അന്ന് തൃഷയെ പുച്ഛിച്ചു, ഇന്ന് എല്ലാ ഓഫറുകളും തൃഷ കൊണ്ട് പോകുന്നു

കരിയറിൽ നയൻതാരയുടെ ഇപ്പോഴത്തെ സാഹചര്യം സിനിമാ ലോകത്ത് ചർച്ചയാകുന്നുണ്ട്. മാർക്കറ്റിൽ ഇടിവ് വന്ന നയൻതാരയുടെ പ്രതിഛായയിലും മാറ്റം വന്നു. നടി ദേഷ്യക്കാരിയും അഹങ്കാരിയുമാണെന്ന് പരക്കെ അഭിപ്രായമുണ്ട്. ടെസ്റ്റ് ആണ് നയൻതാരയുടെ ഒടുവിൽ പുറത്തിറങ്ങിയ സിനിമ. നെറ്റ്ഫ്ലിക്സിലൂടെ പുറത്തിറങ്ങിയ ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്. റിലീസിന് മുമ്പേ ലേഡി സൂപ്പർസ്റ്റാർ എന്ന് വിളിക്കരുതെന്ന് നയൻതാര പ്രസ്താവന പുറത്ത് വിട്ടിരുന്നു. കരിയറിൽ നയൻതാര മോശം സമയം നേരിടുമ്പോൾ തൃഷ മുന്നേറുകയാണ്. നയൻതാരയ്ക്ക് ലഭിക്കേണ്ടിയിരുന്ന പല പ്രൊജക്ടുകളും ഇന്ന് തൃഷയ്ക്ക് ലഭിക്കുന്നു എന്നാണ് അഭിപ്രായം.
ഒരിക്കൽ തൃഷയെ പുച്ഛിച്ചയാളാണ് നയൻതാര. കോളിവുഡിലെ മികച്ച നടിമാർ ആരെന്ന് ചോദിച്ചപ്പോൾ അങ്ങനെ ആരും ഇല്ലെന്നാണ് നയൻതാര പറഞ്ഞത്. അതിന് മുമ്പ് ഒരു അഭിമുഖത്തിൽ തൃഷയുമായി തനിക്ക് സൗഹൃദമില്ലെന്നും താൻ നമ്പർ വൺ നായികയായതിന്റെ അസൂയ പലർക്കുമുണ്ടെന്നും നയൻതാര പറയുകയുണ്ടായി. ഏകദേശം ഒരേ കാലഘട്ടത്തിൽ സിനിമാ രംഗത്ത് താരമായവരാണ് നയൻതാരയും തൃഷയും. മുമ്പ് പാർട്ടികളിലും മറ്റു ഇവരെ ഒരുമിച്ച് കാണാറുണ്ടായിരുന്നു. എന്നാൽ ഇപ്പോൾ ഇവർ സൗഹൃദത്തിലാണോ എന്ന് വ്യക്തമല്ല.

തൃഷയും ശ്രിയ ശരണും നിങ്ങളും സുഹൃത്തുക്കളാണല്ലോ എന്ന് ഒരു അഭിമുഖത്തിൽ ആങ്കർ പറഞ്ഞപ്പോൾ നയൻതാര തിരുത്തി. ഫ്രണ്ട്സ് ആണെന്ന് പറയാൻ പറ്റില്ല. കാരണം ഫ്രണ്ട്സെന്നത് വലിയ കാര്യമാണ്. അവർക്ക് വേണ്ടി അത് ഉപയോഗിക്കാൻ പറ്റില്ല. രണ്ട് സ്ത്രീകൾ തമ്മിൽ ചേരില്ല എന്ന് പറയാറില്ലേ. അത് തന്നെയാണ്. അല്ലാതെ വലിയ പ്രശ്നമൊന്നുമില്ല. എന്താണ് പ്രശ്നമെന്ന് എനിക്കറിയില്ല. ഇപ്പോഴും എനിക്കൊരു പ്രശ്നവുമില്ല. പക്ഷെ മറ്റുള്ളവർക്ക് പ്രശ്നമുണ്ടെങ്കിൽ ഞാൻ അവരോട് സംസാരിക്കില്ലെന്നും നയൻതാര പറഞ്ഞു.
മുമ്പൊരിക്കൽ നയൻതാരയെയും തൃഷയെയും നായികമാരാക്കി ഒരു സിനിമയുടെ ചർച്ചയും നടന്നിരുന്നു. 2022 ൽ പുറത്തിറങ്ങിയ കാത്ത് വാക്ക്ല രണ്ട് കാതൽ എന്ന സിനിമയിലാണ് രണ്ട് പേരെയും പരിഗണിച്ചത്. നയൻതാരയുടെ ഭർത്താവ് വിഘ്നേശ് ശിവനാണ് ഈ സിനിമയുടെ സംവിധായകൻ. ചിത്രത്തിൽ നിന്നും തൃഷ അവസാന ഘട്ടത്തിൽ പിന്മാറുകയാണുണ്ടായത്. പകരം സമാന്ത അഭിനയിച്ചു. പിന്മാറിയതിന് കാരണം എന്തെന്ന് തൃഷ വ്യക്തമാക്കിയിട്ടില്ല. തന്റെ കഥാപാത്രത്തിന് പ്രാധാന്യമുണ്ടാവില്ലേ എന്ന സംശയം തൃഷയ്ക്കുണ്ടായിരുന്നെന്ന് വിഘ്നേശ് ശിവൻ പറഞ്ഞിട്ടുണ്ട്.