പ്രണവിനൊപ്പമുള്ള ചിത്രം, ഒടുവിൽ ആരാധകരുടെ സംശയം തീർത്ത് കല്യാണി

നടൻ പ്രണവ് മോഹൻലാലിന് പിറന്നാൽ ദിനതത്തിൽ ആശംസകൾ നേർന്ന് കല്യാണി പ്രിയദർശൻ പങ്കുവച്ച ചിത്രം ഏറെ ശ്രദ്ധ നേടിയിരുന്നു. ‘എന്റെ എക്കാലത്തെയും സുഹൃത്തിന് പിറന്നാൾ ആശംസകൾ’ എന്നായിരുന്നു കല്യാണി പ്രിയദർശൻ പങ്കുവച്ച പിറന്നാൾ ആശംസകൾ. നടൻ ജാക്കി ഷ്‌റോഫിനെ ചേർത്തുപിടിച്ചിരിക്കുന്ന പ്രണവിന്റെയും തന്റെയും ഒരു അടിപൊളി ചിത്രമായിരുന്നു കല്യാണി പങ്കുവച്ചത്.
ചിത്രത്തിൽ മൊട്ടയടിച്ച ലുക്കിലായിരുന്നു കല്യാണി. എന്നാൽ ഇത് കല്യാണി തന്നെയാണോ എന്ന സംശയം ആരാധകർ ചോദിച്ചിരുന്നു. ഇപ്പോഴിതാ ആരാധകരുടെ ആ സംശയത്തിന് മറുപടിയുമായി എത്തിയിരിക്കുകയാണ് കല്യാണി. ‘കഴിഞ്ഞ പോസ്റ്റിൽ കണ്ട മൊട്ട ആരാണെന്ന് ചോദിച്ചവരോട്, അത് ഞാൻ തന്നെയാണ്’ – കല്യാണി സോഷ്യൽ മീഡിയയിൽ കുറിച്ചു.
പ്രണവിന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കളിൽ ഒരാളാണ് കല്യാണി. മോഹൻലാലും പ്രിയദർശനും തമ്മിലുള്ള ഹൃദയബന്ധം മലയാളികളെ പറഞ്ഞറിയിക്കേണ്ട കാര്യമില്ല. അത്രത്തോളം സൗഹൃദം തന്നെയാണ് പ്രണവിനും കല്യാണിക്കുമുള്ളത്. ഇരുവരുടെയും സൗഹൃദം പ്രണയമാണെന്ന തരത്തിലുള്ള ചർച്ചകളും അടുത്തിടെ നടന്നിരുന്നു. എന്നാൽ ഇതിലൊന്നും ഇരുവരും പ്രതികരിച്ചിരുന്നില്ല. പ്രണവിനെയും കല്യാണിയെയും കേന്ദ്ര കഥാപാത്രങ്ങളാക്കി പുറത്തിറങ്ങിയ ‘ഹൃദയം’ വലിയ ഹിറ്റായിരുന്നു.