Cinema

ഇന്ത്യൻ സിനിമയിൽ ഒരു ക്ലാഷ് റിലീസ് നടക്കാൻ പോകുകയാണ്. അതും തെന്നിന്ത്യയിലേയും ബോളിവുഡിലേയും സൂപ്പർ താരങ്ങളുടെ ചിത്രം

ന്ത്യൻ സിനിമയിൽ ഒരു ക്ലാഷ് റിലീസ് നടക്കാൻ പോകുകയാണ്. അതും തെന്നിന്ത്യയിലേയും ബോളിവുഡിലേയും സൂപ്പർ താരങ്ങളുടെ ചിത്രം. ഒരു സിനിമ നിലവിൽ സജീവ ചർച്ചയിൽ നിൽക്കുന്നൊരു പടത്തിന്റെ രണ്ടാം ഭാ​ഗമാണെങ്കിൽ മറ്റൊന്ന് പ്രഖ്യാപനം മുതൽ ഏറെ പ്രതീക്ഷ അർപ്പിക്കുന്ന സിനിമയാണ്. യഷ് നായകനായി എത്തുന്ന ടോക്സിക്കും രൺവീർ സിങ്ങിന്റെ ധുരന്ദർ 2 ആണ് ആ രണ്ടു സിനിമകൾ. ഇരു ചിത്രങ്ങളും തിയറ്ററിലേക്ക് എത്തുന്നത് ഓരേ ദിവസം. 2026 മാർച്ച് 19ന്.

രണ്ട് ​ദിവസം മുൻപ് റിലീസ് ചെയ്ത ധുരന്ദർ 2ന്റെ ടീസറിലൂടെയാണ് റിലീസ് വിവരം പുറത്തുവന്നത്. അതിന് മുൻപ് തന്നെ ​ഗീതു മോഹൻദാസ് സംവിധാനം ചെയ്ത ടോക്സിക്കിന്റെ റിലീസ് തിയതി പുറത്തുവന്നിരുന്നു. ഇതിൽ ഏത് സിനിമ വിജയിക്കും എന്നാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഉയരുന്ന ചോദ്യം.

റിലീസ് ദിവസം മുതലും ഒടിടി റിലീസിന് ശേഷവും വലിയ രീതിയിൽ പോസിറ്റീവ് റിവ്യു ലഭിച്ചുകൊണ്ടിരിക്കുന്ന ചിത്രമാണ് ധുരന്ദർ. ആദിത്യ ധർ രചനയും സംവിധാനവും നിർവഹിച്ച ചിത്രത്തിന്റെ പ്രമേയവും അഭിനയവും മോക്കിങ്ങും എല്ലാം പുകഴ്ത്തപ്പെടുകയാണ്. മൂന്നര മണിക്കൂറുള്ള സിനിമ ഒരു തരി ലാഗില്ലാതെ അവതരിപ്പിച്ചിരിക്കുന്നതിനാണ് കയ്യടി ഏറെയും. വൻ പോസിറ്റീവ് ലഭിച്ച ചിത്രം ബോക്സ് ഓഫീസിൽ 1300 കോടിയിലധികം നേടി. അത്തരത്തിലൊരു സിനിമയുടെ രണ്ടാം ഭാ​ഗത്തിനായുള്ള പ്രേക്ഷക പ്രതീക്ഷ വാനോളമായിരിക്കും. ടീസർ ഇറങ്ങിയപ്പോൾ ലഭിക്കുന്ന പ്രതികരണങ്ങളിൽ നിന്നുതന്നെ അത് വ്യക്തവുമാണ്.

മലയാള നടിയും സംവിധായികയുമായ ​ഗീതു മോഹൻദാസിന്റെ സിനിമ എന്ന രീതിയിലും കെജിഎഫ് ഫ്രാഞ്ചൈസിക്ക് ശേഷം എത്തുന്ന യഷിന്റെ സിനിമ എന്ന നിലയിലും ഏറെ പ്രതീക്ഷയുള്ള പടമാണ് ടോക്സിക്. പ്രഖ്യാപനം മുതൽ ശ്രദ്ധിക്കപ്പെട്ട ചിത്രത്തിന്റേതായി അടുത്തിടെ ഒരു ടീസർ പുറത്തിറങ്ങിയിരുന്നു. ഇതിലെ കണ്ടന്റിന്റെ പേരിൽ ട്രോളുകളും വിമർശനങ്ങളും വന്നെങ്കിലും നല്ലൊരു ആക്ഷൻ പാക്ക്ഡ് സിനിമയാകുമെന്നാണ് വിലയിരുത്തലുകൾ. യഷിന്റെ മറ്റൊരു ​ഗംഭീര പ്രകടനം കാണാൻ മലയാളികളടക്കം കാത്തിരിക്കുന്നുമുണ്ട്.

ഇത്തരത്തിൽ രണ്ട് തലത്തിൽ നിൽക്കുന്ന സിനിമകൾ ഒരുമിച്ച് തിയറ്ററിൽ എത്തുമ്പോൾ ഏത് കാണും എന്ന കൺഫ്യൂഷനും പ്രേക്ഷകർ പങ്കുവയ്ക്കുന്നുണ്ട്. ഒന്നാം ഭാ​ഗം നൽകിയ പോസിറ്റിവിറ്റി നിലനിർത്തി ദുരന്ദർ 2 വിജയമാകുമെന്നാണ് ഭൂരിഭാ​ഗം പേരും പറയുന്നത്. എന്നാൽ മികച്ച സിനിമാനുഭവം സമ്മാനിച്ചാൽ ടോക്സിക്കും വിജയം നേടുമെന്നാണ് മറ്റൊരു വിഭാ​ഗം പറയുന്നത്. എന്തായാലും ടോക്സിക്കോ ? ധുരന്ദർ 2വോ എന്നത് 2026 മാർച്ച് 19ന് ഫസ്റ്റ് ഷോ കഴിയുമ്പോൾ അറിയാനാകും.

ഇതിനിടെ ഇവയ്ക്കൊപ്പം റിലീസ് പ്രഖ്യാപിച്ച ഡെക്കോയിറ്റ്: എ ലവ് സ്റ്റോറി എന്ന ബോളിവുഡ് പടത്തിന്റെ റിലീസ് മാറ്റിയിട്ടുണ്ട്. മാർച്ച് 19ന് ആയിരുന്നു ഇതിന്റേയും റിലീസ് നിശ്ചയിച്ചിരുന്നത്. ഷനിൽ ദിയോ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അദിവി ശേഷ് ആണ് നായകൻ. മൃണാൾ താക്കൂർ നായികയാകുന്ന ചിത്രത്തിൽ പ്രകാശ് രാജ്, അനുരാഗ് കശ്യപ് എന്നിവരും പ്രധാന വേഷത്തിലുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button