ഭർത്താവിനെ കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തിയെന്ന കേസ്; 9 വർഷത്തിന് ശേഷം ഭാര്യയെ കോടതി കുറ്റവിമുക്തയാക്കി

കൊല്ലം: ഭർത്താവിനെ കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തിയെന്ന കേസിൽ ഭാര്യയെ കോടതി കുറ്റവിമുക്തയാക്കി. കുന്നിക്കോട് തലവൂർ രണ്ടാലുംമൂട് സ്വദേശിയായ സുന്ദരനാചാരി (62) കൊല്ലപ്പെട്ട കേസിലാണ് ഭാര്യ വസന്തമ്മാളിനെ (60) പുനലൂർ അഡിഷണൽ സെഷൻസ് കോടതി വെറുതെ വിട്ടത്. അഡിഷണൽ സെഷൻസ് ജഡ്ജി എ.വി. ടെല്ലസാണ് വിധി പ്രസ്താവിച്ചത്.
2017 ഏപ്രിൽ 29-നാണ് സുന്ദരനാചാരിയെ തലവൂർ ചുണ്ടമലയിലുള്ള വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് കുന്നിക്കോട് പൊലീസ് നടത്തിയ അന്വേഷണത്തിൽ ഭാര്യ വസന്തമ്മാളിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.
കുടുംബവഴക്കിനെ തുടർന്ന് വസന്തമ്മാൾ ഭർത്താവിന്റെ വായും മൂക്കും തലയണ ഉപയോഗിച്ച് അമർത്തിപ്പിടിച്ച് ബോധം കെടുത്തിയെന്നും തുടർന്ന് ഇലക്ട്രിക് വയർ ഉപയോഗിച്ച് കഴുത്തിൽ മുറുക്കി ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയെന്നുമായിരുന്നു പ്രോസിക്യൂഷന്റെ ആരോപണം.
എന്നാൽ സുന്ദരനാചാരിയുടേത് കൊലപാതകമല്ലെന്നും അദ്ദേഹം ആത്മഹത്യ ചെയ്തതാണെന്നുമായിരുന്നു പ്രതിഭാഗത്തിന്റെ വാദം. വിചാരണയ്ക്കിടെ പ്രതിഭാഗം ഉന്നയിച്ച വാദങ്ങളും ഹാജരാക്കിയ തെളിവുകളും പരിഗണിച്ച കോടതി, വസന്തമ്മാളിനെതിരായ കുറ്റങ്ങൾ തെളിയിക്കുന്നതിൽ പ്രോസിക്യൂഷന് വിജയിക്കാനായില്ലെന്ന് നിരീക്ഷിച്ചു. ഇതോടെയാണ് പ്രതിയെ കുറ്റവിമുക്തയാക്കിയത്.
കേസിന്റെ വിചാരണ ഘട്ടത്തിൽ പ്രോസിക്യൂഷൻ 20 സാക്ഷികളെ വിസ്തരിക്കുകയും 43 രേഖകൾ കോടതിയിൽ ഹാജരാക്കുകയും ചെയ്തിരുന്നു. വസന്തമ്മാളിനുവേണ്ടി അഡ്വ. അനീസ് തങ്ങൾകുഞ്ഞും അഡ്വ. രാഹുൽ ആർ. ജെയും കോടതിയിൽ ഹാജരായി.



