Cinema

‘ലാൽ സലാമെന്ന പേര് അതിബുദ്ധി’; മോഹൻലാലിനെ ആദരിച്ച ചടങ്ങിനെ വിമർശിച്ച് ജയൻ ചേർത്തല

ആലപ്പുഴ: ദാദാസാഹേബ് ഫാൽക്കേ പുരസ്‌കാര ജേതാവ് മോഹൻലാലിനെ ആദരിക്കുന്നതിനായി കേരള സർക്കാർ സംഘടിപ്പിച്ച പരിപാടിയെ വിമർശിച്ച് നടനും അമ്മ വൈസ് പ്രസിഡന്റുമായ ജയൻ ചേർത്തല. ആദരിക്കൽ ചടങ്ങിന് ‘മലയാളം വാനോളം ലാൽസലാം’ എന്ന പേര് നൽകിയതിനെതിരെയാണ് ജയൻ ചേർത്തല രംഗത്തെത്തിയത്. പാര്‍ട്ടി തത്വങ്ങളുമായി ചേര്‍ത്തുകൊണ്ടുപോകാമെന്ന അതിബുദ്ധിയോടെയാണ് ‘ലാല്‍സലാം’ എന്ന് പേര് നല്‍കിയതെന്നും അദ്ദേഹം പറഞ്ഞു. ആലപ്പുഴയില്‍ കോണ്‍ഗ്രസിന്റെ സാംസ്‌കാരിക സംഘടനയായ സംസ്‌കാര സാഹിതിയുടെ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു നടൻ.

2014ൽ കേന്ദ്രത്തില്‍ ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെയാണ് രാജ്യത്ത് സാംസ്‌കാരിക കാഴ്ചപ്പാടുകള്‍ക്ക് മാറ്റംവന്നത്. അത് നല്ലതോ ചീത്തയോ എന്ന് നിങ്ങള്‍ക്ക് തീരുമാനിക്കാം. മനസുകൊണ്ട് എനിക്ക് അതിനോട് ചേർച്ചയില്ല. ഇന്ന് കേരളം ഭരിച്ചുകൊണ്ടിരിക്കുന്ന ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ എവിടെ പരിപാടി നടത്തിയാലും ഏറ്റവും കൂടുതല്‍ സ്റ്റേജില്‍ കാണുന്നത് സിനിമാ നടന്മാരെയാണ്. കേന്ദ്രവും ഇതുതന്നെയാണ് ആവർത്തിക്കുന്നത്.

ഒരു പരിപാടിയുടെ പേരിടുമ്പോള്‍ പോലും, ലാല്‍സലാം എന്ന് പേരിട്ടാല്‍ അതിനെ പാര്‍ട്ടിയുടെ തത്വങ്ങളുമായി ചേര്‍ത്തുകൊണ്ടുപോകാമെന്ന അതിബുദ്ധിയോടെയാണ് മുന്നോട്ടുപോകുന്നത്.ഒരു മെക്‌സിക്കന്‍ അപാരത എന്ന ചിത്രത്തില്‍ ചരിത്രം വളച്ചൊടിച്ചു. കൊച്ചിയിലെ മഹാരാജാസ് കോളേജില് നടന്ന സംഭവമാണ്. അവിടെയുണ്ടായിരുന്ന കെഎസ്‌യു പ്രവര്‍ത്തകന് ഇടതുപക്ഷ വിദ്യാര്‍ത്ഥി പ്രസ്ഥാനമായിരുന്ന എസ്എഫ്‌ഐയില്‍ നിന്ന് ഏറ്റ തിരിച്ചടിയുടെ കഥ വർണിക്കുന്ന സിനിമയായിരുന്നു ഒരു മെക്സിക്കൻ അപാരത.

കേരളം ഭരിക്കുന്നത് ഇടതുപക്ഷ പ്രസ്ഥാനമാണ്. അക്രമാസക്തരായ വിദ്യാർത്ഥി പ്രസ്ഥാനങ്ങള്‍ പുറത്തുനില്‍ക്കുന്നുണ്ട്, അതുകൊണ്ട് കോണ്‍ഗ്രസിനെ വില്ലനാക്കാം എന്ന് അവര്‍ കൂര്‍മബുദ്ധിയില്‍ ചിന്തിച്ചു. എന്ത് നടന്നോ സിനിമയില്‍ അത് നേരെ മറിച്ചിട്ടു. ജനങ്ങളുടെ മുന്നില്‍ സത്യവിരുദ്ധമായ കാര്യമാണ് എത്തിയത്’- ജയൻ ചേർത്തല പറഞ്ഞു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button