കോടീശ്വരനായിട്ടും ഇപ്പോൾ താമസിക്കുന്നത് വാടകവീട്ടിൽ: അനുപം ഖേറിന്റെ ജീവിതം ആരെയും അമ്പരപ്പിക്കും

സിനിമയിൽ ദശാബ്ദങ്ങൾ നീണ്ട വിജയകരമായ കരിയറും കോടിക്കണക്കിന് രൂപയുടെ സമ്പാദ്യവുമുണ്ടായിട്ടും താൻ ഇപ്പോഴും വാടകവീട്ടിലാണ് താമസിക്കുന്നതെന്ന് വെളിപ്പെടുത്തി നടൻ അനുപം ഖേർ. ഇതൊരു സാമ്പത്തിക പരിമിതിയല്ലെന്നും മറിച്ച് ജീവിതത്തോടുള്ള കാഴ്ചപ്പാടിൽ വന്ന മാറ്റം കൊണ്ടുണ്ടായ ബോധപൂർവ്വമായ തീരുമാനമാണെന്നും അനുപം ഖേർ ഒരു അഭിമുഖത്തിൽ വ്യക്തമാക്കി.
ഷിംലയിൽ വാടകവീട്ടിൽ 60 വർഷം കഴിഞ്ഞ തന്റെ അമ്മയ്ക്ക് വേണ്ടി അവിടെ എട്ട് ബെഡ്റൂമുകളുള്ള ഒരു വലിയ വീട് വാങ്ങി നൽകിയെങ്കിലും, തനിക്ക് സ്വന്തമായി ഒരു വീട് ആവശ്യമില്ലെന്നാണ് അനുപം ഖേറിന്റെ നിലപാട്.
“എന്റെ അമ്മയ്ക്ക് ഷിംലയിൽ ഒരു വീട് വേണമെന്ന് ആഗ്രഹമുണ്ടായിരുന്നത് കൊണ്ടാണ് ഞാൻ അത് വാങ്ങി നൽകിയത്. ഒരു ദിവസം ഷിംലയിൽ ഒരു വീട് വേണമെന്ന് അമ്മ എന്നോട് പറഞ്ഞു. 60 വർഷത്തോളം അമ്മ വാടകവീട്ടിലായിരുന്നു താമസിച്ചിരുന്നത്, അതുകൊണ്ട് അവിടെ സ്വന്തമായി ഒരു വീട് വേണമെന്ന് അമ്മ ആഗ്രഹിച്ചു. ഞങ്ങൾ ഷിംലയിൽ പോയി അമ്മയ്ക്കായി ഒരു വീട് തിരഞ്ഞു. അമ്മയ്ക്ക് ഒരു ബെഡ്റൂം ഉള്ള ചെറിയൊരു വീട് മതിയായിരുന്നു, പക്ഷേ ഞാൻ അമ്മയ്ക്കായി ഹാൾ ഉൾപ്പെടെ എട്ട് ബെഡ്റൂമുകളുള്ള ഒരു വീടാണ് വാങ്ങി നൽകിയത്. ഇതൊക്കെ വെറും പ്രതീകാത്മകമായ കാര്യങ്ങളാണ്, അല്ലെങ്കിൽ നമ്മൾ എങ്ങനെയാണ് മറ്റുള്ളവർക്ക് മാതൃകയാവുക?”
“ഞാൻ എന്നെ ഗൗതമ ബുദ്ധനുമായി താരതമ്യം ചെയ്യുകയല്ല, പക്ഷേ അദ്ദേഹം ഒരു രാജകുമാരനായിരുന്നു. അദ്ദേഹം ലോകത്തിലേക്ക് ഇറങ്ങിച്ചെന്നപ്പോൾ മനുഷ്യർ എങ്ങനെയാണ് ജീവിക്കുന്നതെന്ന് കണ്ടു, അങ്ങനെയാണ് അദ്ദേഹം ഗൗതമ ബുദ്ധനായി മാറിയത്. പണം സമ്പാദിച്ചു കഴിഞ്ഞാൽ പിന്നെ യഥാർത്ഥത്തിൽ നമുക്ക് എന്താണ് വേണ്ടതെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. താമസിക്കാൻ ഒരിടം വേണം, അത് സ്വന്തമാണെങ്കിലും വാടകയ്ക്കാണെങ്കിലും ഒരുപോലെയാണ്. ഒരു കാർ വേണം, സഹായിക്കാൻ ഒന്നോ രണ്ടോ പേർ വേണം. അതിനപ്പുറം, എനിക്ക് വെള്ളി കൊണ്ട് ഉണ്ടാക്കിയ അപ്പമോ ഭക്ഷണത്തിൽ സ്വർണ്ണത്തകിടോ കഴിക്കാൻ കഴിയില്ലല്ലോ. ഇതിനെയാണ് ഒരു വ്യക്തിയെന്ന നിലയിലുള്ള പരിണാമം എന്ന് വിളിക്കുന്നത്. ഞാൻ ഒരു വിശുദ്ധനാണെന്നൊന്നും ഇതിനർത്ഥമില്ല. ‘സാരാംശ്’ എന്ന സിനിമയ്ക്ക് വേണ്ടി എനിക്ക് 10,000 രൂപ കിട്ടിയെങ്കിൽ, ഇന്ന് ഞാൻ അതിനേക്കാൾ എത്രയോ അധികം സമ്പാദിക്കുന്നു—അതൊരു വ്യത്യസ്തമായ നേട്ടമാണ്. നമുക്ക് എന്തൊക്കെ കൈവരിക്കാൻ കഴിയുമെന്ന് നോക്കാനും അതിനായി പരിശ്രമിക്കാനുമാണ് നമ്മൾ ആഗ്രഹിക്കുന്നത്.”
