Cinema

“ധനുഷിന്റെ നായികയായി മമിത: അവസാന നിമിഷം വന്ന അപ്രതീക്ഷിത ട്വിസ്റ്റ്”

സൂപ്പർ ശരണ്യ, പ്രേമലു തുടങ്ങിയ മലയാള ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ മനം കവർന്ന നടിയാണ് മമിത ബൈജു. ഒൻപതാം ക്ലാസിൽ പഠിക്കുമ്പോൾ ‘സർവോപരി പാലക്കാരൻ’ എന്ന ചിത്രത്തിലൂടെയാണ് മമിത വെള്ളിത്തിരയിൽ എത്തുന്നത്. ഓപ്പറേഷൻ ജാവയിലെ അൽഫോൻസ എന്ന കഥാപാത്രമാണ് മമിതയെ കൂടുതൽ ശ്രദ്ധേയയാക്കിയത്. ഡാകിനി, വരത്തൻ, ഹണി ബീ 2, വികൃതി, കിലോമീറ്റേഴ്സ് ആൻഡ് കിലോമീറ്റേഴ്സ് തുടങ്ങിയവയാണ് മറ്റ് ശ്രദ്ധേയ ചിത്രങ്ങൾ.

ഇപ്പാേഴിതാ ധനുഷും മമിതയും ഒന്നിക്കുന്ന തമിഴ് ചിത്രം ‘കര’ ഏപ്രിൽ 30ന് തിയേറ്ററുകളിലെത്താൻ ഒരുങ്ങുകയാണ്. സിനിമയിലെ കാസ്റ്റിംഗിനെക്കുറിച്ചും തമിഴ് സിനിമയിലെ മലയാളി നായികമാരുടെ കടന്നുകയറ്റത്തെക്കുറിച്ചും സംവിധായകൻ വിഗ്നേഷ് രാജയും നടി മമിത ബൈജുവും പങ്കുവച്ച കാര്യങ്ങളാണ് സിനിമാലോകത്ത് ശ്രദ്ധേയമാകുന്നത്.

കര’യിൽ നായികയായി ആദ്യം നിശ്ചയിച്ചിരുന്നത് മമിതയെ ആയിരുന്നില്ലെന്നാണ് കരയുടെ സംവിധായകൻ വിഗ്നേഷിന്റെ വെളിപ്പെടുത്തൽ. കന്നഡ താരം ചൈത്ര ജെ ആചാറിനെയാണ് ആദ്യം ഈ വേഷത്തിനായി പരിഗണിച്ചിരുന്നത്. എന്നാൽ ചൈത്ര അഭിനയിച്ച ശശികുമാർ ചിത്രം ‘മൈ ലോർഡ്’ ഈ ചിത്രത്തിന് മുമ്പ് പുറത്തിറങ്ങിയിരുന്നു.

ആ ചിത്രത്തിലെ നടിയുടെ ലുക്ക് ‘കര’യിലേതുപോലെ സാദൃശ്യമുള്ളതിനാൽ ചൈത്ര തന്നെ ഈ വേഷം ഒഴിവാക്കുകയായിരുന്നു. ഇതിനുശേഷമാണ് മമിത ബൈജുവിനെ വിളിക്കുന്നത്. മമിത ഈ വേഷം സ്വീകരിക്കുമെന്ന് കരുതിയിരുന്നില്ലെന്നും എന്നാൽ താരം താല്പര്യം പ്രകടിപ്പിച്ചത് അപ്രതീക്ഷിതമായിരുന്നുവെന്നും വിഗ്നേഷ് രാജ പറഞ്ഞു. അതേസമയം, തമിഴ് സിനിമകളിൽ തമിഴ് നടിമാരെ ഒഴിവാക്കി മലയാളി നടിമാരെ കൊണ്ടുവരുന്നതിനെതിരെ സോഷ്യൽ മീഡിയയിൽ ഉയരുന്ന വിമർശനങ്ങൾക്ക് മമിത നൽകിയ മറുപടിയും ശ്രദ്ധേയമായി. ‘എനിക്ക് മുന്നിൽ ഒരു അവസരം വന്നപ്പോൾ അത് ഉപയോഗപ്പെടുത്തി എന്നത് മാത്രമാണ് ഞാൻ ചെയ്തത്.

ഒരു അഭിനേതാവ് എന്ന നിലയിൽ വൈവിദ്ധ്യമുള്ള വേഷങ്ങൾ ചെയ്യാനാണ് ആഗ്രഹിക്കുന്നത്. അതിരുകളും ഭാഷകളും കടന്ന് സിനിമകൾ ചെയ്യുക എന്റെ ജോലിയുടെ ഭാഗമാണ്. അത് എന്റെ ഉത്തരവാദിത്തം കൂടിയാണ്. അത്തരം അവസരങ്ങൾ ലഭിക്കുമ്പോൾ വേണ്ടെന്ന് വയ്ക്കാൻ കഴിയില്ല’. മമിത ബൈജു വ്യക്തമാക്കി. മമിതയെ കൂടാതെ മലയാളി താരങ്ങളായ ജയറാം, സുരാജ് വെഞ്ഞാറമ്മൂട് എന്നിവരും പ്രധാന വേഷങ്ങളിൽ ധനുഷിനൊപ്പം കരയിൽ അണിനിരക്കുന്നുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button