‘അമൃത മാത്രമല്ല അഭിരാമിയും പേടിക്കുന്നു, ഗോപി സുന്ദറുമായുള്ള ബന്ധത്തിൽ സംഭവിച്ചത്

മലയാളികൾക്ക് സുപരിചിതരായ രണ്ടുപേരാണ് സഹോദരങ്ങളായ അമൃത സുരേഷും അഭിരാമി സുരേഷും. സോഷ്യൽമീഡിയയിൽ സജീവമായ ഇവർ അമൃതം ഗമയ എന്ന മ്യൂസിക്ക് ബാൻഡ് നടത്തിവരികയാണ്. ഇരുവർക്കും സൈബറിടങ്ങളിൽ ഒരുപോലെ പിന്തുണയും വിമർശനങ്ങളും ലഭിക്കാറുണ്ട്. ഇപ്പോഴിതാ സംവിധായകൻ ആലപ്പി അഷ്റഫ് തന്റെ യൂട്യൂബ് ചാനലിലൂടെ അമൃതയുടെയും അഭിരാമിയുടെയും ജീവിതത്തിലെ ചില കാര്യങ്ങൾ പറഞ്ഞിരിക്കുകയാണ്.
‘അമൃത സുരേഷിനും അഭിരാമി സുരേഷിനുമെതിരെ സൈബറിടങ്ങളിൽ വൻവിമർശനങ്ങളാണ് ഉണ്ടാകുന്നത്. മിക്കതും ലൈംഗിക അധിക്ഷേപങ്ങളാണ്. അവർ സ്റ്റേജിൽ പാടുന്ന രീതിയെക്കുറിച്ചും വിമർശനങ്ങൾ ഉയർന്നിരുന്നു. ഒരു തെറ്റും ചെയ്യാതെയാണ് വലിയ വിമർശനങ്ങളേറ്റുവാങ്ങുന്നതെന്ന് അഭിരാമി അടുത്തിടെ പ്രതികരിച്ചിരുന്നു. വളരെയധികം യുക്തിപൂർവമായിട്ടാണ് അവർ സമൂഹത്തോട് സംസാരിക്കുന്നത്.
ചെറിയ പ്രായത്തിൽ ഒരുപാട് സ്വപ്നങ്ങളും മോഹങ്ങളുമായാണ് അമൃത സുരേഷ് വിവാഹജീവിതത്തിലേക്ക് കടന്നത്. പല സാഹചര്യങ്ങളിലും അമൃത തന്നെ വിവാഹജീവിതത്തിലുണ്ടായ പ്രശ്നങ്ങൾ ജനങ്ങൾക്ക് മുൻപിൽ പറഞ്ഞിട്ടുണ്ട്. മുൻഭർത്താവും നടനുമായ ബാലയുടെ പണം തന്റെ മകൾക്ക് വേണ്ടെന്നും അതിനാൽ തനിക്കും വേണ്ടെന്ന് അമൃത ഒരു അഭിമുഖത്തിൽ പറഞ്ഞിട്ടുണ്ട്. പണത്തിനുവേണ്ടി അത്യാർത്തിയുള്ളവരല്ല താനെന്ന് തെളിയിക്കുന്ന നിലപാടായിരുന്നു അത്.
അടുത്തിടെ അമൃത തന്റെ യൂട്യൂബ് ചാനലിലൂടെ തനിക്കുണ്ടായ മോശം അനുഭവം പങ്കുവയ്ക്കുകയുണ്ടായി. തന്റെ ഒരു ബന്ധു പണം ആവശ്യപ്പെട്ട് വാട്സാപ്പിലൂടെ സന്ദേശം അയച്ചു. അങ്ങനെ 45,000 രൂപ കൊടുത്തു. ഇഎംഐ അടയ്ക്കാനുള്ള പണമാണ് അമൃത ബന്ധുവിന് അയച്ചുകൊടുത്തത്. വീണ്ടും അതേ നമ്പറിൽ നിന്ന് 30,000 രൂപ കൂടി ആവശ്യപ്പെട്ടു.
ആ പണം കൈവശമില്ലെന്ന കാര്യം പറയാൻ വേണ്ടി അമൃത ബന്ധുവിനെ വിളിച്ചപ്പോഴാണ് അവരുടെ വാട്സാപ്പ് ആരോ ഹാക്ക് ചെയ്‌തെന്ന കാര്യം അറിഞ്ഞത്. ഇതോടെ അവർ പൊലീസിൽ പരാതി നൽകി. ഇത് മറ്റുള്ളവർക്ക് സംഭവിക്കാതിരിക്കാനുള്ള ഒരു പാഠമായാണ് അമൃത ഇക്കാര്യം വെളിപ്പെടുത്തിയത്.സാരിയുടുക്കാനും കല്യാണം കഴിക്കാനുമൊക്കെ ആഗ്രഹിച്ചിരുന്നുവെന്ന് അഭിരാമി പറയുന്നു. ചേച്ചിക്ക് സംഭവിച്ചത് കണ്ടതോടെ മതിയായെന്നും എന്നാൽ വിവാഹം കഴിക്കേണ്ടെന്ന് തീരുമാനിച്ചിട്ടില്ലെന്നും വിവാഹം പേടിയാണെന്നുമാണ് അഭിരാമി പറയുന്നത്.
സംഗീത സംവിധായകൻ ഗോപി സുന്ദറുമായുള്ള ബന്ധം അമൃത മറച്ചുവച്ചിരുന്നില്ല. ഇരുവരും വിവാഹം കഴിച്ചെങ്കിലും ഒന്നിച്ചുപോകാൻ സാധിക്കില്ലെന്ന് മനസിലായതോടെ സന്തോഷത്തോടെ ബന്ധം പിരിയുകയായിരുന്നു. അമൃതയ്ക്ക് സന്തോഷം പകരുന്ന മറ്റൊരു കാര്യം ഇപ്പോൾ സംഭവിച്ചുകഴിഞ്ഞു. ബോളിവുഡ് നടൻ ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാൻ സംവിധാനം ചെയ്യുന്ന വെബ്സീരീസായ ദ ബാഡ് ഒഫ് ബോളിവുഡിലെ പ്രധാന വേഷത്തിന് ശബ്ദം നൽകിയത് അമൃതയാണ്’- ആലപ്പി അഷ്റഫ് പറഞ്ഞു.



