ഭാഗ്യലക്ഷ്മി വിവാദത്തിൽ പ്രതികരിച്ച് ലക്ഷ്മിപ്രിയയുടെ ഭർത്താവ്; ‘ആരോപണങ്ങൾ വേദനിപ്പിക്കുന്നു’

നടി അൻസിബയും ലക്ഷ്‌മിപ്രിയയുമായുള്ള വിവാദങ്ങളുമായി ബന്ധപ്പെട്ട് വീഡിയോ പങ്കുവച്ച ഡബിംഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്‌മിക്ക് മറുപടിയുമായി ലക്ഷ്‌മിപ്രിയയുടെ ഭർത്താവ് ജയ്‌ദേവ്. സോഷ്യൽ മീഡിയയിൽ ഭാഗ്യലക്ഷ്‌മി പങ്കുവച്ച വീഡിയോ മറുകക്ഷിയെ സഹായിക്കാൻ വേണ്ടിയുള്ളതാണെന്നും തന്റെ കുടുംബവുമായി വർഷങ്ങളുടെ ആത്മബന്ധമുള്ളൊരാളെന്ന നിലയ്‌ക്ക് അങ്ങനെ ചെയ്‌തത് ഉചിതമായില്ലെന്നും ജയ്ദേവ് പറഞ്ഞു.തന്നെക്കുറിച്ച് മോശം പറഞ്ഞ യൂട്യൂബറെ വീട്ടിൽക്കയറി അടിയ്‌ക്കുകയും ദേഹത്ത് കരിയോയിൽ ഒഴിക്കുകയും ചെയ്‌തയാളാണ് ഭാഗ്യലക്ഷ്‌മിയെന്നും തനിക്കൊരു പ്രശ്‌നം വന്നപ്പോൾ സംയമനം പാലിക്കാത്തയാളാണ് ഇപ്പോൾ ലക്ഷ്‌മിപ്രിയ സംയമനം പാലിക്കണമെന്ന് പറയുന്നതെന്നും ജയ്‌ദേവ് വിമർശിച്ചു.കുടുംബജീവിതത്തെക്കുറിച്ച് പുറത്തുനിന്നുള്ളവർ നടത്തുന്ന വിലയിരുത്തലുകൾ യാഥാർത്ഥ്യത്തോട് യോജിക്കുന്നതല്ലെന്നും സ്വന്തം ജീവിതത്തെക്കുറിച്ചുള്ള സത്യാവസ്ഥ തനിക്കറിയാമെന്നും അദ്ദേഹം വ്യക്തമാക്കി.
ഒരു ഫോട്ടോയെക്കുറിച്ചയച്ച മെസേജാണ് കാര്യങ്ങൾ ഇവിടെവരെ കൊണ്ടെത്തിച്ചതെന്നും അയച്ചവർക്ക് അത് നിസാരമായിരിക്കുമെങ്കിലും ആ മെസേജ് സ്വീകരിച്ച കുടുംബത്തിന് ഉണ്ടാക്കിയ ബുദ്ധിമുട്ടുകൾ ചെറുതല്ലെന്നും അദ്ദേഹം പറഞ്ഞു. പ്രശ്‌നങ്ങൾ ആരംഭിച്ച സമയംതന്നെ കാര്യങ്ങൾ ഇത്രത്തോളം വഷളാകില്ലായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ഭാഗ്യലക്ഷ്‌മിയെ പരസ്യമായി കുറ്റപ്പെടുത്താനായല്ല വീഡിയോ പങ്കുവയ്‌ക്കുന്നതും ഭാര്യയ്‌ക്കെതിരെ അനാവശ്യ ആരോപണങ്ങൾ ഉയരുന്നത് അംഗീകരിക്കാൻ കഴിയാത്തതുകൊണ്ടാണെന്നും അദ്ദേഹം വ്യക്തമാക്കി. ‘എന്നും രാവിലെ ഭാര്യയുടെ കൈകൊണ്ടുള്ള ചായ കുടിക്കുന്നയാളാണ് ഞാൻ. അതുകൊണ്ട് അവൾക്കെതിരെ അനാവശ്യ ആരോപണങ്ങൾ ഉയരുമ്പോൾ വിഷമം വരും. എല്ലാവരും സന്തോഷത്തോടെയും സമാധാനത്തോടെയും ഇരിക്കാൻ ശ്രമിക്കുക’- അദ്ദേഹം പറഞ്ഞു.



