Cinema

പണി’ എന്ന സിനിമയിൽ തനിക്കു വേണ്ടി ‘പണി’ ഏറ്റുവാങ്ങിയ ആളിന്റെ ചിത്രം പങ്കുവച്ച് നടൻ സാഗർ സൂര്യ

പണി’ എന്ന സിനിമയിൽ തനിക്കു വേണ്ടി ‘പണി’ ഏറ്റുവാങ്ങിയ ആളിന്റെ ചിത്രം പങ്കുവച്ച് നടൻ സാഗർ സൂര്യ. നടൻ ജോജു ജോർജ് ആദ്യമായി സംവിധാനം ചെയ്ത ‘പണി’യുടെ ക്ലൈമാക്സിൽ വില്ലന്മാരായ ഡോണിനെയും സിജുവിനെയും ക്രൂരമായി കൊല്ലുന്ന രംഗം ഏവരെയും ഞെട്ടിച്ചിരുന്നു. ഇടിച്ചു ചതച്ച് കണ്ണുകൾ വീങ്ങി കൃഷ്ണമണി പുറത്തേക്കു തള്ളിയ നിലയിൽ കയറിൽ തൂക്കിയിട്ടിരുന്ന ഡോണിനെയും സിജുവിനെയും തോട്ടപൊട്ടിച്ച് കൊല്ലുന്നതായാണ് കാണിക്കുന്നത്. ഒറിജിനൽ വില്ലന്മാരെ വെല്ലുന്ന ഡമ്മിയാണ് ഇതിനായി അണിയറക്കാർ ഉപയോഗിച്ചത്.

തനിക്കു വേണ്ടി പണി ഏറ്റുവാങ്ങിയ ഡമ്മിയെ അവസാനമായി ആലിംഗനം ചെയ്തു നന്ദി പറഞ്ഞാണ് ക്ലൈമാക്സിലെ ഷൂട്ടിങ് രംഗങ്ങൾ സാഗർ പങ്കുവച്ചത്. ‘‘നീയാരാ ഡോണാ? അതേന്നെ, ഇവൻ തന്നെയാണാ ഡോൺ, ഗിരിയേട്ടന്റെ ‘പണി’ ശരിക്കും കിട്ടിയ ഡോൺ സെബാസ്റ്റ്യൻ. നന്ദിയുടെ പുഞ്ചിരിയോടെ ഞാൻ അവനെ അവസാനമായി ആലിംഗനം ചെയ്തു. അവൻ നിശബ്ദമായി എനിക്ക് നേരെ വന്ന പണി ഏറ്റുവാങ്ങിയപ്പോൾ ഞാൻ പണിക്ക് ശേഷമുള്ള എന്റെ സ്വപ്നതുല്യമായ ജീവിതത്തിലേക്ക് കാലെടുത്തുവച്ചു. ഞങ്ങളുടെ ജീവിതത്തെ മാറ്റിമറിച്ച ഒരു മാസ്റ്റർപീസ് നൽകിയ ജോജു ചേട്ടനോട് എന്നെന്നും നന്ദിയും കടപ്പാടുമുണ്ട്.’’–സാഗർ സൂര്യ കുറിച്ചു.

സിനിമയുടെ പേര് സൂചിപ്പിക്കുന്നതുപോലെ നായകനു ‘പണി’ കിട്ടുന്നതും കിട്ടുന്ന ‘പണി’ ഇരട്ടിയായി നായകൻ തിരിച്ചുകൊടുക്കുന്നതുമാണ് ജോജു സംവിധാനം ചെയ്ത പണി എന്ന ചിത്രം പറഞ്ഞത്. റിവഞ്ച് ത്രില്ലറായി എത്തിയ സിനിമയിൽ പ്രധാന വില്ലന്മാരായി എത്തിയത് ബിഗ് ബോസ് താരങ്ങളായ പുതുമുഖം ജുനൈസ് വിപിയും സാഗർ സൂര്യയുമായിരുന്നു.

സാഗർ സൂര്യ മഴവിൽ മനോരമയുടെ ‘തട്ടീം മുട്ടീം’ എന്ന പരമ്പരയിലൂടെയാണ് അഭിനയ രംഗത്തെത്തുന്നത്. ‘കുരുതി’ എന്ന ചിത്രത്തിലൂടെ സിനിമയിലെത്തിയ താരം കാപ്പ, ജനഗണമന തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. ‘പണി’യുടെ ആദ്യാന്ത്യം നായകന് പണി കൊടുത്തുകൊണ്ടിരിക്കുന്ന വില്ലൻ കഥാപാത്രങ്ങളായി സാഗറും ജുനൈസും മികവുറ്റ പ്രകടനമാണ് കാഴ്ചവച്ചത്. പ്രേക്ഷകർക്ക് ഏറെ അറപ്പും വെറുപ്പും തോന്നുന്ന കഥാപാത്രങ്ങളായി എത്തിയ ഇരുവർക്കും തുടക്കക്കാരെന്ന നിലയിൽ വലിയ അവസരമാണ് ‘പണി’യിലൂടെ ലഭിച്ചത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button