യൂട്ടൂബറെ തല്ലിക്കൊല്ലാൻ ശ്രമിച്ച കേസിലെ പ്രതി അറസ്റ്റിൽ

ആലുവ: സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയെന്നാരോപിച്ച് ആക്രമണം നടത്തിയ കേസിൽ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. കരുമാലൂർ ഡയമണ്ട്മുക്ക് പഴമ്പിള്ളിശേരി സ്വദേശി അമ്പാടി ഗോപാലകൃഷ്ണൻ (48)നെയാണ് ആലുവ പൊലീസ് പിടികൂടിയത്.
തുരുത്തിപ്പുറം സ്വദേശി രാജേന്ദ്ര പ്രസാദിനെയാണ് പ്രതി ആക്രമിച്ചത്. യൂട്യൂബ് ചാനൽ വഴി തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചെന്നാരോപിച്ചായിരുന്നു മർദനം. സംഭവദിവസം ആലുവ നജാത്ത് ആശുപത്രിക്ക് സമീപമുള്ള കല്ലിങ്ങൽ ബിൽഡിംഗിന്റെ രണ്ടാം നിലയിൽ വച്ച് പ്രതി രാജേന്ദ്ര പ്രസാദിനെ ചുറ്റിക ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു.
സംഭവത്തിന് ശേഷം അഞ്ച് മാസത്തോളം ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ പൊലീസ് പ്രത്യേക അന്വേഷണ സംഘത്തിന്റെ നേതൃത്വത്തിൽ പിടികൂടി. കേസിലെ കൂട്ടുപ്രതിയും ബന്ധുവുമായ ഉമ്മശങ്കറെ നേരത്തെ അട്ടപ്പടി അഗളിയിൽ നിന്ന് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീമിൽ ആലുവ എസ്എച്ച്ഒ കെ.ജി. ഗോപകുമാർ, എസ്ഐ ജോസ്സി എം ജോൺസൺ, എഎസ്ഐ നൗഷാദ്, സിപിഒമാരായ മാഹിൻഷാ അബൂബകർ, മുഹമ്മദ് അമീർ, ഷാഹിൻ എന്നിവർ ഉൾപ്പെട്ടിരുന്നു.