ഒരാൾ മരിച്ചു കഴിഞ്ഞാൽ സ്വത്തിനെ ചൊല്ലി തർക്കങ്ങൾ ഉണ്ടാകുന്നത് ഒഴിവാക്കാനും, ലളിതമായ ജീവിതം നയിക്കാനുമാണ് താൻ ആഗ്രഹിക്കുന്നതെന്നും അനുപം ഖേർ പറഞ്ഞു.
“ഒരാൾ മരിച്ചു കഴിഞ്ഞാൽ സ്വത്തിനെ ചൊല്ലി പലപ്പോഴും തർക്കങ്ങൾ ഉണ്ടാകാറുണ്ട്, എന്നാൽ വിതരണം ചെയ്യാൻ നിങ്ങളുടെ കയ്യിൽ പണമാണുള്ളതെങ്കിൽ അവിടെ കലഹങ്ങൾ കുറവായിരിക്കും എന്ന് എനിക്ക് തോന്നിയിട്ടുണ്ട്. ഒരുപാട് പ്രായമായവരെ കാണുമ്പോൾ ഞാൻ ഞെട്ടിപ്പോകാറുണ്ട്—ചിലരെ മകൻ വീട്ടിൽ നിന്ന് ഇറക്കിവിടുന്നു, മറ്റു ചിലരെ വിൽപ്പത്രത്തിൽ ഒപ്പിടാൻ സമ്മർദ്ദം ചെലുത്തുന്നു. എന്റെ വീട്ടിൽ അത്തരമൊരു അന്തരീക്ഷമില്ല, എങ്കിലും ഞാൻ എത്രത്തോളം ലഘുവായി ഇരിക്കുന്നുവോ അത്രത്തോളം ഉയരത്തിൽ എനിക്ക് പറക്കാൻ കഴിയുമെന്ന് ഞാൻ വിശ്വസിക്കുന്നു.”
10 വർഷം മുമ്പ് മുംബൈ ജുഹുവിലുണ്ടായിരുന്ന തന്റെ വീട് നടി ആലിയ ഭട്ടിന് വിറ്റതായും അതിനുശേഷം താനും ഭാര്യ കിരണും വാടകവീട്ടിലേക്ക് മാറുകയായിരുന്നുവെന്നും അനുപം ഖേർ വെളിപ്പെടുത്തി.
“ഏകദേശം 10 വർഷം മുമ്പ്, എനിക്ക് ഒരു വീടിന്റെ ആവശ്യമില്ലെന്ന് ഞാൻ തീരുമാനിച്ചു. ഞാൻ എന്റെ വീട് വിൽക്കുക പോലും ചെയ്തു, ആലിയയാണ് അത് വാങ്ങിയത്. അതിനുശേഷം ഞങ്ങൾക്ക് അനുയോജ്യമായ മറ്റൊന്ന് കണ്ടെത്തുന്നത് വരെ താമസിക്കാമെന്ന് കരുതി ഞാനും കിരണും മറ്റൊരു സ്ഥലത്തേക്ക് മാറി. അത് കണ്ടെത്താൻ ഞങ്ങൾക്ക് നാല് വർഷമെടുത്തു. പിന്നീട് അവൾ ഒരു എംപി ആവുകയും ചണ്ഡീഗഡിലേക്ക് മാറുകയും ചെയ്തു. ഒരു ഘട്ടത്തിൽ, എന്തിനാണ് ഞങ്ങൾ ഒരു വീടിനായി ഇത്രയധികം കഠിനമായി തിരയുന്നത് എന്ന് ഞാൻ ചിന്തിച്ചു. ഇപ്പോൾ ഞങ്ങൾ അവിടെ താമസം തുടങ്ങിക്കഴിഞ്ഞു, ഇതാണ് കൂടുതൽ എളുപ്പമെന്ന് എനിക്ക് മനസ്സിലായി.”
തുടക്കത്തിൽ തന്റെ ഈ തീരുമാനത്തോട് ഭാര്യ കിരൺ ഖേറിന് വിയോജിപ്പുണ്ടായിരുന്നെങ്കിലും ഇപ്പോൾ അവരും ഇത് അംഗീകരിച്ചതായും അനുപം ഖേർ കൂട്ടിച്ചേർത്തു.
അന്തരിച്ച വ്യവസായ പ്രമുഖൻ രത്തൻ ടാറ്റയുടെ ലളിതജീവിതം തന്നെ ഏറെ സ്വാധീനിച്ചിട്ടുണ്ടെന്നും അനുപം ഖേർ പറഞ്ഞു. “അദ്ദേഹത്തെ നോക്കൂ, അദ്ദേഹം ഇന്ന് നമ്മോടൊപ്പമില്ല, പക്ഷേ അദ്ദേഹം നയിച്ച ജീവിതം നോക്കൂ, ഒരു ചെറിയ വീട്ടിൽ താമസിച്ച് യാത്ര ചെയ്യാൻ ഒരു ചെറിയ കാർ മാത്രമാണ് അദ്ദേഹം ഉപയോഗിച്ചിരുന്നത്.”
2015-ൽ ഏകദേശം ഒൻപത് കോടി രൂപയ്ക്കാണ് ആലിയ ഭട്ട് അനുപം ഖേറിൽ നിന്ന് മുംബൈയിലെ അപ്പാർട്ട്മെന്റുകൾ വാങ്ങിയത്.



