Cinema

അൻസിബയുടെ പരാതിയിൽ നിർണായക നീക്കം; ടിനി ടോമിനെ വീണ്ടും വിളിച്ച് പൊലീസ്

കൊച്ചി: നടി അൻസിബ ഹസന്റെ പരാതിയിൽ കേസെടുക്കാൻ കോടതി നിർദേശിച്ചതിന് പിന്നാലെ നടൻ ടിനി ടോമിനെ വീണ്ടും ചോദ്യം ചെയ്യാൻ കടവന്ത്ര പൊലീസ്. നടിമാരായ നീന കുറുപ്പ്, ശ്വേത മേനോൻ എന്നിവരുടെയും മൊഴി രേഖപ്പെടുത്തും. ടിനി ടോമിനെ അറസ്റ്റ് ചെയ്യുന്നതടക്കമുള്ള നടപടികൾ താൽക്കാലം ഇല്ല. മൊഴി പരിശോധിച്ചശേഷം മാത്രമാകും തുടർനടപടിയെന്നാണ് വിവരം.

അൻസിബ നൽകിയ പരാതിയിൽ ടിനി ടോമിനെതിരെ വർഗീയ പരാമർശത്തിൽ കേസെടുക്കാനാണ് ഇന്നലെ എറണാകുളം ജില്ലാ സെഷൻസ് കോടതി നിർദേശിച്ചത്. സ്‌ത്രീത്വത്തെ അപമാനിക്കൽ ഉൾപ്പെടെയുള്ള പരാതികളെല്ലാം അന്വേഷിക്കണമെന്നും കോടതി നിർദേശത്തിലുണ്ട്. അൻസിബയുടെ പരാതിയിൽ കേസെടുക്കാൻ തെളിവ് ഇല്ലെന്നായിരുന്നു മുമ്പ് കടവന്ത്ര പൊലീസെടുത്ത നിലപാട്. ഇതിനെതിരെ അൻസിബ നൽകിയ ഹർജിയിലാണ് കോടതി ഇടപെടൽ.

താരസംഘടനയായ അമ്മയുടെ എക്‌സിക്യൂട്ടീവ് കമ്മിറ്റിയിൽ നിന്ന് താൻ രാജിവയ്‌ക്കാൻ കാരണം ടിനി ടോമിന്റെ മാനസിക പീഡനങ്ങളാണെന്ന് അൻസിബയുടെ പരാതിയിൽ പറയുന്നുണ്ട്. ടിനി ടോം തന്നെ ‘ജിഹാദി’ എന്ന് വിളിക്കുകയും മതപരിവർത്തനം ആരോപിക്കുകയും വ്യക്തിപരമായി അധിക്ഷേപിക്കുകയും ചെയ്‌തുവെന്നും പരാതിയിലുണ്ട്. മറ്റൊരു താരമായ നീന കുറിപ്പിൽ നിന്നാണ് വിവരങ്ങൾ അറിഞ്ഞതെന്നും അൻസിബ വ്യക്തമാക്കിയിരുന്നു.

എന്നാൽ, അൻസിബയുടെ പരാതിയിൽ കഴമ്പില്ലെന്നും, കേട്ടുകേൾവിയുടെ അടിസ്ഥാനത്തിൽ മാത്രം കേസെടുക്കാൻ സാധിക്കില്ലെന്നും കാട്ടി കടവന്ത്ര പൊലീസ് എസിപിക്ക് റിപ്പോർട്ട് നൽകി. ടിനി ടോം, അമ്മയുടെ മുൻ ഭാരവാഹികളായ ശ്വേത മേനോൻ, ലക്ഷ്‌മിപ്രിയ എന്നിവർ ആരോപണങ്ങൾ നിഷേധിച്ച് മൊഴി നൽകിയിരുന്നു. ഇതോടെയാണ് അൻസിബ കോടതിയെ സമീപിച്ചത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button