ബ്രിട്ടീഷ് മണ്ണിൽ ചരിത്രം കുറിച്ച് റോസ്: ബ്രിട്ട് അവാർഡ് സ്വന്തമാക്കുന്ന ആദ്യ കെ-പോപ്പ് താരം

കഴിഞ്ഞ കുറച്ച് വർഷങ്ങളായി ആഗോള സംഗീത ഭൂപടത്തിൽ കെ-പോപ്പ് വലിയ തരംഗങ്ങൾ സൃഷ്ടിക്കുന്നുണ്ടെങ്കിലും, ബ്രിട്ട് അവാർഡ്‌സ് പോലുള്ള വേദികളിൽ ഒരു പുരസ്കാരം എന്നത് കൊറിയൻ കലാകാരന്മാർക്ക് ഇതുവരെ അപ്രാപ്യമായിരുന്നു. ഇതിനുമുമ്പ് ബിടിഎസ്, ബ്ലാക്ക്പിങ്ക് എന്നിവർ വിവിധ വിഭാഗങ്ങളിൽ നാമനിർദ്ദേശം ചെയ്യപ്പെട്ടിട്ടുണ്ടെങ്കിലും ആർക്കും അവാർഡ് സ്വന്തമാക്കാൻ സാധിച്ചിരുന്നില്ല. ഈ കടമ്പയാണ് റോസ് തന്റെ ‘APT.’ എന്ന ഗാനത്തിലൂടെ മറികടന്നിരിക്കുന്നത്.
പ്രശസ്ത ആഭരണ ബ്രാൻഡായ ടിഫാനി ആൻഡ് കോയുടെ ഗ്ലോബൽ അംബാസഡർ കൂടിയായ റോസ്, അതിമനോഹരമായ കറുത്ത ഗൗൺ അണിഞ്ഞാണ് അവാർഡ് സ്വീകരിക്കാൻ എത്തിയത്. പുരസ്കാരം സ്വീകരിച്ചുകൊണ്ട് താരം നടത്തിയ പ്രസംഗം ആരാധകരുടെ മനം കവർന്നു.
‘ബ്രിട്ടനിലെ ഇത്രയും പ്രശസ്തരായ സംഗീതജ്ഞരുടെ മുന്നിൽ നിൽക്കാനും ഈ പുരസ്കാരം സ്വീകരിക്കാനും സാധിച്ചത് വലിയൊരു ബഹുമതിയായി ഞാൻ കരുതുന്നു. ഇതിന് പിന്നിൽ പ്രവർത്തിച്ച ഒരുപാട് പേരോട് എനിക്ക് നന്ദി പറയാനുണ്ട്. പ്രത്യേകിച്ച് ബ്രൂണോ മാഴ്സിനോട് – നമ്മൾ രണ്ടുപേർക്കും വേണ്ടിയാണ് ഞാൻ ഈ അവാർഡ് വാങ്ങുന്നത്.
നന്ദി ബ്രൂണോ, എന്റെ ഏറ്റവും വലിയ മെന്ററും സുഹൃത്തുമായതിന്.’ റോസ് പറഞ്ഞു. തന്റെ സഹപ്രവർത്തകരായ ബ്ലാക്ക്പിങ്ക് അംഗങ്ങളെയും റോസ് പ്രത്യേകം സ്മരിച്ചു. അവരാണ് തന്റെ എക്കാലത്തെയും വലിയ പ്രചോദനമെന്നും താരം കൂട്ടിച്ചേർത്തു. കൂടാതെ തന്റെ ഏജൻസിയായ ‘ദ ബ്ലാക്ക് ലേബലിന്റെ’ സ്ഥാപകൻ ടെഡിയ്ക്കും താരം നന്ദി അറിയിച്ചു.
2024 ഒക്ടോബറിൽ പുറത്തിറങ്ങിയ ‘APT.’ റോസിൻ്റെ ആദ്യ സ്റ്റുഡിയോ ആൽബമായ ‘rosie’-ലെ പ്രീ-റിലീസ് സിംഗിൾ ആയിരുന്നു. കൊറിയയിലെ പ്രശസ്തമായ ഒരു മദ്യപാന വിനോദമായ ‘അപ്പാർട്ട്മെന്റ് ഗെയിമിൽ’ നിന്നാണ് ഈ ഗാനത്തിന് ആ പേര് ലഭിച്ചത്. ഈ ഗാനം ബിൽബോർഡ് ഹോട്ട് 100 ചാർട്ടിൽ തുടർച്ചയായി 45 ആഴ്ചകൾ ഇടംപിടിച്ചു. ഒരു കെ-പോപ്പ് ഗാനത്തെ സംബന്ധിച്ചിടത്തോളം ഇതൊരു പുതിയ റെക്കോർഡാണ്. ബ്രിട്ടീഷ് ഒഫീഷ്യൽ സിംഗിൾസ് ചാർട്ടിൽ രണ്ടാം സ്ഥാനത്തെത്തിയ ഗാനം ഒരു വർഷത്തിലേറെയായി ചാർട്ടുകളിൽ തുടരുന്നു. 2025 സെപ്റ്റംബറിൽ നടന്ന എംടിവി വീഡിയോ മ്യൂസിക് അവാർഡ്‌സിലും ഈ ഗാനം ‘സോങ് ഓഫ് ദി ഇയർ’ ഉൾപ്പെടെ രണ്ട് പുരസ്കാരങ്ങൾ നേടിയിരുന്നു.
ഇത്തവണത്തെ അന്താരാഷ്ട്ര ഗാന വിഭാഗത്തിൽ വലിയ പോരാട്ടമാണ് നടന്നത്. ടെയ്‌ലർ സ്വിഫ്റ്റിന്റെ ‘The Fate of Ophelia’, സബ്രീന കാർപെന്ററുടെ ‘Manchild’ തുടങ്ങിയ വമ്പൻ ഹിറ്റുകളെ പിന്നിലാക്കിയാണ് റോസ് ഒന്നാമതെത്തിയത്. ഗ്രാമി അവാർഡുകളിൽ ‘സോങ് ഓഫ് ദി ഇയർ’, ‘റെക്കോർഡ് ഓഫ് ദി ഇയർ’ എന്നി വിഭാഗങ്ങളിൽ നാമനിർദ്ദേശം ലഭിച്ചിരുന്നെങ്കിലും അവിടെ പുരസ്കാരം നേടാൻ സാധിച്ചിരുന്നില്ല. എന്നാൽ ആ കുറവ് ബ്രിറ്റ് അവാർഡ് വിജയത്തിലൂടെ റോസെ നികത്തി.
റോസിനെ കൂടാതെ, നെറ്റ്ഫ്ലിക്സ് ചിത്രമായ ‘KPop Demon Hunters’ലെ ‘ഗോൾഡൻ’ എന്ന ഗാനവും ഇത്തവണ നാമനിർദ്ദേശം ചെയ്യപ്പെട്ടിരുന്നു. ചിത്രത്തിലെ സാങ്കൽപ്പിക ഗ്രൂപ്പായ ‘Huntr/x’-ന് വേണ്ടി പാടിയ കൊറിയൻ-അമേരിക്കൻ ഗായകർ ചടങ്ങിൽ തകർപ്പൻ പ്രകടനം കാഴ്ചവെച്ചു.



