‘മക്കളുടെ കാര്യങ്ങളെല്ലാം സൂര്യ നോക്കും, നല്ലൊരു അച്ഛനാണ് അദ്ദേഹം’; സൂര്യയെക്കുറിച്ച് മനസുതുറന്ന് ജ്യോതിക!

മക്കളായ ദിയയുടെയും ദേവിന്റെയും സ്‌കൂളിലെ കാര്യങ്ങളെല്ലാം ഭർത്താവ് സൂര്യയാണ് നോക്കുന്നതെന്ന് നടി ജ്യോതിക. അദ്ദേഹം നല്ലൊരു അച്ഛനാണെന്നും ജ്യോതിക പറഞ്ഞു. ഒരു പ്രമുഖ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് താരം തന്റെ കുടുംബവിശേഷങ്ങൾ പങ്കുവച്ചത്. സൂര്യയ്ക്കും ജ്യോതികയ്ക്കും രണ്ടു മക്കളാണുള്ളത്. 2007ൽ ജനിച്ച ദിയയും 2010ൽ ജനിച്ച ദേവും മുംബയിലാണ് പഠിക്കുന്നത്.
ദിയയ്ക്ക് അച്ഛനോടാണ് കൂടുതൽ അടുപ്പം. ദേവ് ഞങ്ങൾ രണ്ടുപേരോടും ഒരുപോലെ അടുപ്പം പുലർത്തുന്നു. സൂര്യ നല്ലൊരു അച്ഛനായതിൽ ഒരുപാട് കാരണങ്ങളുണ്ട്. സ്‌കൂളിൽനിന്ന് ദിവസവും കുറഞ്ഞത് രണ്ട് ഇമെയിലുകളെങ്കിലും വരും. കായികമത്സരങ്ങൾ, വിനോദയാത്രകൾ, പഠനകാര്യങ്ങൾ തുടങ്ങി പല കാര്യങ്ങളുമായി ബന്ധപ്പെട്ടായിരിക്കും സന്ദേശങ്ങൾ.
സ്‌കൂളുമായി ബന്ധപ്പെട്ട എല്ലാ ഉത്തരവാദിത്വങ്ങളും സൂര്യയാണ് ഏറ്റെടുക്കുന്നത്,’ -ജ്യോതിക പറഞ്ഞു.അടുത്തിടെ താരദമ്പതികളുടെ വിവാഹജീവിതത്തിന്റെ ഇരുപതാം വാർഷികത്തിൽ വീണ്ടും ഇരുവരും വിവാഹിതരായി വാർത്തകളിൽ ഇടംനേടിയിരുന്നു. ഇത്തവണ ക്രിസ്തീയ ആചാരപ്രകാരം പള്ളിയിൽ വച്ചായിരുന്നു ചടങ്ങുകൾ. ചടങ്ങിന്റെ മനോഹരമായ ദൃശ്യങ്ങൾ ജ്യോതിക ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചിരുന്നു.
മകൻ ദേവിനൊപ്പം വധുവിന്റെ വേഷത്തിൽ ജ്യോതിക പള്ളിയിലേക്ക് നടന്നുവരുന്നതും മകൾ ദിയ സൂര്യയ്ക്കരികിൽ നിൽക്കുന്നതും വീഡിയോയിലുണ്ട്.അതേസമയം, ദൃശ്യങ്ങൾ പങ്കുവച്ചുകൊണ്ട് ജ്യോതിക കുറിച്ച വാക്കുകളും ശ്രദ്ധേയമായി. ഇരുപത് വർഷത്തെ പ്രണയവും പിണക്കങ്ങളും നിറഞ്ഞ ജീവിതത്തെ ആഘോഷിക്കുകയാണ് തങ്ങളെന്നും എല്ലാം തികഞ്ഞ ഒരു ദാമ്പത്യത്തിന്റെ ആഘോഷമല്ല ഇതെന്നും താരം കുറിച്ചു.
2006 സെപ്തംബർ 11നായിരുന്നു സൂര്യയുടെയും ജ്യോതികയുടെയും വിവാഹം. 1999ൽ പൂവെല്ലാം കേട്ടുപ്പാർ എന്ന ചിത്രത്തിന്റെ സെറ്റിൽവച്ചാണ് ആദ്യമായി ഇരുവരും കണ്ടുമുട്ടിയത്. സൗഹൃദം പിന്നീട് പ്രണയമായി വളർന്നു. വർഷങ്ങൾ നീണ്ട പ്രണയത്തിനുശേഷമാണ് ഇരുവരും വിവാഹിതരായത്.



