20 വർഷത്തിന് ശേഷം ‘ഹാപ്പി’ കേരളത്തിലെ ബിഗ് സ്ക്രീനുകളിലേക്ക്

മലയാളികളുടെ പ്രിയതാരം അല്ലു അർജുന്റെ എക്കാലത്തെയും സൂപ്പർഹിറ്റ് ചിത്രം ‘ഹാപ്പി’ രണ്ട് പതിറ്റാണ്ടിന് ശേഷം വീണ്ടും ബിഗ് സ്‌ക്രീനിലേക്ക് എത്തുകയാണ്. കേരളത്തിൽ വലിയ ആരാധകവൃന്ദമുള്ള അല്ലുവിനെ മലയാളികൾ സ്നേഹത്തോടെ ‘മല്ലു അർജുൻ’ എന്നാണ് വിളിക്കാറുള്ളത്. അദ്ദേഹത്തിന്റെ ആദ്യകാല ചിത്രങ്ങളെല്ലാം കേരളത്തിൽ വൻ വിജയമായിരുന്നുവെങ്കിലും ‘ഹാപ്പി’ എന്ന സിനിമ സൃഷ്ടിച്ച തരംഗം സമാനതകളില്ലാത്തതായിരുന്നു. എ. കരുണാകരൻ സംവിധാനം ചെയ്ത ഈ ചിത്രം അന്ന് കേരളത്തിലെ തിയേറ്ററുകളിൽ 150 ദിവസത്തിലധികം പ്രദർശിപ്പിച്ച് വലിയ റെക്കോർഡുകൾ സ്വന്തമാക്കിയിരുന്നു.
താരത്തിന്റെ ജന്മദിനമായ ഏപ്രിൽ എട്ടിന് ആരാധകർക്കുള്ള സമ്മാനമായാണ് ചിത്രം വീണ്ടും റിലീസ് ചെയ്യുന്നത്. ഗീത ആർട്സിന്റെ ബാനറിൽ അല്ലു അരവിന്ദ് നിർമ്മിച്ച ഈ ചിത്രം രഥക് ആർട്സിന്റെ ഖാദർ ഹസനാണ് കേരളത്തിൽ വീണ്ടും എത്തിക്കുന്നത്. പുത്തൻ സാങ്കേതിക വിദ്യയുടെ സഹായത്തോടെ 4K അൾട്രാ ഇംപാക്റ്റ് ദൃശ്യശ്രാവ്യ മികവോടെയാണ് ചിത്രം പ്രദർശനത്തിന് ഒരുങ്ങുന്നത്. ഹാപ്പിയുടെ മലയാളം പതിപ്പ് തന്നെയാകും റീ-റിലീസായി എത്തുക എന്നത് കേരളത്തിലെ ആരാധകർക്ക് ഇരട്ടി ആവേശം പകരുന്ന വാർത്തയാണ്.
2006-ൽ പുറത്തിറങ്ങിയ ഈ ചിത്രത്തിൽ അല്ലു അർജുനൊപ്പം ജെനീലിയ ഡിസൂസ, മനോജ് ബാജ്‌പേയി എന്നിവരായിരുന്നു പ്രധാന വേഷങ്ങളിൽ എത്തിയത്. യുവാൻ ശങ്കർ രാജ ഒരുക്കിയ ചിത്രത്തിലെ ഗാനങ്ങൾ ഇന്നും സംഗീത പ്രേമികളുടെ പ്രിയപ്പെട്ടവയാണ്. വമ്പൻ ആഘോഷങ്ങളോടെ അല്ലു അർജുൻ ആരാധകർ ചിത്രത്തിന്റെ രണ്ടാം വരവിനെ വരവേൽക്കാനായി തയ്യാറെടുത്തു കഴിഞ്ഞു. പി. ശിവപ്രസാദാണ് ചിത്രത്തിന്റെ വാർത്താപ്രചരണം നിർവ്വഹിക്കുന്നത്.



