‘കാന്താര’ താരങ്ങളെപ്പോലും പിന്നിലാക്കി ഐഎംഡിബി ജനപ്രിയ പട്ടികയിൽ പൃഥ്വിയും കല്യാണിയും

ഐഎംഡിബി വെബ്സൈറ്റിൽ ജനപ്രിയ പട്ടികയിൽ മുൻനിരയിലെത്തി മലയാളത്തിലെ യുവതാരങ്ങളായ പൃഥ്വിരാജും കല്യാണി പ്രിയദർശനും. വർഷാന്ത്യത്തോടനുബന്ധിച്ച് ഐഎംഡിബി തയാറാക്കിയ 2025-ലെ രാജ്യത്തെ ജനപ്രിയ താരങ്ങളുടെയും സംവിധായകരുടെയും പട്ടികയിലാണ് ബോളിവുഡ് താരങ്ങൾക്കൊപ്പം മലയാളി താരങ്ങളും സംവിധായകരും പ്രധാന സ്ഥാനങ്ങളിൽ ഇടം നേടിയത്.
ജനപ്രിയ സംവിധായകരുടെ പട്ടികയിൽ അഞ്ചാം സ്ഥാനത്ത് നടനും സംവിധായകനുമായ പൃഥ്വിരാജ് സുകുമാരൻ ഇടം പിടിച്ചപ്പോൾ ജനപ്രിയ താരങ്ങളുടെ പട്ടികയിൽ നടി കല്യാണി പ്രിയദർശൻ ഏഴാം സ്ഥാനത്തെത്തി. മോഹൻലാലിനെ നായകനാക്കി സംവിധാനം ചെയ്ത ‘എൽ2: എമ്പുരാൻ’ ഒരുക്കി സംവിധായകനായാണ് പൃഥ്വിരാജ് സുകുമാരൻ ഐഎംഡിബി പട്ടികയിൽ അഞ്ചാം സ്ഥാനത്ത് ഇടം പിടിച്ചത്. പുതുമുഖ സംവിധായകരിൽ ‘ലോകഃ ചാപ്റ്റർ വൺ- ചന്ദ്ര’ ഒരുക്കിയ ഡൊമിനിക് അരുൺ എട്ടാം സ്ഥാനത്തുമുണ്ട്. ഈ പട്ടികയിൽ ഉൾപ്പെട്ട മൂന്ന് തെന്നിന്ത്യൻ സിനിമകളിൽ രണ്ടെണ്ണവും മലയാള ചിത്രങ്ങളാണെന്നത് നേട്ടമാണ്.
റൊമാന്റിക് കോമഡി ഡ്രാമയായ ‘സയ്യാര’യുടെ സംവിധായകൻ മോഹിത് സൂരിയാണ് പട്ടികയിൽ ഒന്നാം സ്ഥാനത്തെത്തിയത്. ‘ദ് ബാഡ്‌സ് ഓഫ് ബോളിവുഡ്’ സംവിധായകനും ഷാറുഖ് ഖാന്റെ മകനുമായ ആര്യൻ ഖാൻ രണ്ടാം സ്ഥാനത്തും വിജയ് ചിത്രം ‘കൂലി’യുടെ സംവിധായകൻ ലോകേഷ് കനകരാജ് മൂന്നാം സ്ഥാനത്തും ഇടംപിടിച്ചു. അനുരാഗ് കശ്യപ്, ആർ.കെ. പ്രസന്ന, അനുരാഗ് ബസു, ലക്ഷ്മൺ ഉത്തേക്കർ, നീരജ് ഗെയ്‌വാൻ എന്നിവരാണ് പട്ടികയിലുള്ള മറ്റ് സംവിധായകർ.
ജനപ്രിയ താരങ്ങളുടെ പട്ടികയിൽ ബോളിവുഡിൽ നിന്നുള്ള അഹാൻ പാണ്ഡേയും അനീത് പദ്ദയുമാണ് ആദ്യ രണ്ട് സ്ഥാനങ്ങൾ കരസ്ഥമാക്കിയത്. ഇവരെ പ്രശസ്തരാക്കിയത് ഈ വർഷം പുറത്തിറങ്ങിയ ‘സയ്യാര’ എന്ന ചിത്രമാണ്. ബോളിവുഡ് താരം ആമിർ ഖാൻ മൂന്നാം സ്ഥാനത്തും, ലക്ഷ്യ അഞ്ചാം സ്ഥാനത്തും, രശ്മിക മന്ദാന ആറാം സ്ഥാനത്തുമുണ്ട്.
മലയാളികളുടെ പ്രിയതാരം കല്യാണി പ്രിയദർശനാണ് പട്ടികയിൽ ഏഴാം സ്ഥാനത്തെത്തിയത്. കല്യാണി നായികയായെത്തിയ ‘ലോക’ ഈ വർഷം വലിയ ചർച്ചയായിരുന്നു. ത്രിപ്തി ദിമ്രി, രുക്മിണി വസന്ത് എന്നിവർ എട്ടും ഒമ്പതും സ്ഥാനങ്ങളിലുണ്ട്. ‘കാന്താര: എ ലെജൻഡ്- ചാപ്റ്റർ വണ്ണി’ലെ നായകനും സംവിധായകനുമായ ഋഷഭ് ഷെട്ടിയാണ് ജനപ്രിയ താരങ്ങളിൽ പത്താം സ്ഥാനത്തെത്തിയത്



