വിവാദങ്ങൾക്കിടയിലും ‘പരാശക്തി’ തരംഗം; ശിവകാർത്തികേയൻ ചിത്രത്തിന് പ്രശംസയുമായി രജനിയും കമലും

സുധ കൊങ്ങര സംവിധാനം ചെയ്ത പീരിയഡ് ഡ്രാമ പരാശക്തിയിലെ പ്രകടനത്തിന് ലഭിക്കുന്ന മികച്ച പ്രതികരണങ്ങളിൽ സന്തോഷം പങ്കുവച്ച് നടൻ ശിവകാർത്തകേയൻ. രജനീകാന്തും കമൽഹാസനും തന്നെ നേരിട്ട് വിളിച്ച് അഭിനന്ദിച്ചുവെന്നും താരം പറഞ്ഞു. ചിത്രത്തിന്റെ വിജയവുമായി ബന്ധപ്പെട്ട് നടന്ന വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇതിഹാസ താരങ്ങളിൽ നിന്ന് ലഭിച്ച അഭിനന്ദനങ്ങൾ തന്നെ അത്ഭുതപ്പെടുത്തിയെന്ന് ശിവകാർത്തികേയൻ പറഞ്ഞു.
തലൈവർ രജനീകാന്ത് സർ ഇന്നലെ വിളിച്ചിരുന്നു. വളരെ ബോൾഡായ സിനിമയെന്നാണ് അദ്ദേഹം പറഞ്ഞു. രണ്ടാം പകുതി ഗംഭീരമായിട്ടുണ്ടെന്ന് ആവർത്തിച്ചു. കമൽ സാറും ചിത്രം കണ്ടു. സിനിമയിലെ എല്ലാവരും അടിപൊളിയായിട്ടുണ്ടെന്ന് അറിയിച്ചു. അദ്ദേഹത്തിൽ നിന്ന് അങ്ങനെയൊരു അഭിനന്ദനം ലഭിക്കുക പ്രയാസമാണ്. അഞ്ച് മിനിട്ടോളമാണ് ഞങ്ങൾ സിനിമയെക്കുറിച്ച് സംസാരിച്ചത്.
‘അമരൻ’ സിനിമയ്ക്ക് പോലും രണ്ട് മൂന്ന് മിനിട്ടേ സംസാരം നീണ്ടു പോയിരുന്നുള്ളു.’ താരം കൂട്ടിച്ചേർത്തു.ജനുവരി 10നാണ് ‘പരാശക്തി’ തയേറ്ററുകളിലെത്തിയത്. സെൻസർ ബോർഡുമായി ബന്ധപ്പെട്ട തടസങ്ങൾ കാരണം 25ഓളം മാറ്റങ്ങൾ വരുത്തിയ ശേഷമാണ് ചിത്രം റിലീസ് ചെയ്തത്. 1965ൽ തമിഴ്നാട്ടിലെ ഹിന്ദി വിരുദ്ധ പ്രക്ഷോഭങ്ങളുടെ പശ്ചാത്തലത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.
ചരിത്രപരമായ വസ്തുതകളെ വികലമായി ചിത്രീകരിക്കുന്നുവെന്നും കോൺഗ്രസ് നേതാക്കളെ അവഹേളിക്കുന്നുവെന്നും ആരോപിച്ച് തമിഴ്നാട് യൂത്ത് കോൺഗ്രസ് ചിത്രത്തിനെതിരെ രംഗത്തെത്തിയിരുന്നു. സിനിമയ്ക്കെതിരെയുള്ള നിരോധന നീക്കങ്ങളോടും വിമർശനങ്ങളോടും പ്രതികരിച്ച സംവിധായിക സുധ കൊങ്ങര, തന്റെ ആവിഷ്ക്കാര സ്വാതന്ത്ര്യത്തിൽ ഉറച്ചുനിൽക്കുന്നതായും ചരിത്രപരമായ വികലീകരണം ഉണ്ടായിട്ടില്ലെന്നും വ്യക്തമാക്കി.



