Cinema

‘ഈ ഫോട്ടോ ഒക്കെ കാണുമ്പോഴാണ്; മോഹന്‍ലാലിന്‍റെ വലിയ മിസ്’! ആ സംവിധായകനൊപ്പം സിനിമ സംഭവിച്ചെങ്കില്‍ എന്ന് ആരാധകര്‍

മലയാളത്തില്‍ ഏറ്റവും ആരാധകരുള്ള താരം ആരെന്ന ചോദ്യത്തിന് പ്രേക്ഷക മനസുകളില്‍ ആദ്യം കടന്നുവരുന്ന പേരാണ് മോഹന്‍ലാലിന്‍റേത്. സിനിമകളുടെ ബോക്സ് ഓഫീസ് പ്രകടനങ്ങളും ഓണ്‍ സ്ക്രീനിലും ഓഫ് സ്ക്രീനിലും അദ്ദേഹത്തിന് ലഭിക്കാറുള്ള കൈയടികളും കാണുമ്പോള്‍ മലയാളത്തിലെ ഏറ്റവും വലിയ ക്രൗഡ് പുള്ളര്‍ അദ്ദേഹമാണെന്ന് മനസിലാക്കാന്‍ പ്രയാസമില്ല.

സിനിമകള്‍ കാര്യമായി ശ്രദ്ധിക്കപ്പെടാതിരുന്ന ചില തുടര്‍ വര്‍ഷങ്ങള്‍ക്ക് ശേഷം മോഹന്‍ലാല്‍ ഇരട്ടി ശക്തിയോടെ ബോക്സ് ഓഫീസിലേക്ക് തിരിച്ചെത്തിയ വര്‍ഷമായിരുന്നു 2025. അദ്ദേഹത്തിന്‍റെ മൂന്ന് ചിത്രങ്ങളാണ് കഴിഞ്ഞ വര്‍ഷം തിയറ്ററുകളില്‍ ആളെ കൂട്ടിയത്. എമ്പുരാന്‍, തുടരും, ഹൃദയപൂര്‍വ്വം എന്നിവയായിരുന്നു ആ ചിത്രങ്ങള്‍. ഇനി വരാനിരിക്കുന്ന പ്രോജക്റ്റുകള്‍ തെരഞ്ഞെടുക്കുന്നതില്‍ അദ്ദേഹം കൂടുതല്‍ ശ്രദ്ധ പുലര്‍ത്തുന്നുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.

സമീപകാലത്ത് പല യുവസംവിധായകരുടെ പേരുകളും മോഹന്‍ലാലിനൊപ്പം ചേര്‍ത്ത് പ്രചരിക്കപ്പെട്ടിട്ടുണ്ട്. അതില്‍ പ്രേക്ഷകര്‍ ഏറ്റവുമധികം സംഭവിക്കണമെന്ന് ആഗ്രഹിച്ച ഒരു കൂട്ടുകെട്ട് ഉണ്ടായിരുന്നു. ഇപ്പോഴിതാ ആ സംവിധായകനും മോഹന്‍ലാലും ഒന്നിക്കണമെന്ന തങ്ങളുടെ ആഗ്രഹം സോഷ്യല്‍ മീഡിയയിലൂടെ വീണ്ടും അറിയിക്കുകയാണ് സിനിമാപ്രേമികള്‍.

ആവേശവും രോമാഞ്ചവും ഒരുക്കിയ ജിത്തു മാധവനും മോഹന്‍ലാലും ഒരുമിക്കുന്ന ഒരു ചിത്രത്തിന് വേണ്ടിയാണ് മോഹന്‍ലാല്‍ ആരാധകര്‍ കാത്തിരിക്കുന്നത്. ഈ കൂട്ടുകെട്ട് സംഭവിക്കാന്‍ പോകുന്നുവെന്ന് ഒരു സമയത്ത് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ മാസങ്ങള്‍ക്ക് ഇപ്പുറം ആ പ്രോജക്റ്റ് ഉടനില്ലെന്നും നടക്കില്ലെന്നുമൊക്കെ വ്യത്യസ്ത റിപ്പോര്‍ട്ടുകളും എത്തി.

കഴിഞ്ഞ വാരം താടിയെടുത്ത്, കട്ടി മീശ മാത്രം വച്ചുള്ള പുതിയ ഗെറ്റപ്പില്‍ മോഹന്‍ലാലിന്‍റെ ചിത്രങ്ങള്‍ വൈറല്‍ ആയതിന് പിന്നാലെയാണ് ആരാധകര്‍ ജിത്തു മാധവന്‍ ചിത്രം സംഭവിക്കണമെന്നുള്ള ആഗ്രഹം അറിയിച്ച് സോഷ്യല്‍ മീഡിയയില്‍ വീണ്ടും പോസ്റ്റുകള്‍ ഇടാന്‍ തുടങ്ങിയത്. വൈറ്റ് കളര്‍ ഫുള്‍ സ്ലീവ് ഷര്‍ട്ട് ധരിച്ചുകൊണ്ട് ചിരിച്ച് നില്‍ക്കുന്ന മോഹന്‍ലാലിന്‍റെ ഒരു പുതിയ ചിത്രമാണ് അത്തരം പോസ്റ്റുകളില്‍ ഏറ്റവുമധികം പ്രത്യക്ഷപ്പെട്ടത്.

ഇതിനൊപ്പം ആവേശത്തിലെ ഫഹദ് ഫാസിന്‍റെ ഗെറ്റപ്പിലേക്ക് മോഹന്‍ലാലിനെ ചേര്‍ത്തുള്ള എഐ എഡിറ്റുകളും ധാരാളമായി പ്രചരിച്ചു. പുതിയ ഗെറ്റപ്പില്‍ മോഹന്‍ലാല്‍ ഒരു ഔട്ട് ആന്‍ഡ് ഔട്ട് മാസ് ചിത്രം ചെയ്താല്‍ നന്നാവുമെന്നാണ് ആരാധകരുടെ അഭിപ്രായം. ആ ആഗ്രഹമാണ് അവര്‍ പങ്കുവെക്കുന്നത്. എന്നെങ്കിലും സംഭവിക്കുമെങ്കില്‍ വന്‍ പ്രീ റിലീസ് ഹൈപ്പ് ലഭിക്കുന്ന കൂട്ടുകെട്ടും ആയിരിക്കും ജിത്തു മാധവന്‍- മോഹന്‍ലാല്‍.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button