മലയാളികളുടെ പ്രിയഗാനം ‘ഉണ്ണി വാവാവോ’ വീണ്ടും ആലപിച്ച് ആലിയാ ഭട്ട്, വീഡിയോ വൈറൽ

മലയാളികളുടെ വാനമ്പാടി കെ എസ് ചിത്രയുടെ ഗാനം പൊതുവേദിയിൽ വീണ്ടും ആലപിച്ച് ബോളിവുഡ് നടി ആലിയാ ഭട്ട്. മകൾ രാഹ കപൂറിന്റെ ഇഷ്ടഗാനമായ ‘ഉണ്ണി വാവാവോ’ എന്ന ഗാനമാണ് ആലിയ ജിദ്ദയിൽ നടക്കുന്ന റെഡ് സീ ഇന്റർനാഷണൽ ഫിലിംഫെസ്റ്റിവലിൽ പാടിയത്. ഇത് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.
മുൻപും തന്റെ മകൾ ‘ഉണ്ണി വാവാവോ’ എന്ന മലയാള താരാട്ടുപാട്ട് കേട്ടാണ് സ്ഥിരം ഉറങ്ങുന്നതെന്ന് ആലിയ പറഞ്ഞിരുന്നു.ഈ ഗാനം തന്റെ വീട്ടിലെ പ്രധാനഘടകമായി മാറിക്കഴിഞ്ഞെന്നും നടി പറഞ്ഞു. മകളെ പരിചരിക്കുന്ന മലയാളിയായ നഴ്സാണ് ഉണ്ണി വാവാവോ പാടുന്നതെന്നും അവർ പറഞ്ഞു. രാഹ ഈ ഗാനം കേട്ടാണ് എല്ലാദിവസവും ഉറങ്ങുന്നതെന്നും അവർ പറഞ്ഞു.
ഭർത്താവും നടനുമായ രൺബീർ കപൂർ പോലും ഈ ഗാനം പാടാൻ പഠിച്ചെന്നും ആലിയ വേദിയിൽ വെളിപ്പെടുത്തി.ഫഹദ് മുഹമ്മദെന്ന പ്രവാസി മലയാളി വ്ലോഗറാണ് സോഷ്യൽമീഡിയയിൽ ഈ വീഡിയോ പങ്കുവച്ചത്.വീഡിയോയുടെ തുടക്കത്തിൽ ആലിയാ ഭട്ടിനെകൊണ്ട് മലയാളം പാട്ടായ ‘ഉണ്ണി വാവാവോ’ പാടിപ്പിക്കുമെന്ന് ഫഹദും സുഹൃത്തുക്കളും പറയുന്നുണ്ട്. പിന്നീട് ചോദ്യോത്തര വേളയിൽ ആലിയ ഇവരുടെ ആവശ്യപ്രകാരം പാട്ട് പാടുകയായിരുന്നു.
1991ൽ പുറത്തിറങ്ങിയ സിബിമലയിൽ ചിത്രം സാന്ത്വനത്തിനുവേണ്ടി മോഹൻ സിത്താര – കൈതപ്രം ടീം ഒരുക്കിയ ഗാനമാണ് ‘ഉണ്ണി വാവാവോ പൊന്നുണ്ണി വാവാവോ’. വർഷങ്ങളൊരുപാട് കഴിഞ്ഞിട്ടും ലക്ഷക്കണക്കിനാളുകളാണ് ഇപ്പോഴും യൂട്യൂബിൽ ഈ ഗാനം കേൾക്കുന്നത്.



