Cinema

‘ആ സിനിമയുടെ ഓഫർ വന്നപ്പോൾ അഭിനയം നിർത്താൻ രക്ഷിത്‌ നിർബന്ധിച്ചു, ചുംബനരംഗം പ്രശ്‌നമായി’- ഓഡിയോ പുറത്ത്

ആരാധകർ കാത്തിരുന്ന താരവിവാഹമായിരുന്നു വിജയ്ദേവരകൊണ്ടയുടെയും രശ്‌മികമന്ദാനയുടെയും വിവാഹം. സ്വകാര്യ ചടങ്ങായാണ് വിവാഹം നടന്നതെങ്കിലും അതിന്റെ ഭാഗമായ ആഘോഷങ്ങളും ആരവങ്ങളും ഇപ്പോഴും അവസാനിച്ചിട്ടില്ല. വിവാഹവാർത്തകൾ പ്രചരിച്ചതിനു പിന്നാലെതന്നെ രശ്‌മികയുടെ മുൻപ്രണയത്തെക്കുറിച്ചുള്ള വാർത്തകളും വലിയ രീതിയിൽ ചർച്ചയായിരുന്നു. ഇപ്പോഴിതാ, അതുമായി ബന്ധപ്പെട്ടൊരു ഓഡിയോ ആണ് പുറത്തുവന്നിരിക്കുന്നത്.

രശ്‌മിക മന്ദാനയുടെ അമ്മ സുമൻ മന്ദാനയുടേതെന്ന് അവകാശപ്പെടുന്ന ഓഡിയോയാണ് പുറത്തുവന്നിരിക്കുന്നത്. തെലുങ്കിലെ സിനിമാ മാദ്ധ്യമപ്രവർത്തകന്റെ യൂട്യൂബ് ചാനലിലാണ് ഓഡിയോ പ്രത്യക്ഷപ്പെട്ടത്. നടൻ രക്ഷിത് ഷെട്ടിയുമായി ഉറപ്പിച്ചിരുന്ന വിവാഹം മുടങ്ങാനുള്ള കാരണത്തെക്കുറിച്ചാണ് ഓഡിയോയിൽ വിശദീകരിക്കുന്നത്.രശ്‌മികയ്‌ക്ക് 21 വയസുള്ളപ്പോഴാണ് രക്ഷിത് ഷെട്ടിയുമായുള്ള വിവാഹം ഉറപ്പിച്ചതെന്ന് അമ്മയുടേതെന്ന പേരിൽ പ്രചരിക്കുന്ന ശബ്‌ദശകലത്തിൽ പറയുന്നു.

അന്ന് രക്ഷിതിന് 35 വയസുണ്ടായിരുന്നെന്നും ഇരുവരും തമ്മിലുള്ള പ്രായവ്യത്യാസം പോലും തങ്ങൾ പ്രശ്‌നമാക്കിയില്ലെന്നും അവർ പറയുന്നുണ്ട്. എന്നാൽ, ചെറിയ കാര്യങ്ങൾക്കുപോലും രക്ഷിത് ഷെട്ടി വലിയ പ്രശ്‌നമുണ്ടാക്കുകയും രശ്‌മികയെ അനാവശ്യമായി നിയന്ത്രിക്കുകയും ചെയ്യും. വലിയ താരങ്ങൾക്കൊപ്പം രശ്‌മിക അഭിനയിക്കുന്നത് രക്ഷിത് ഷെട്ടിക്ക് സഹിക്കാൻ പറ്റിയിരുന്നില്ലെന്നും അവർ ആരോപിക്കുന്നു.’ഗീതാഗോവിന്ദം’ ഓഫർ വന്നപ്പോൾ സിനിമ വിടാൻ രക്ഷിത് ഷെട്ടി നിർബന്ധിച്ചു. ട്വിറ്ററിലൂടെ സിനിമ വിടുകയാണെന്ന് പരസ്യമായി പ്രഖ്യാപിക്കാൻ രക്ഷിതും അടുപ്പക്കാരും സമ്മർദം ചെലുത്തി.

ചിത്രത്തിലെ ചുംബനരംഗം സോഷ്യൽമീഡിയയിൽ പ്രചരിച്ചതിന് പിന്നാലെ പ്രശ്‌നം രൂക്ഷമായി. രക്ഷിതിന്റെ സ്വഭാവം ആകെ മാറി. രശ്‌മികയുടെ അഭിനയം അവസാനിപ്പിച്ച ശേഷം വിവാഹം ചെയ്‌ത് വീട്ടിലിരുത്താനായിരുന്നു അവരുടെ പദ്ധതി. ഒരു ദിവസം പുലർച്ചെ രണ്ടുമണിക്ക് രക്ഷിത് ഷെട്ടിയും മാനേജരും വിളിച്ചു. ഹൈദരാബാദിൽ നിന്ന് പുലർച്ചെ വണ്ടിയോടിച്ച് നടനെ കാണാൻ ചെല്ലാൻ ആവശ്യപ്പെട്ടു. മകളുടെ സുരക്ഷയെച്ചൊല്ലി ഞാൻ അതിനനുവദിച്ചില്ല’-

സുമൻ മന്ദാനയുടേതെന്ന പേരിലുള്ള ഓഡിയോയിൽ അവകാശപ്പെടുന്നു.2016-ൽ ഋഷഭ് ഷെട്ടി സംവിധാനം ചെയ്‌ത കന്നഡ ചിത്രമായ കിറിക് പാർട്ടിയിലൂടെയാണ് രശ്‌മിക അഭിനയത്തിലേക്ക് അരങ്ങേറ്റം കുറിച്ചത്. ചിത്രത്തിലെ നായകനായ രക്ഷിത് ഷെട്ടിയുമായി പ്രണയത്തിലായതിനുപിന്നാലെ 2017ൽ ഇരുവരും തമ്മിലുള്ള വിവാഹം നിശ്ചയം കഴിഞ്ഞു. തുടർന്ന് ഒരുവർഷം പൂർത്തിയായപ്പോഴേക്കും ഇരുവരും ബന്ധം അവസാനിപ്പിച്ചതായി പ്രഖ്യാപിക്കുകയായിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button