‘ആളുകൾ എന്നെ പതിയെ മറന്നു; സോഷ്യൽ മീഡിയയിൽ നിന്നും മുഴുവൻ സമയത്തേക്ക് മാറി നിൽക്കുകയാണെന്ന്; നടി ഐശ്വര്യലക്ഷ്മി

സോഷ്യൽ മീഡിയയിൽ നിന്നും മുഴുവൻ സമയത്തേക്ക് മാറി നിൽക്കുകയാണെന്ന് അറിയിച്ച് നടി ഐശ്വര്യലക്ഷ്മി. ഒരു കലാകാരി എന്ന നിലയിൽ മറ്റുള്ളവരുമായി ബന്ധപ്പെടാനാണ് താൻ ആദ്യം സോഷ്യൽ മീഡിയ ഉപയോഗിച്ചതെന്നും ഐശ്വര്യ പങ്കുവെക്കുന്നു, എന്നാൽ അതിന്റെ അപകട സാദ്ധ്യതകൾ മനസ്സിലാക്കിയതോടെ താമസിയാതെ തന്നെ അത് നിയന്ത്രിക്കാൻ തുടങ്ങിയെന്നും താരം പറയുന്നു. ഒരു നീണ്ട കുറിപ്പിലൂടെ ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെയാണ് നടി ഇക്കാര്യം അറിയിച്ചത്.
എന്റെ ജോലി തുടർന്നുകൊണ്ടുപോകുന്നതിന് സഹായകമാകും എന്ന തോന്നലിലാണ് സോഷ്യൽ മീഡിയ അത്യാവശ്യമാണെന്ന ആശയത്തെ ഞാൻ അംഗീകരിച്ചിരുന്നത്. ജോലി ചെയ്യുന്ന ഇൻഡസ്ട്രിയുടെ സ്വഭാവം പരിഗണിച്ച്, കാലത്തിനനുസരിച്ച് മാറേണ്ടത് അത്യാവശ്യമാണെന്ന് ഞാൻ വിചാരിച്ചു. പക്ഷേ എന്നെ സഹായിക്കാൻ വേണ്ടി പിന്തുടർന്ന ആ സംഗതി എങ്ങനെയോ എല്ലാ പരിധികളും ലംഘിച്ച് എന്നെ നിയന്ത്രിക്കുന്ന ഒന്നായി മാറി.അത് എന്റെ ജോലിയെയും ഗവേഷണത്തെയും പൂർണമായും വഴിതിരിച്ചുവിട്ടു.

എന്റെ എല്ലാ സ്വാഭാവികമായ ചിന്തകളും അത് കവർന്നെടുത്തു, എന്റെ ഭാഷയെയും വാക്കുകളെയും മോശമായി ബാധിച്ചു, ഒപ്പം എന്റെ എല്ലാ ചെറിയ ചെറിയ സന്തോഷങ്ങളെയും അത് ഇല്ലാതാക്കി.ഒരു ‘സൂപ്പർനെറ്റി’ന്റെ താൽപ്പര്യങ്ങൾക്കായി പ്രവർത്തിക്കാനും എല്ലാവരെയും പോലെ ഒരേ അച്ചിൽ എന്നെയും വാർത്തെടുക്കാനും ഞാൻ ആഗ്രഹിക്കുന്നില്ല. ഒരു സ്ത്രീ എന്ന നിലയിൽ ഒരുപാട് പരിശ്രമിച്ചാണ് സോഷ്യൽ മീഡിയയുടെ മോശം വശം മനസ്സിലാക്കുകയും ഇത് എന്നെ കൺട്രോൾ ചെയ്യുന്നത് തടയാൻ പരിശീലിക്കുകയും ചെയ്തത്.
കുറേ നാളുകളായി എന്റെ മനസ്സിൽ രൂപപ്പെട്ട ഒരു കാര്യമാണിത്. ഇന്നത്തെ കാലത്ത് ‘ഗ്രാമി’ൽ ഇല്ലാത്തവരെ ആളുകൾ പതിയെ മറക്കും എന്നറിയാമെങ്കിലും ആ റിസ്ക് ഏറ്റെടുക്കാൻ ഞാൻ തയാറാണ്.അതുകൊണ്ട്, എന്നിലെ കലാകാരിയെയും എന്നിലെ കൊച്ചു പെൺകുട്ടിയെയും അവളുടെ നിഷ്കളങ്കതയോടും മൗലികതയോടും നിലനിർത്താൻ പൂർണമായും സോഷ്യൽമീഡിയയിൽ നിന്ന് വിട്ടുനിൽക്കുക എന്ന ശരിയായ കാര്യം ചെയ്യാൻ ഞാൻ തീരുമാനമെടുക്കുകയാണ്.
ഇതിലൂടെ എനിക്ക് കൂടുതൽ അർഥവത്തായ ബന്ധങ്ങളും സിനിമയും ജീവിതത്തിൽ ഉണ്ടാക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു. നല്ല സിനിമകൾ ചെയ്യുകയാണെങ്കിൽ ഇനിയും എനിക്ക് പഴയതുപോലെ സ്നേഹം വാരിക്കോരി തരാൻ മറക്കരുത്. സസ്നേഹം, ഐശ്വര്യ ലക്ഷ്മി.- താരം കുറിച്ചു.