ഡീയസ് ഈറേ കാണാൻ പോകുന്നുണ്ടോ? മുന്നറിയിപ്പുമായി തിയറ്ററുകാർ

ഒക്ടോബർ 31ന് റിലീസ് ചെയ്ത ഹൊറർ ത്രില്ലർ ചിത്രമാണ് ഡീയസ് ഈറേ. പ്രണവ് മോഹൻലാലിനെ നായകനാക്കി രാഹുൽ സദാശിവൻ സംവിധാനം ചെയ്ത ചിത്രം പ്രേക്ഷകരും നിരൂപകരും ഒരുപോലെ സ്വീകരിച്ചു കഴിഞ്ഞു. ചിത്രം തിയറ്ററുകളിൽ മുന്നേറുന്നതിനിടെ പ്രേക്ഷകരോട് അഭ്യർത്ഥനയുമായി എത്തിയിരിക്കുകയാണ് കേരളത്തിലെ തിയറ്ററർ ഉടമകൾ. തിയറ്ററിൽ അനാവശ്യമായ ബഹളങ്ങൾ ഉണ്ടാക്കരുതെന്നാണ് ഇവർ ആവശ്യപ്പെടുന്നത്.
‘ഇതൊരു ഹൊറര്‍ സിനിമയാണ്. ദയവായി അനാവശ്യ ബഹളങ്ങള്‍ ഉണ്ടാക്കി ചിത്രത്തിന്‍റെ ശരിയായ ആശ്വാദനം തടസ്സപ്പെടുത്തരുത്’, എന്നാണ് തിയറ്റർ ഉടമകൾ പുറത്തിറക്കിയ നിർദ്ദേശം. ഡീയസ് ഈറേ പ്രദർശിപ്പിക്കുന്ന തിയറ്ററുകളിൽ നിലവിൽ ഇക്കാര്യം സ്ക്രീനിംഗ് ചെയ്യുന്നുണ്ട്. തൃശൂർ രാഗം, കോഴിക്കോട് അപ്സര തിയറ്റർ തുടങ്ങിവരെല്ലാം സോഷ്യൽ മീഡിയകളിൽ ഇക്കാര്യം പങ്കിട്ടിട്ടുണ്ട്. തിയറ്ററുകരുടെ ഈ പ്രസ്താവനെ സ്വാഗതം ചെയ്ത് നിരവധി പേരാണ് കമന്റുകൾ ചെയ്യുന്നത്. പലർക്കും ഹൊറർ സിനിമ കാണാൻ അറിയില്ലെന്നും അനാവശ്യമായ ബഹളങ്ങൾ ഉണ്ടാക്കി മറ്റുള്ളവരെ കൂടി ഡിസ്റ്റർബ് ചെയ്യുകയാണെന്നും ഇവർ പറയുന്നു.
പ്രേക്ഷകരെ ആദ്യാവസാനം ആകാംഷയുടെ മുൾമുനയിൽ നിര്‍ത്തുന്ന ഡീയസ് ഈറോയുടെ തിരക്കഥ ഒരുക്കിയതും സംവിധായകന്‍ രാഹുല്‍ ആണ്. ‘ദി ഡേ ഓഫ് റാത്ത്’ എന്നാണ് സിനിമയുടെ ടാഗ് ലൈന്‍. ‘ക്രോധത്തിൻ്റെ ദിനം’ എന്നാണിതിന് അര്‍ത്ഥം. നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസ്, വൈ നോട്ട് സ്റ്റുഡിയോസും ആണ് നിര്‍മാതാക്കള്‍. ഛായാഗ്രഹണം: ഷെഹ്‌നാദ് ജലാൽ ISC, കലാസംവിധാനം: ജ്യോതിഷ് ശങ്കർ, സംഗീത സംവിധായകൻ: ക്രിസ്റ്റോ സേവ്യർ, എഡിറ്റർ: ഷഫീക്ക് മുഹമ്മദ് അലി, സൗണ്ട് ഡിസൈനർ: ജയദേവൻ ചക്കാടത്ത്, സൗണ്ട് മിക്‌സ്: M R രാജാകൃഷ്ണൻ.



