നടൻ ബാബുരാജ് അമ്മ സംഘടനയുടെ ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കരുതെന്ന് ആവശ്യപ്പെട്ട്; നടൻ അനൂപ് ചന്ദ്രൻ

കൊച്ചി: ബലാത്സംഗക്കേസിൽ മുൻകൂർ ജാമ്യത്തിൽ കഴിയുന്ന നടൻ ബാബുരാജ് അമ്മ സംഘടനയുടെ ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കരുതെന്ന് ആവശ്യപ്പെട്ട് നടൻ അനൂപ് ചന്ദ്രൻ. ബാബുരാജ് മത്സരിക്കുന്നത് സ്വാർത്ഥ താൽപര്യങ്ങൾ സംരക്ഷിക്കാനാണെന്നും അൻസിബ അടക്കമുള്ള സ്ത്രീകൾ ബാബുരാജിന്റെ സിൽബന്ധികളാണെന്നും അനൂപ് ചന്ദ്രൻ കൂട്ടിച്ചേർത്തു. തിരഞ്ഞെടുപ്പിൽ ആരോപണവിധേയർ മത്സരിക്കുന്നതിനെതിരെ സംഘടനയിൽ രണ്ട് അഭിപ്രായമാണ് ഉയരുന്നത്.
‘അൻസിബ അടക്കമുള്ള സ്ത്രീകൾ ബാബുരാജിന്റെ സിൽബന്ധികളായാണ് പ്രവർത്തിക്കുന്നത്. കുക്കു പരമേശ്വരൻ, ശ്വേതാ മേനോൻ, അനന്യ, സരയൂ എന്നീ നടികളെ അപഹസിക്കലാണ് ഇവരുടെ ലക്ഷ്യം. അമ്മയിൽ വ്യാപകമായ സാമ്പത്തിക അഴിമതി നടത്തിയിട്ടുണ്ട്’- അനൂപ് പറഞ്ഞു.തിരഞ്ഞെടുപ്പിൽ ആരോപണവിധേയർ മത്സരിക്കുന്നതിനെ സ്വാഗതം ചെയ്യുന്ന നിലപാടാണ് അൻസിബ സ്വീകരിച്ചത്. സമൂഹത്തിൽ ആരോപണ വിധേയരായ മന്ത്രിമാരും രാഷ്ട്രീയക്കാരുമുണ്ട്. ഈ സംഘടനയേക്കാൾ വലുതാണ് രാഷ്ട്രീയം.
അവിടെ ആരോപണ വിധേയർക്ക് മത്സരിക്കാമെങ്കിൽ ഇവിടെ എന്താണ് പ്രശ്നമെന്നായിരുന്നു അൻസിബ ചോദിച്ചത്.ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ അമ്മയിലെ ചില അംഗങ്ങൾക്കെതിരായ പീഡന ആരോപണങ്ങൾ തുറന്നുകാട്ടിയതിനെത്തുടർന്നാണ് പുതിയ തിരഞ്ഞെടുപ്പിലേക്ക് കാര്യങ്ങൾ വഴിവച്ചത്. ഇത് മുഴുവൻ എക്സിക്യൂട്ടീവ് കമ്മിറ്റിയുടെയും രാജിയിലേക്ക് നയിച്ചു. മുൻ പ്രസിഡന്റായ മോഹൻലാലും സംഘടനയിൽ നിന്നും സ്വമേധയാ പുറത്തു പോയി. ഇതിനു ശേഷമാണ് പുതിയ തിരഞ്ഞെടുപ്പ് വരെ സംഘടനയുടെ കാര്യങ്ങൾ കൈകാര്യം ചെയ്യുന്നതിനായി അഡ്‌ഹോക്ക് കമ്മിറ്റി രൂപീകരിച്ചത്.