‌സിലെ വിജീഷിന്റെ വേഷം മലയാളികളെ ഒന്നടങ്കം അതിശയിപ്പിച്ചിരുന്നു . ശരീരഭാരം നന്നായി കുറച്ചതിനുശേഷമാണ് വിജീഷ് പിന്നീട് സിനിമയിൽ സജീവമായത്. ഇപ്പോഴിതാ താരം ശരീരഭാരം കുറച്ചതിനെക്കുറിച്ച് ഒരു അഭിമുഖത്തിൽ തുറന്നുപറഞ്ഞിരിക്കുകയാണ്.

സംവിധായകൻ ലോഹിതദാസിന്റെ ചക്രം എന്ന സിനിമയിൽ ഞാൻ അഭിനയിച്ചിരുന്നു. അതിൽ പൃഥ്വിരാജായിരുന്നു നായകൻ. ആദ്യം ആ സിനിമയിലേക്ക് മോഹൻലാലിനെയും ദിലീപിനേയുമാണ് കാസ്​റ്റ് ചെയ്തിരുന്നത്. 22 ദിവസം ഷൂട്ടിംഗ് നടന്നിരുന്നു. അത് പാതിവഴിയിൽ നിന്നതാണ്. ശേഷമാണ് എന്നെയും പൃഥ്വിരാജിനെയും കാസ്​റ്റ് ചെയ്തത്. അന്ന് ദിലീപേട്ടൻ ചെയ്ത വേഷമാണ് ഞാൻ പിന്നീട് ചെയ്തത്.

നമ്മൾ, സ്വപ്നക്കൂട്,ചക്രം എന്നീ സിനിമകളിൽ അഭിനയിക്കുമ്പോൾ എനിക്ക് നല്ല വണ്ണമുണ്ടായിരുന്നു. ആ സമയങ്ങളിൽ എനിക്കുവന്നത് കോമഡിയുള്ള ചെറിയവേഷങ്ങൾ മാത്രമായിരുന്നു. ഇപ്പോൾ അതിനെ ബോഡിഷെയ്മിംഗ് എന്നാണ് പറയുന്നത്. അതൊക്കെ ഒരുപരിധിവരെ നമുക്ക് ആസ്വദിക്കാം. അതുകഴിഞ്ഞാൽ പ്രശ്നമാകും. അങ്ങനെയാണ് തടി കുറയ്ക്കാമെന്ന തീരുമാനത്തിലെത്തിയത്.നല്ല വേഷങ്ങൾ വരുമെന്ന പ്രതീക്ഷയിലാണ് അതൊക്കെ ചെയ്തത്. തടി കുറഞ്ഞതോടെ അവസരങ്ങൾ കുറഞ്ഞിട്ടുണ്ട്.

തടിയുണ്ടായിരുന്നപ്പോൾ ചില സങ്കടങ്ങൾ ഉണ്ടായിട്ടുണ്ട്. ആ സമയത്ത് ചിലർ എന്റടുത്ത് വന്ന് വെറുതെ ഉപദ്രവിച്ചിട്ടുണ്ട്. തടിയുള്ളത് എനിക്കൊരു ബുദ്ധിമുട്ടും ഉണ്ടായിരുന്നില്ല. എന്നെ കാണുന്നവർക്കായിരുന്നു ബുദ്ധിമുട്ട്. ചിലർ ബാഡ് ടച്ചും ചെയ്തിട്ടുണ്ട്. തെറ്റായ രീതിയിലാണ് അവർ എന്നെ സ്പർശിച്ചിട്ടുള്ളത്. നമ്മുടെ ജീവിതത്തിൽ ആകെ നമ്മുടെ ശരീരം മാത്രമേ കാണുള്ളൂ. അത് മനസിലാക്കണം. ശരീരഭാരം കുറഞ്ഞപ്പോഴും ചിലർ കളിയാക്കിയിട്ടുണ്ട്. എനിക്ക് എയ്ഡ്സുണ്ടോയെന്നുവരെ ചിലർ ചോദിച്ചു’- വിജീഷ് പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button