Cinema

സിനിമാ പാരമ്പര്യമില്ലാതെ ഉയർന്ന നടൻ; ഉണ്ണിയെ കുറിച്ച് ശ്രദ്ധേയ പരാമർശം

മാമാങ്കം എന്ന ചിത്രത്തിലൂടെ മലയാളികൾക്ക് സുപരിചിതയായ നടിയാണ് മുൻ ദേശീയ കായികതാരം കൂടിയായ പ്രാചി തെഹ്ലാൻ. ഇപ്പോഴിതാ നടൻ ഉണ്ണി മുകുന്ദനുമായുള്ള തന്റെ ആഴമേറിയ സൗഹൃദത്തെക്കുറിച്ച് താരം സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പാണ് ശ്രദ്ധനേടുന്നത്. ഇരുവരും തമ്മിലുള്ള സുഹൃദ്ബന്ധം ഏഴ് വർഷം പിന്നിടുന്ന വേളയിലാണ് ഉണ്ണിയെക്കുറിച്ചുള്ള,​ അധികമാർക്കും അറിയാത്ത വ്യക്തിത്വത്തെക്കുറിച്ച് പ്രാചി തുറന്നുപറയുന്നത്.

ആദ്യമായി ഉണ്ണി മുകുന്ദനെ കാണുന്നത് ‘ചാണക്യതന്ത്രം’ എന്ന സിനിമയുടെ പോസ്റ്ററിലാണ്. അതും ഒരു സ്ത്രീവേഷത്തിൽ. ആ പോസ്റ്റർ കണ്ടപ്പോൾ തന്നെ ആരാണ് ഈ നടനെന്ന് ഞാൻ അത്ഭുതത്തോടെ ആലോചിച്ചിരുന്നു. ഇത് 2018ലാണ്. പിന്നീട് 2019ൽ ‘മാമാങ്കം’ സിനിമയുടെ സെറ്റിൽ വച്ചാണ് ഞങ്ങൾ നേരിട്ട് കണ്ടുമുട്ടുന്നത്. അതായിരുന്നു സൗഹൃദത്തിന്റെ തുടക്കം.

എന്നോട് വളരെ ഒഴുക്കോടെ ഹിന്ദിയിൽ സംസാരിക്കാൻ കഴിയുന്ന ഒരാളെ സെറ്റിൽ കിട്ടിയതിന്റെ സന്തോഷം അന്ന് എനിക്കുണ്ടായിരുന്നു. അന്ന് കണ്ടുമുട്ടിയ അതേ ഉണ്ണി തന്നെയാണ് ഇപ്പോഴും.എത്രപേർക്ക് ഉണ്ണിയുടെ യഥാർത്ഥ വശം അറിയാമെന്ന് എനിക്കറിയില്ല. എന്നാൽ ഞാൻ കാണുന്നത് വളരെ കുട്ടിത്തം നിറഞ്ഞ, നിഷ്‌കളങ്കനായ മനുഷ്യനെയാണ്. ചിലർക്ക് ശാഠ്യക്കാരനായിരിക്കാം. എന്നാൽ അതൊക്കെ തന്നെയാണ് അവനെ മറ്റുള്ളവരിൽ നിന്ന് വേറിട്ട് നിർത്തുന്നത്. ഒരു നടൻ എന്നതിലുപരി നല്ല മനുഷ്യനാണ് ഉണ്ണി.

യാതൊരു സിനിമാ പാരമ്പര്യവുമില്ലാതെ സ്വന്തം പ്രയത്നത്താൽ സ്വന്തം പേര് കെട്ടിപ്പടുത്ത നടനാണ് ഉണ്ണി. അത് അത്ര എളുപ്പമുള്ള കാര്യമല്ല.എന്റെ ഏറ്റവും മണ്ടത്തരം നിറഞ്ഞ കാര്യങ്ങളിലും വിഡ്ഢിത്തം നിറഞ്ഞ തമാശകളിലും ചിരിക്കാനും, പരസ്പരം ട്രോളാനും, ഒരിക്കലും വിരസതയോ അസ്വസ്ഥതയോ തോന്നാതെ മണിക്കൂറുകളോളം സംസാരിക്കാനും കഴിയുന്ന ഒരാളാണ് അവൻ. അതുകൊണ്ടാണ് ഞാൻ ഈ ബന്ധത്തെ ഒരു ‘ഈസി ഫ്രണ്ട്ഷിപ്പ്’ എന്ന് വിളിക്കുന്നത്. സിനിമ ഏറെ വെല്ലുവിളികൾ നിറഞ്ഞതാണെന്ന് അറിയാം.

എങ്കിലും ഞാൻ എപ്പോഴും കൂടെയുണ്ടാകും. പുഞ്ചിരിയോടെ പ്രേക്ഷകരെ എന്നും ആനന്ദിപ്പിക്കാൻ ഈ ‘സൂപ്പർമാന്’ കഴിയട്ടെ’- പ്രാചി കുറിച്ചു.2010-11 കാലഘട്ടത്തിൽ ഇന്ത്യൻ നെറ്റ്‌ബോൾ ടീമിന്റെ ക്യാപ്ടനായി രാജ്യത്തെ പ്രതിനിധീകരിച്ച പ്രാചി, മൈതാനത്ത് നിന്നുമാണ് പിന്നീട് അഭിനയരംഗത്തേക്ക് എത്തിയത്. മമ്മൂട്ടി ചിത്രമായ മാമാങ്കത്തിലെ ഉണ്ണിയുടെയും പ്രാചിയുടെയും പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button