Cinema

ശ്വേതാ മേനോൻ നല്ല സുഹൃത്ത്, ആരോപണങ്ങൾ തെളിഞ്ഞാൽ അഭിനയം നിർത്തുമെന്ന് ബാബുരാജ്

കൊച്ചി: നടി ശ്വേതാ മേനോൻ തന്റെ അടുത്ത സുഹൃത്താണെന്നും തനിക്കെതിരായ ആരോപണങ്ങൾ തെളിഞ്ഞാൽ അഭിനയം നിർത്തുമെന്നും നടൻ ബാബുരാജ്. കൊച്ചിയിൽ നടക്കുന്ന അമ്മ തിരഞ്ഞെടുപ്പിൽ വോട്ടുചെയ്യാനെത്തിയ ബാബുരാജ് മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു.

‘ആരു ജയിച്ചാലും നല്ലൊരു തുടക്കമാകട്ടെയെന്ന് പ്രതീക്ഷിക്കാം. സംഘടന നല്ലരീതിയിൽ തന്നെ മുന്നോട്ടുപോകും. പുതിയ ആൾക്കാർ കാര്യങ്ങൾ ഗംഭീരമായി തന്നെ നോക്കും. സംഘടനയ്ക്കുള്ളിൽ നടന്ന കാര്യങ്ങളെക്കുറിച്ച് ജനറൽ ബോഡിയിൽ സംസാരിക്കും. പറഞ്ഞുപറഞ്ഞ് വീണ്ടും പ്രശ്നമാക്കണ്ടല്ലോയെന്ന് വിചാരിച്ചിട്ടാണ് ഇപ്പോൾ അതിനെക്കുറിച്ച് സംസാരിക്കാത്തത്.

എന്നെക്കുറിച്ച് പറഞ്ഞാൽ മാത്രമേ ആളുകൾ വിശ്വസിക്കുകയുള്ളൂ. ശ്വേത എന്റെ അടുത്ത സുഹൃത്താണ്. ശ്വേതയുമായി ബന്ധപ്പെട്ട് പോലും എനിക്കെതിരെ ആളുകൾ പ്രചാരണം അഴിച്ചുവിട്ടു. അത് ശ്വേതയ്ക്കുമറിയാം. അതെല്ലാം കണ്ടുപിടിക്കട്ടെ. ഇത്തരത്തിൽ ആരോപണം നടത്തിയത് ആരാണ്, കേസിനുപിന്നിൽ ആരാണ് എന്നത് പുതിയ ഭരണസമിതി കണ്ടുപിടിക്കണം.

അതിന്റെ പിന്നിൽ ഒരംശമെങ്കിലും ഞാനുണ്ടെങ്കിൽ ഞാൻ അഭിനയം നിർത്തിപ്പോകും. ശ്വേതയും ഞാനുമായി വർഷങ്ങളായി പരിചയമുള്ളവരാണ്. ആരു ജയിച്ചാലും ഞാൻ അവരുടെ കൂടെയാണ്. ആരോപണങ്ങൾ നിലനിൽക്കുമ്പോൾ മത്സരിക്കുന്നത് ശരിയല്ല. അതിനാലാണ് പിന്മാറിയത്. ആരുടെയും സമ്മർദ്ദം കൊണ്ട് പിന്മാറിയതല്ല.

മത്സരരംഗത്ത് വനിതകൾ ഉള്ളത് സ്വാഗതം ചെയ്യുന്നു’- ബാബുരാജ് വ്യക്തമാക്കി.അമ്മ ഭാരവാഹി തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ശ്വേതാ മേനോനും കുക്കു പരമേശ്വരനുമെതിരായ ആരോപണങ്ങൾക്ക് പിന്നിൽ ബാബുരാജാണെന്ന ആരോപണങ്ങൾ ഉയർന്നിരുന്നു. അമ്മയുടെ തിരഞ്ഞെടുപ്പിൽ നിന്ന് ബാബുരാജ് വിട്ടുനിൽക്കണമെന്നും പലരും ആവശ്യപ്പെട്ടിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button