News

തന്റെ പേരും ചിത്രവും ഉപയോഗിച്ച് ലോൺ പരസ്യം; ആരും ചതിയിൽപ്പെടരുതെന്ന് നടൻ അജു വർഗീസ്

കൊച്ചി: തന്റെ പേരും ചിത്രവും ഉപയോഗിച്ച് ലോൺ പരസ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നതിനെതിരെ മുന്നറിയിപ്പുമായി നടൻ അജു വർഗീസ്. എഎം ട്രസ്റ്റ് ലോൺ സർവീസസ് എന്ന പേരിൽ പ്രചരിക്കുന്ന പരസ്യവുമായാണ് താരത്തിന്റെ ചിത്രം ചേർത്തിരിക്കുന്നത്. ഇത്തരം തട്ടിപ്പിൽ ആരും വീഴരുതെന്ന് അജു ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു. ‘ഈസി പേഴ്സണൽ ലോൺ’ എന്ന പേരിൽ മൂന്ന് ലക്ഷം രൂപ വരെ വായ്പ നൽകാമെന്ന് വാഗ്ദാനം ചെയ്താണ് തട്ടിപ്പ് നടക്കുന്നത്. അജു വർഗീസിന്റെ ചിത്രം പതിച്ച ഡിജിറ്റൽ കാർഡാണ് ഇതിനായി പ്രചരിപ്പിക്കുന്നത്.

എന്റെ പേരും ഫോട്ടോയും ഉപയോഗിച്ച് ഒരു ബാങ്കിംഗ് സ്ഥാപനം അവരുടെ പ്രമോഷനുകൾ നടത്തുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. എന്നാൽ എനിക്ക് ആ സ്ഥാപനവുമായോ അവരുടെ പദ്ധതികളുമായോ യാതൊരു ബന്ധവുമില്ല. വ്യാജമായ ഇത്തരം വാഗ്ദാനങ്ങളിൽ വീണ് നിങ്ങൾ കഷ്ടപ്പെട്ട് ഉണ്ടാക്കിയ പണം നഷ്ടപ്പെടുത്തരുത്. ചതിയിൽപ്പെടാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുമല്ലോ.

നന്ദി.’-അജു കുറിച്ചു. അജു വർഗീസ് മാത്രമല്ല, മലയാളത്തിലെ പല താരങ്ങളുടെയും ചിത്രങ്ങൾ ഉപയോഗിച്ച് ഇത്തരം വ്യാജ ലോൺ ആപ്പുകളും സേവനങ്ങളും സോഷ്യൽ മീഡിയയിൽ സജീവമാണ്. താരങ്ങളുടെ വിശ്വാസ്യത മുതലെടുത്ത് സാധാരണക്കാരെ കടക്കെണിയിലാക്കുകയാണ് ഇത്തരം സംഘങ്ങളുടെ ലക്ഷ്യം. പലരും ഇത്തരം പരസ്യങ്ങളിൽ ആകൃഷ്ടരായി ലോൺ എടുക്കുകയും പിന്നീട് വലിയ പലിശയും ഭീഷണിയും കാരണം പ്രതിസന്ധിയിലാവുകയും ചെയ്യുന്നത് പതിവാകുകയാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button