ദിലീപ് ചിത്രത്തിലൂടെ രഞ്ജിത്തിന്റെയും ചിപ്പിയുടെയും ജീവിതത്തിൽ സംഭവിച്ചത്’

മലയാളത്തിൽ ഹിറ്റ് സിനിമകൾ സമ്മാനിച്ച നിർമാതാവാണ് എം രഞ്ജിത്ത്. അദ്ദേഹത്തിന്റെ ഭാര്യയും നടിയുമായ ചിപ്പി രഞ്ജിത്തിനും നിറയെ ആരാധകരുണ്ട്. സിനിമയിലൂടെ അഭിനയരംഗത്തെത്തിയ ചിപ്പി ഇപ്പോൾ സീരിയൽ രംഗത്തും സജീവമാണ്. തന്റെ സിനിമാജീവിതം കഷ്ടപ്പാടുകൾ നിറഞ്ഞതായിരുന്നുവെന്ന് രഞ്ജിത്ത് തന്നെ പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട്.
സിനിമകൾ പരാജയപ്പെട്ടതോടെ പല നിർമാതാക്കളും അവരുടെ പുതിയ പ്രോജക്ടുകളുടെ പൂജകൾക്കും മറ്റുചടങ്ങുകൾക്കും ക്ഷണിക്കാതെയായിട്ടുണ്ടെന്നും രഞ്ജിത്ത് പറഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ നടനും സംവിധായകനുമായ ആലപ്പി അഷ്റഫ് രഞ്ജിത്തിന്റെ ജീവിതത്തിൽ സംഭവിച്ച കാര്യങ്ങൾ പറയുകയാണ്.’സിനിമയിൽ ആർക്കും ആരോടും സ്ഥിരമായ സ്നേഹമോ കടപ്പാടോ ഒന്നുംതന്നെ ഉണ്ടാകില്ല. രഞ്ജിത്ത് ആദ്യമായി നിർമിച്ച രണ്ട് സിനിമകളും വൻവിജയമായിരുന്നു. അങ്ങനെ ഹിറ്റ് സിനിമകൾ മലയാളത്തിന് തുടർച്ചയായി സമ്മാനിച്ചു. എന്നാൽ പിന്നീട് നിർമിച്ച സിനിമകൾ പരാജയമായിരുന്നു.
ഇതോടെ അദ്ദേഹം നിർമാതാവെന്ന ലേബൽ മാറ്റി പ്രൊഡക്ഷൻ കൺട്രോളറായി സിനിമയിൽ തുടരുകയായിരുന്നു. അന്നും മമ്മൂട്ടി രഞ്ജിത്തിനോട് പറഞ്ഞത് വലിയൊരു നിർമാതാവാകുമെന്നാണ്.1991ലാണ് അദ്ദേഹം ആദ്യചിത്രം നിർമിക്കുന്നത്. 1993ലാണ് ചിപ്പി അഭിനയരംഗത്തേക്ക് കടന്നുവരുന്നത്. ആദ്യകാലങ്ങളിൽ ചിപ്പിക്ക് മലയാള സിനിമയേക്കാൾ പേരും പ്രശസ്തിയും നേടാനായത് കന്നഡ സിനിമയിൽ നിന്നുമായിരുന്നു. അവിടെ ചിപ്പി അറിയപ്പെട്ടത് ശില്പ എന്ന പേരിലായിരുന്നു. വിനയൻ സംവിധാനം ചെയ്ത ദിലീപ് ചിത്രം കല്യാണസൗഗന്ധികത്തിൽ ചിപ്പിയും രഞ്ജിത്തും പ്രവർത്തിച്ചിരുന്നു.
അവിടെവച്ചാണ് അവർ പ്രണയത്തിലാകുന്നത്. തുടർന്ന് വിവാഹവും കഴിച്ചു. അതോടെയാണ് അവരുടെ ജീവിതം മാറിമറിയുന്നത്.കഷ്ടപ്പാടുകൾ അനുഭവിച്ച് വിജയത്തിലേക്കെത്തിയതുകൊണ്ടുതന്നെ സഹപ്രവർത്തകരുടെ കഷ്ടപ്പാടുകൾ മനസിലാക്കുന്ന ദമ്പതിമാരാണ് ഇരുവരും. അതിനാൽതന്നെ കൊവിഡ് കാലത്ത് തന്റെ കമ്പനിയിലെ ജീവനക്കാർക്ക് 5000 രൂപ രഞ്ജിത്ത് സൗജന്യമായി കൊടുത്തു. ഈ വിവരം പണം കൈപ്പറ്റിയവർ തന്നെയാണ് പുറത്തുവിട്ടത്. അല്ലാതെ രഞ്ജിത്തോ ചിപ്പിയോ അല്ല. അഭിനയരംഗത്ത് വർഷങ്ങൾ കഴിഞ്ഞിട്ടും യാതൊരു വിവാദങ്ങളിലോ ഗോസിപ്പുകളിലോ ചിപ്പിയും അകപെട്ടിട്ടില്ല. എല്ലാവർഷവും മുടങ്ങാതെ ആറ്റുകാൽ പൊങ്കാല ഇടുന്ന സിനിമാ നടി കൂടിയാണ് ചിപ്പി’- ആലപ്പി അഷ്റഫ് പറഞ്ഞു.



