News

ജോത്സ്യന്റെ മധ്യസ്ഥതയിൽ ചർച്ച; വിജയ്​യും സംഗീതയും പരസ്പര ധാരണയോടെ വിവാഹ മോചനത്തിന് തയാറായെന്ന് റിപ്പോർട്ട്

ചെന്നെെ: നടനും തമിഴക വെട്രി കഴകം പാർട്ടി സ്ഥാപകനുമായ വിജയ്‌യും ഭാര്യ സംഗീത സ്വർണലിംഗവും പരസ്‌പര ധാരണയോടെ വിവാഹമോചനത്തിന് തയ്യാറായെന്ന് റിപ്പോർട്ട്. ഇരുവരുടെയും അഭിഭാഷകർ മുൻകെെയെടുത്ത് നടത്തിയ മദ്ധ്യസ്ഥചർച്ചയിലാണ് തീരുമാനം. കുടുംബവുമായി ബന്ധമുള്ള ഒരു ജ്യോത്സ്യന്റെ സാന്നിദ്ധ്യത്തിലാണ് ചർച്ച നടന്നതെന്നാണ് വിവരം.

വിവാഹ മോചനം തേടി സംഗീത സ്വർണലിംഗം സമർപ്പിച്ച ഹർജി ചെങ്കൽപേട്ട് കുടുംബ കോടതി തിങ്കളാഴ്ച പരിഗണിച്ചേക്കും. ഹർജി സ്വീകരിച്ച കോടതി വിജയ്‌യോട് നേരിട്ട് ഹാജരാകാൻ ആവശ്യപ്പെട്ടിരുന്നു. മതിയായ നഷ്ടപരിഹാരം വേണമെന്നാണ് സംഗീതയുടെ ആവശ്യം. നടിയുമായുള്ള ബന്ധം ആരോപിച്ചാണ് സംഗീത വിവാഹമോചന ഹർജി ഫയൽ ചെയ്തത്.2021ൽ തന്നെ ഇവരുടെ ദാമ്പത്യജീവിതത്തിൽ പ്രശ്നങ്ങൾ തുടങ്ങിയിരുന്നുവെന്നാണ് വിവരം.

പരസ്‌പര സമ്മതത്തോടെയുള്ള വിവാഹമോചനത്തിന് സംഗീത ആഗ്രഹിച്ചെങ്കിലും വിജയ് ആദ്യം അതിന് തയ്യാറായില്ല. തന്റെ രാഷ്ട്രീയ ഭാവി തകരുമെന്ന് ഭയന്നാണ് വിജയ് വിവാഹബന്ധം വേർപെടുത്താൻ വിസമ്മതിച്ചതെന്നാണ് വിവരം. പിന്നാലെയാണ് സംഗീത കോടതിയെ സമീപിച്ചത്.1996ൽ പുറത്തിറങ്ങിയ ‘പൂവേ ഉനക്കാകെ’ എന്ന ചിത്രം കണ്ടാണ് സംഗീത വിജയ്‌യുടെ ആരാധികയായി തീർന്നത്. ലണ്ടനിൽനിന്ന് വിജയ്‌യെ നേരിൽ കാണാനായി മാത്രം സംഗീത ചെന്നൈയിലെത്തി.

ലണ്ടൻ യൂണിവേഴ്സിറ്റിയിലെ പഠനകാലത്ത് വിജയ്ക്ക് സംഗീത സ്ഥിരമായി കത്തുകളെഴുതിയിരുന്നു. സൗഹൃദം പ്രണയമായി വളരുകയും വീട്ടുകാരുടെ അനുവാദത്തോടെ 1999 ഓഗസ്റ്റിൽ ഇരുവരും വിവാഹിതരാവുകയും ചെയ്തു. പ്രധാന പരിപാടികളിലെല്ലാം വിജയ്‌യ്ക്കൊപ്പം പ്രത്യക്ഷപ്പെട്ടിരുന്ന സംഗീത കുറച്ചുകാലമായി പൊതുവേദികളിൽ എത്തിയിരുന്നില്ല. പിന്നാലെ ഇരുവരും അകന്നുകഴിയുകയാണെന്ന വാർത്തകൾ പ്രചരിച്ചിരുന്നു. ടിവികെ പരിപാടികളിൽ വിജയ്‌യുടെ മാതാപിതാക്കൾ എത്തിയപ്പോഴും സംഗീതയും മക്കളും എത്തിയിരുന്നില്ല.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button