Cinema

ആരെയും അതിശയിപ്പിക്കുന്ന അത്ഭുത ബാലിക’, തരുണിയുടെ ഓർമയിൽ വിനയൻ…

മലയാളികൾക്ക് ഒരിക്കലും മറക്കാനാവാത്ത മുഖമാണ് ‘വെള്ളിനക്ഷത്ര’ത്തിലെ ആ കുസൃതിക്കാരി. വിനയൻ സംവിധാനം ചെയ്ത ചിത്രത്തിൽ പൃഥ്വിരാജിന്റെ മകളായി അഭിനയിച്ച് പ്രിയങ്കരിയായി മാറിയ ബാലതാരമാണ് തരുണി സച്ച്‌ദേവ്. ഇപ്പോഴിതാ തരുണിയുമൊത്തുള്ള ഓർമ്മ പങ്കുവച്ചിരിക്കുകയാണ് സംവിധായകൻ വിനയൻ. ആരെയും അതിശയിപ്പിക്കുന്ന അഭിനയ ചാരുതയുള്ള അത്ഭുത ബാലികയെന്നാണ് വിനയൻ തരുണിയെ വിശഷിപ്പിച്ചത്. തരുണിക്കൊപ്പമുള്ള പഴയകാല ചിത്രവും വിനയൻ ഫേസ്ബുക്കിൽ പങ്കുവച്ചു.

ഓർമ്മപ്പൂക്കൾ.. നാലു വയസുള്ളപ്പോഴാണ് തരുണി മോൾ ‘വെള്ളിനക്ഷത്രം ‘എന്ന എന്റെ സിനിമയിൽ അഭിനയിക്കുന്നത്..ആ വർഷം തന്നെ സത്യത്തിലും തരുണി അഭിനയിച്ചു..രണ്ടിലും പൃഥ്വിരാജായിരുന്നു നായകൻ.. ആരെയും അതിശയിപ്പിക്കുന്ന അഭിനയ ചാരുതയുള്ള ആ അത്ഭുത ബാലിക 12 വയസുള്ളപ്പോൾ 2012 ൽ നേപ്പാളിൽ വച്ചുണ്ടായ ഹെലിക്കോപ്ടർ അപകടത്തിൽ അമ്മ ഗീതയോടൊപ്പം മരണപ്പെട്ടു.’ വിനയൻ കുറിച്ചു.

കരിഷ്മ കപൂറിനൊപ്പം രസ്നയുടെ പരസ്യത്തിൽ അഭിനയിച്ചതോടെയാണ് തരുണി ദേശീയതലത്തിൽ ശ്രദ്ധിക്കപ്പെടുന്നത്. അമിതാഭ് ബച്ചൻ പ്രധാന വേഷത്തിലെത്തിയ ‘പാ’ എന്ന ചിത്രത്തിൽ അദ്ദേഹത്തിന്റെ സുഹൃത്തായി തരുണി തിളങ്ങി. 2014ൽ പുറത്തിറങ്ങിയ തമിഴ് ചിത്രം ‘വെട്രി സെൽവൻ’ ആണ് തരുണിയുടെ അവസാന സിനിമ. ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തിയാക്കിയെങ്കിലും സിനിമ റിലീസ് ചെയ്യുന്നതിന് മുൻപ് തന്നെ വിധി തരുണിയെ തട്ടിയെടുത്തു.

2012 മേയ് 14-നായിരുന്നു സിനിമാ ലോകത്തെ നടുക്കിയ ആ അപകടം നടന്നത്. തന്റെ പതിനാലാം ജന്മദിനത്തിൽ നേപ്പാളിലെ പൊഖാറയിൽ നിന്നും വിനോദസഞ്ചാര കേന്ദ്രത്തിലേക്ക് വിമാനത്തിൽ യാത്ര ചെയ്യവേയായിരുന്നു തരുണിയുടെയും അമ്മ ഗീതയുടെയും അന്ത്യം. വിമാനം തകർന്നുണ്ടായ അപകടത്തിൽ ആകെ ഇരുപതോളം പേർക്കാണ് ജീവൻ നഷ്ടമായത്. ഭാവിയിൽ ഇന്ത്യൻ സിനിമയിലെ തന്നെ വലിയൊരു താരമായി മാറുമെന്ന് പ്രവചിക്കപ്പെട്ടിരുന്ന തരുണിയുടെ അകാല വിയോഗം ഇന്നും സിനിമാലോകത്ത് തീരാനൊമ്പരമായിട്ടാണ് അവശേഷിക്കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button