Cinema

മോഹൻലാലിന്റെ നായികയായപ്പോൾ ശരിക്കും ടെൻഷനടിച്ചു;മോഹിനി

വ‌ർഷങ്ങളായി സിനിമയിൽ നിന്ന് ഇടവേളയെടുത്തെങ്കിലും മലയാളത്തിൽ ഇന്നും ആരാധകരുള്ള നടിയാണ് മോഹിനി. പട്ടാഭിഷേകം, സൈന്യം, പഞ്ചാബി ഹൗസ് തുടങ്ങി നിരവധി ചിത്രങ്ങളിൽ മോഹിനി നായികയായി അഭിനയിച്ചിട്ടുണ്ട്. ഇപ്പോഴിതാ തനിക്ക് മലയാള സിനിമയിൽ അഭിനയിക്കുന്നത് ഏറെ ഇഷ്‌ടമാണെന്നാണ് മോഹിനി പറഞ്ഞിരിക്കുന്നത്. മോഹൻലാൽ, മമ്മൂട്ടി ഉൾപ്പെടെയുള്ള സൂപ്പർ താരങ്ങൾക്കൊപ്പം അഭിനയിച്ചപ്പോഴുണ്ടായ അനുഭവങ്ങളും മോഹിനി ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ പങ്കുവച്ചു.

കംഫർട്ടബിൾ അല്ലെങ്കിൽ എനിക്ക് അഭിനയിക്കാനാകില്ല. ഗോസിപ്പുകൾ ഉണ്ടാകുമെന്ന ഭയമില്ലാതെയാണ് ഞാൻ മലയാളത്തിൽ അഭിനയിച്ചിരുന്നത്. ആദ്യമൊന്നും മലയാളം അറിയില്ലായിരുന്നു. പിന്നീട് പഠിക്കേണ്ടിവന്നു. എന്നാൽ, അതിനെ പോസിറ്റീവായിട്ടാണ് ഞാൻ കാണുന്നത്. സെറ്റിൽ എപ്പോഴും പുസ്‌തകം വായിച്ചിരിക്കും. എനിക്ക് ഹെഡ്‌വെയ്‌റ്റ് ഉണ്ടെന്ന് ആരും പറഞ്ഞില്ല.

ഈ കുട്ടിക്ക് വായിക്കാനും പഠിക്കാനും ഇഷ്‌ടമാണെന്നാണ് എല്ലാവരും പറഞ്ഞത്. എന്നെ ഞാനായി സ്വീകരിച്ചതും അതിനനുസരിച്ചുള്ള വേഷങ്ങൾ തന്നതും മലയാളമാണ്.എന്റെ അമ്മയുടെ അമ്മ കോട്ടയംകാരിയാണ്. അതിനാൽ, മലയാളത്തിൽ അഭിനയിക്കാൻ വരുമ്പോൾ സ്വന്തം വീട്ടിൽ വരുന്നതുപോലെയാണ് തോന്നിയിരുന്നത്. ദിലീപും മഞ്ജുവും എന്റെ അടുത്ത സുഹൃത്തുക്കളാണ്. മമ്മൂട്ടിയെ ആദ്യം കണ്ടപ്പോൾ ഞാൻ പറഞ്ഞത്, സാർ എന്റെ അമ്മ നിങ്ങളുടെ ആരാധികയാണെന്നാണ്.

അദ്ദേഹത്തിന്റെ മകളുടെ ഭർത്താവ് എന്റെ ഭർത്താവിന്റെ സുഹൃത്താണ്. അപ്പോൾ എന്റെ കൂടെ എങ്ങനെ ജോഡിയായി അഭിനയിക്കും എന്നെല്ലാം പറഞ്ഞ് അദ്ദേഹം കളിയാക്കിയിരുന്നു.മോഹൻലാലിനൊപ്പം ജോഡിയായി അഭിനയിച്ചപ്പോഴാണ് ഞാൻ ശരിക്കും ടെൻഷനടിച്ചത്. അദ്ദേഹം വളരെ പതുക്കെയേ സംസാരിക്കൂ. അതെനിക്ക് മനസിലാകില്ല. അദ്ദേഹം സെറ്റിൽ അധികം സംസാരിക്കാറില്ല. മലയാളം പഠിക്കണമെന്ന് എപ്പോഴും പറയാറുണ്ടായിരുന്നു. വളരെ മികച്ച നടനാണ്. നമ്മളെങ്ങനെ അഭിനയിച്ചാലും പ്രേക്ഷകരുടെ ശ്രദ്ധ ഒപ്പമുള്ള അദ്ദേഹം കൊണ്ടുപോകും ‘, മോഹിനി പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button